കൊച്ചി: മലയാളികളുടെ പത്തോണത്തിന് ഇന്ന് തുടക്കമാകുന്നു. ഓണവരവ് അറിയിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. പത്ത് ദിവസം കഴിഞ്ഞാൽ മലയാളികൾക്ക് പൊന്നോണം. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. ആഘോഷങ്ങൾക്കായി തൃപ്പൂണിത്തുറയും സമീപ പ്രദേശങ്ങളും ഒരുങ്ങി. വിദേശികൾ അടക്കം നാനാ ഭാഗങ്ങളിൽ നിന്നും ഘോഷയാത്രയിൽ പങ്കെടുക്കാനും കാണാനും ആയി ആളുകൾ എത്തി.

വാദ്യമേളങ്ങളുടെയും അലങ്കാരങ്ങളുടെയും ദൃശ്യചാരുതയോടും കൂടി ഘോഷയാത്രയ്ക്ക് തുടക്കമായി. രാവിലെ ഒമ്പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യ്തു. തുടർന്ന് ഘോഷയാത്ര തുടങ്ങി. നഗരത്തെ ചുറ്റുന്ന ഘോഷയാത്ര രണ്ട് മണിയോടെ അത്തം നഗറിൽ സമാപിക്കും. കേരളത്തിന്റെ സാംസ്‌കാരികത്തനിമ നിറഞ്ഞ ദൃശ്യങ്ങളും കലാപരിപാടികളും ഘോഷയാത്രയിൽ നിരക്കും.

കൊച്ചി രാജ്യത്തിന്റെ ദേശീയോത്സവമായിരുന്നു അത്തംനാളിൽ രാജ്യത്തിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറയിൽ അരങ്ങേറിയിരുന്ന അത്തച്ചമയഘോഷയാത്ര. പിന്നീട് അനുസ്മരണമായി അത്തംനാളിൽ തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര ഇപ്പോഴും മുടങ്ങാതെ നടത്തിവരുന്നു.

ഇന്ന് ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ് അത്തച്ചമയം. തൃക്കാക്കര വാമന ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപതാക ഉയർത്തിയതോടെ ആഘോഷത്തിന് തുടക്കമായി. ചമയഘോഷയാത്രയും അതിനോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളുമാണ് ഇപ്പോൾ അത്തച്ചമയത്തിൽ കാണികളെ ത്രസിപ്പിക്കുന്നത്. കാഴ്ചയ്ക്ക് വിസ്മയം സമ്മാനിക്കുന്ന തൃപ്പൂണിത്തുറയിലെ അത്തചമയ ഘോഷയാത്ര കാണാൻ നാനാഭാഗത്തുനിന്നും വിദേശികളടക്കമുള്ളവർ ഒഴുകിയെത്തുന്നു. കേരളത്തിലെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയം.