തൃശ്ശൂർ: തൃശ്ശൂർപൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആർടി-പിസിആർ ടെസ്റ്റ് നടത്തിയവർക്കും കോവിഡ് വാകസിൻ എടുത്തവർക്കും ഘടകപൂരങ്ങളിൽ പങ്കെടുക്കാം. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകും.

50 പേർക്ക് മാത്രമെ ഒരു ഘടകപൂരത്തിന്റെ ഭാഗത്തുനിന്ന് പങ്കെടുക്കാൻ കഴിയൂ എന്ന നിർദ്ദേശം പൊലീസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതേത്തുടർന്നാണ് ഘടക പൂരങ്ങളുടെ ഭാരവാഹികൾ ജില്ലാ കളക്ടറുമായി ചർച്ചയ്ക്കെത്തിയത്.

50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ ആവശ്യം കളക്ടർ അംഗീകരിച്ചു. ആർടി- പിസിആർ ടെസ്റ്റ് നടത്തുക, വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ എത്രപേർക്ക് വേണമെങ്കിലും ഘടകപൂരങ്ങളിൽ പങ്കെടുക്കാം എന്ന തീരുമാനമാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടായത്.

ഓരോ ഘടകപൂരങ്ങൾക്കും 200 പരിശോധനകൾ സൗജന്യമായി നടത്താമെന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളതെന്ന് ചർച്ചയിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് പറഞ്ഞു. എട്ട് ഘടകപൂരങ്ങളാണ് ഉള്ളത്. 1500-ൽ അധികം പേർക്ക് സൗജന്യമായി പരിശോധന നടത്തുമെന്നാണ് സർക്കാർ വാഗ്ദാനമെന്ന് ഘടകപൂരങ്ങളുടെ ഭാരവാഹികൾ പറഞ്ഞു.

അതേസമയം തൃശൂർ പൂരത്തിന് കൂടുതൽ പേർക്ക് പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഘടക ക്ഷേത്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.500 പാസ് വീതം നൽകണമെന്നാണ് ആവശ്യം. ഘടക ക്ഷേത്രങ്ങളെ അവഗണിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്, ചടങ്ങുകളിൽ മാറ്റമില്ലാതെ തൃശ്ശൂർ പൂരം പ്രൗഡിയോടെ നടത്താനാണ് തീരുമാനം. കുട്ടികൾക്ക് പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

തൃശ്ശൂർ പൂരം വെടിക്കെട്ടിന് സ്ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി ലഭിച്ചിരുന്നു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള് പാലിച്ച് നടത്താം.