- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചടങ്ങുകൾ വെട്ടിച്ചുരുക്കി, തൃശ്ശൂർ പൂരം സമാപിച്ചു; ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും തുടർന്നുള്ള ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ പൂർത്തിയാക്കി; നേരത്തെ അവസാനിപ്പിച്ചത് അപകടത്തെത്തുടർന്ന്; അടുത്ത പൂരം 2022 മെയ് പത്തിന്
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. അടുത്തവർഷം പൊലിമയിൽ പൂരം നടത്താനാകുമെന്ന പ്രതീക്ഷയിൽ ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചത്. ഇന്നലെ അർധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആഘോഷം കുറച്ച് നടത്തിയ തൃശ്ശൂർ പൂരം വെട്ടിച്ചുരുക്കിയത്.
ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശ്ശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നള്ളും എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് 15 ആനകളെ വച്ചു നടത്താനിരുന്ന എഴുന്നള്ളത്ത് ഒരാനയെവച്ച് നടത്തി.
മേളത്തിന്റെ സമയവും വാദ്യക്കാരുടെ എണ്ണവും കുറച്ച് എഴുന്നള്ളിയ ഭഗവതിമാർ ശ്രീമൂലം സ്ഥാനത്ത് വന്ന് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് തൃശ്ശൂർ പൂരത്തിന് സമാപനമായത്. അടുത്ത തൃശ്ശൂർ പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമാണം ഈ പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത തൃശ്ശൂർ പൂരം. മെയ് പതിനൊന്നിനായിരിക്കും പകൽപ്പൂരം.
മുപ്പതുകൊല്ലത്തിലേറെയായി തൃശ്ശൂർ പൂരം നടത്തിപ്പിനും തിരുവമ്പാടി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ച പൂച്ചെട്ടി സ്വദേശി രമേശനും, പൂങ്കുന്നം സ്വദേശിയായ പനയത്ത് രാധാകൃഷ്ണനുമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതർ പറയുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം ദേവസ്വം ചർച്ച ചെയ്യുമെന്നും ദേവസ്വം വ്യക്തമാക്കി.
തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ പൂച്ചെട്ടി സ്വദേശിയായ രമേശൻ, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണൻ എന്നിവർ മരിച്ചു. പഞ്ചവാദ്യക്കാർക്ക് മേൽ കൂറ്റൻ ആൽമരത്തിന്റെ ശാഖ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
25 പേർക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂർ സമയമെടുത്താണ് ഫയർഫോഴ്സ് ആൽമരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽമരത്തിന്റെ ശാഖ ഒടിഞ്ഞ് വീണ അർധരാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തിൽ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്റെ ആളുകൾ അടിയിൽ പെടുകയായിരുന്നുവെന്നും മരം വീണ ഉടൻ ആന ഭയന്നു ഓടിയതായും പിന്നീട് ആനയെ തളച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.കുട്ടൻകുളങ്ങര അർജുനൻ എന്ന ആനയാണ് ഭയന്നോടിയത്.
വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ചിലർക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവർ കൂട്ടിച്ചേർത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളിൽ ഏർപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നും അവർ അറിയിച്ചു. എൻഡിആർഎഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും അപകടസ്ഥലത്ത് എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ