ലിവർപൂൾ: ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ വിസ്റ്റനിലെ ടൗൺഹാളിൽ സംഘടിപ്പിച്ച നാലാമത് ജില്ലാ കുടുംബസംഗമം അവിസ്മരണീയമായി. ഇംഗ്ലണ്ടിന്റെ നോർത്തിൽ ആദ്യമായി കൊണ്ടുവന്ന ജില്ലാ സംഗമത്തിനെ നോർത്തിലെ തൃശൂർ ജില്ലക്കാർ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.

ഇതുവരെ നടന്ന ജില്ലാസംഗമത്തിനെക്കാളും വളരെ വ്യത്യസ്ഥമായ അനുഭവമാണ് ജില്ലാനിവാസികൾക്ക് ഉണ്ടായത്. കുടുംബങ്ങൾ തമ്മിൽ കൂടുതൽ അടുത്ത് ഇടപെടാനും കുടുംബവിശേഷങ്ങളും നാട്ടുവിശേഷങ്ങളും തൃശൂർ ജില്ലക്കാരുടെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും ഒക്കെ പങ്കുവെയ്ക്കുന്ന ഒരു വേദിയായി മാറിയപ്പോൾ അക്ഷരാർത്ഥത്തിൽ തൃശൂർ പൂരത്തിന് ഒത്തുകൂടിയ ഒരു പ്രതീതിയാണ് വിസ്റ്റൺ ടൗൺ ഹാളിൽ കാണാൻ കഴിഞ്ഞത്.

കനത്ത മഴയെ തോൽപ്പിച്ചുകൊണ്ടും ആദ്യകുർബാന സ്വീകരണത്തിന്റെ തിരക്കുകൾക്കിടയിലും ഇരുപത്തിയഞ്ച് കുടുംബങ്ങൾ ഒത്തുചേർന്ന് തങ്ങളുടെ നാടിന്റെ പഴയകാല ഓർമ്മകളും പരിചയങ്ങളും പങ്കുവെയ്ക്കുന്നത് കൗതുകത്തോടെ പുതുതലമുറ നോക്കി മനസിലാക്കുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ നോർത്തിൽ സ്ഥിരതാമസക്കാരായ തൃശ്ശൂർ അതിരൂപതയിൽ നിന്നുള്ള വൈദികനായ ഫാ.ലോനപ്പൻ അരങ്ങാശേരിയും ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള വൈദികനായ ഫാ.ജിനോ അരീക്കാട്ടും ചേർന്ന് നാലാമത് കുടുംബസംഗമം നിലവിളക്കിൽ ദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ തൃശൂർ ജില്ലക്കാരുടെ വേറിട്ട ഭാഷാപ്രയോഗത്തെയും അതുപോലെതന്നെ തനതായ തൃശൂർ സംസ്‌കാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വാചാലമായി സംസാരിച്ച ഫാ.ലോനപ്പൻ അരങ്ങാശേരി സദസിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. വിദേശരാജ്യത്ത് താമസിക്കുന്നവരായ നമുക്ക് ഇതുപോലുള്ള പ്രാദേശിക കൂട്ടായ്മകൾ അടുത്ത തലമുറയ്ക്ക് നമ്മുടെ നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വളരെയേറെ സഹായിക്കുമെന്ന് ഫാ.ജിനോ അരീക്കാട്ട് പറഞ്ഞു.

ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സൺ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ ട്രഷറർ സണ്ണി ജേക്കബ് സ്വാഗതവും ജനറൽ സെക്രട്ടറി ജീസൺ പോൾ കടവി നന്ദിയും പറഞ്ഞു.

കുടുംബങ്ങളുടെ പരിചയപ്പെടലും തമാശകളും പൊട്ടിച്ചിരികളും കുസൃതിചോദ്യങ്ങളും കൊണ്ട് ഒരു തനി നാടൻ കുടുംബസംഗമമായി മാറിയ ചടങ്ങിന് ഫാ.ലോനപ്പൻ അരങ്ങാശേരിയുടെയും ഫാ.ജിനോ അരീക്കാട്ടിലിന്റെയും സാന്നിധ്യം വലിയ ഒരു മുതൽക്കൂട്ടായിമാറി. കുടുംബങ്ങൾ തമ്മിലുള്ള പരിചയപ്പെടലിനുശേഷം തൃശൂർ ജില്ലാ സൗഹൃദവേദി അംഗങ്ങളുടെ മക്കളുടെ കലാപരിപാടികൾ കാണികളിൽ ഇമ്പവും ആനന്ദവും സൃഷ്ടിച്ചു. കീർത്തന തെരസ്സാ കുറ്റിക്കാട്ട് അവതരിപ്പിച്ച കീറ്റാർ വാദ്യോപകരണം കൊണ്ടുള്ള മലയാള ചലച്ചിത്രഗാനങ്ങൾ കാണികളെ സംഗീതസാഗരത്തിൽ കൊണ്ടുചെന്നെത്തിച്ചു. കാണികൾക്ക് സംഗീതത്തിന്റെ മാധുര്യം നൽകിയ ജോസഫ് ബിന്നിയും നൃത്തച്ചുവടുകളുമായി ജോ അന്ന ജീസനും പരിപാടികൾക്ക് കൊഴുപ്പേകി.

കുടുംബസംഗമം വൻവിജയമാക്കിത്തീർക്കുന്നതിന് ഓടിനടന്ന പ്രാദേശിക സംഘാടകനിരയുടെ നായകനും സംഘടനയുടെ ട്രഷററുമായ സണ്ണി ജേക്കബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വിലയിരുത്തി. ഈ സംഗമത്തിന്റെ വിജയശില്പികളായിരുന്ന ഡോൺ പോൾ, സ്വപ്ന സണ്ണി, ലിസ ജിജു എന്നിവരുടെ സഹായങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. അവതാരകനായ ബിനോയി ജോർജിന്റെയും അവതാരകയും കഴിഞ്ഞ ജില്ലാ സംഗമങ്ങളുടെ അണിയറ ശില്പിയുമായിരുന്ന ഷൈനി ജീസന്റെയും പ്രകടനങ്ങൾ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.

നേരത്തെ നടത്തിയ റാഫിൽ ടിക്കറ്റിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഫാ.ലോനപ്പൻ അരങ്ങാശേരിയും ഫാ.ജിനോ അരീക്കാട്ടും ചേർന്ന് സമ്മാനിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനം സംഘടനയുടെ ഭാരവാഹികളും മെമ്പർമാരും ചേർന്ന് നൽകി. തനതായ തൃശൂർ രുചിയുള്ള ഉച്ചഭക്ഷണത്തിനുശേഷം ജിതേഷ് നയിച്ച സിംഫണി ഓർക്കസ്ട്രയുടെ ഗാനമേള ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിച്ചു.

അന്യോന്യം പരിചയമില്ലാതെ ജില്ലാ സംഗമത്തിൽ വന്ന പലകുടുംബങ്ങളും കുറെകൊല്ലങ്ങളായി അടുപ്പമുള്ളവരെപ്പോലെയാണ് അവിടെ സൗഹൃദം പങ്കുവച്ചതും സന്തോഷം പങ്കിട്ടതും. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഊട്ടിയുറപ്പിച്ച് സന്തോഷത്താലും ആവേശത്താലും ഇനി നമുക്ക് അടുത്തവർഷം കാണാമെന്ന് പരസ്പരം പറഞ്ഞ് പിരിയുമ്പോഴേയ്ക്കും നേരം ഒരുപാട് വൈകിയിരുന്നു.