തൃശൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ച ഉണ്ടായതായി കാണിച്ച് മരിച്ച യുവതിയെടു അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 30 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും പരാതി യാഥാർഥ്യമാണെങ്കിൽ ഐ.പി.സി സെക്ഷൻ 304ഫബി പ്രകാരം സ്ത്രീധന പീഡന മരണത്തിന് കേസെടുക്കാവുന്നതാണെന്നും കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് നിർദേശിച്ചു.

ദേശമംഗലത്താണ് സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര ധനുവച്ചപുരം സ്വദേശിനിയാണ് മരിച്ച റിനി. തൃശൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് ഷൊർണൂർ ദേശമംഗലം ആനാംകാട്ട് വീട്ടിൽ സജാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മൂന്ന് വയസ്സുള്ള മകനും മൂന്നു മാസം പ്രായമുള്ള മകളുമുണ്ട്. സ്ത്രീധനത്തെ ചൊല്ലി റിനിയെ ഭർത്താവും ഭർത്താവിന്റെ അമ്മയും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ അമ്മ റൂബി നൽകിയ പരാതിയിൽ പറയുന്നു.

റിനിക്ക് പൊള്ളലേറ്റെന്നറിഞ്ഞ് തൃശൂർ മെഡിക്കൽ കോളജിൽ എത്തിയപ്പോൾ ഭർത്താവിന്റെ അമ്മ കാളി തന്നെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്ന് റിനി മരണമൊഴി നൽകിയതായി പരാതിയിൽ പറയുന്നു. ഇതിന് ഭർത്താവും കൂട്ടുനിന്നു. മൊബൈലിൽ റെക്കോഡ് ചെയ്ത മൊഴി പരാതിക്കാരി കമീഷനിൽ ഹാജരാക്കി. കുട്ടികളുടെ സംരക്ഷണം തങ്ങൾക്ക് നൽകണമെന്ന് റൂബി കമീഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം ധനുവച്ചപുരം നെടിയാൻകോട് പറയൻവിള വീട്ടിൽ റൂബിയുടെ മകൾ റിനി (24) ആണ് പൊള്ളലേറ്റു മരിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് റിനിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാർച്ച്് 18-നായിരുന്നു മരണം. ഇക്കാലയളവിൽ ആശുപത്രിയിൽ വെച്ച് യുവതി അമ്മയോടെ പറഞ്ഞത് വീട്ടുകാർ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു. ഈ വാദമാണ് റൂബി ഉന്നയിക്കുന്നത്.

കൊല്ലാൻ ശ്രമിച്ചെന്ന് റിനി പറയുന്നത് അമ്മ മൊബൈലിൽ പകർത്തിവെച്ചതാണ് തെളിവായിരിക്കുന്നത്. എന്നാൽ, പൊലീസ് രേഖപ്പെടുത്തിയ മൊഴിയിൽ ഭർതൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനം മൂലമുള്ള നിരാശയിൽ സ്വയം മണ്ണെണ്ണയൊഴിച്ച് കത്തിച്ചതാണെന്നാണ് പറയുന്നത്. മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മിഷനും റൂബി പരാതി നൽകിയിട്ടുണ്ട്്.

ദേശമംഗലം കൊണ്ടയൂർ ആനക്കാട്ടുപറമ്പിൽ സാജുവാണ് റിനിയുടെ ഭർത്താവ്. വിവാഹ ശേഷം സ്ത്രീധനത്തെ ചൊല്ലി റിനിയെ ഭർത്താവ് പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ആരോപണം. പലതവണ പണവും ആഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങിനൽകിയിരുന്നതായി റൂബി പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് പലപ്പോഴായി ഭർത്താവും അമ്മയും സഹോദരിമാരും മർദിച്ചിരുന്നതായി മകൾ അറിയിച്ചിരുന്നെന്ന് പരാതിയിൽ പറയുന്നു. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മകൾ പറഞ്ഞെന്ന് റൂബി പറഞ്ഞു.

ചെറുതുരുത്തി പൊലീസ് ആദ്യം അസ്വാഭാവികമരണത്തിനും പിന്നീട് ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരേ ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്്. ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലായതുകൊണ്ട് അറസ്റ്റടക്കമുള്ള നടപടി പൂർത്തിയാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്വയം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതാണെന്നാണ് റിനിയുടെ മരണമൊഴി എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്.

മൊബൈലിൽ പകർത്തിയ മൊഴി പ്രധാന തെളിവായി സ്വീകരിച്ച് സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് അമ്മയുടെ ആവശ്യം. റിനിയുടെ മൂന്നരവയസ്സുള്ള മകനും മൂന്നരമാസമായ മകളും സംരക്ഷണമില്ലാത്ത അവസ്ഥയിലാണെന്നും ഇവർക്ക് നിയമാനുസൃത സംരക്ഷണം ഉറപ്പുവരുത്തണമെന്നും പരാതിയിൽ പറയുന്നു.