തൃശൂർ:അര നൂറ്റാണ്ടുകാലത്തെ തൃശൂർ പൂര വരുമാനം പങ്കുവച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡ് അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് അവസാനം വിരാമമായി.

മറുനാടൻ മലയാളിയുടെ വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ അടുത്ത മണിക്കൂറുകളിൽ തന്നെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ തൃശൂരിന്റെ സ്വന്തം മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ.സുനിൽകുമാറും പങ്കെടുത്തു. പാറമേക്കാവും തിരുവമ്പാടിയും ഇടഞ്ഞുനിന്ന സാഹചര്യത്തിൽ വടക്കുംനാഥ ക്ഷേത്ര സംരക്ഷണത്തിനുവേണ്ടിയുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുഴുവൻ ആശങ്കകളും ഉന്നതതല യോഗം വിലയിരുത്തി പരിഹാരങ്ങൾ നിർദേശിച്ചു. ഇനി മുതൽ തൃശൂർ പൂരത്തിന്റെ മുഴുവൻ മേൽനോട്ടവും കൊച്ചിൻ ദേവസ്വം ബോർഡിനുണ്ടാവും.

കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനനോടൊപ്പം ഉന്നതതല യോഗത്തിൽ ഇരു ദേവസ്വങ്ങളുടെയും ഭാരവാഹികൾ പങ്കെടുത്തു. വടക്കുംനാഥന്റെ തിരുമുറ്റം സ്വന്തമായുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് ഇനി ആശ്വസിക്കാം. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പൂരം പ്രദർശന നഗരിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ഇരുപതു ലക്ഷം രൂപ വടക്കുംനാഥന് നൽകും. കൂടാതെ ക്ഷേത്ര മൈതാനത്തിൽ വാഹനങ്ങളുടെ പാർക്കിങ്ങിൽ നിന്നുള്ള വരുമാനവും ഇനി വടക്കുംനാഥന്. മാത്രമല്ല, വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ സൗന്ദര്യവല്ക്കരണത്തിനും അനുബന്ധ പരിപാലനത്തിനും ആവശ്യമായ മുഴുവൻ തുകയും ഇനി വടക്കുംനാഥന് കിട്ടും. അതോടെ തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരമായി. ഇനി പൂരം ഒരുക്കത്തിന്റെ ആവേശോജ്ജ്വലമായ നാളുകൾ.

നേരത്തെ അര നൂറ്റാണ്ടുകാലത്തെ പൂര വരുമാനം പങ്കുവച്ചതിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ അസംതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. പൂരം നടത്തിപ്പിൽ തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ കോടികൾ പങ്കുവച്ചു കൊണ്ടുപോകുമ്പോഴും വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വകയില്ലാതെ കൊച്ചിൻ ദേവസ്വം ബോർഡ് കഷ്ടപ്പെടുന്നതിന്റെ വാർത്ത മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി മുന്നോട്ടു പോകാനാവില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ഭക്തർക്ക് മുന്നിൽ പരസ്യപ്പെടുത്തിയിരുന്നു.

തൃശൂർ പൂരത്തിന്റെ കാണാകണക്കുകൾ പുറത്ത്.

വിശ്വാസികളെയും പൂരപ്രേമികളെയും അമ്പരപ്പിച്ചുകൊണ്ട് തൃശൂർ പൂരത്തിന്റെ കാണാകണക്കുകൾ പുറത്ത് വിട്ടതിനു പിന്നാലെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഇടപെട്ടുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കി. തൃശൂർ പൂരത്തിന്റെ യഥാർത്ഥ ചെലവ് ഓരോ ദേവസ്വങ്ങൾക്കും ഏതാണ്ട് ഓരോ കോടി വീതം മാത്രം. എന്നാൽ പൂരം കാലത്തെ എക്‌സിബിഷൻ നടത്തിപ്പിൽ നിന്ന് മാത്രം വരുമാനം ഏകദേശം നാല് കോടി. അവശേഷിക്കുന്ന രണ്ട് കോടിയും തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ കാലങ്ങളായി പങ്കുവച്ചുകൊണ്ടുപോകുന്നു. വടക്കുംനാഥന് തിരി കൊളുത്തുന്ന കൊച്ചിൻ ദേവസ്വം ബോർഡ് കാലങ്ങളായി നോക്കുകുത്തിയായി. കൊച്ചിൻ ദേവസ്വം ബോർഡിന് ഔദാര്യമായി കിട്ടുന്നത് പുതുക്കാത്ത തറവാടക ഇനത്തിൽ പതിനെട്ടു ലക്ഷം രൂപ മാത്രം.

അര നൂറ്റാണ്ടുകാലത്തെ നിർബന്ധിത സഹനത്തിനുശേഷം ഇപ്പോൾ വടക്കുംനാഥന്റെ മണ്ണ് സ്വന്തമായുള്ള കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിഷേധവുമായി രംഗത്ത് വന്നത് ഈയ്യിടെയാണ്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനനാണ് ഭക്തർക്കും പൂരപ്രേമികൾക്കും വേണ്ടി പൂരം നടത്തിപ്പിന്റെ കാണാകണക്കുകൾ പുറത്തുവിട്ടത്.

ഇതേതുടർന്ന് ഈ വർഷത്തെ തൃശൂർ പൂരം തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളും കൂടി സ്തംഭിപ്പിക്കുമെന്ന ഒരു ഭീഷണി ഉയർത്തിയിരുന്നു. ഇത്തരമൊരു ഭീഷണിക്ക് ഇരു ദേവസ്വങ്ങൾക്കും ബലം കൊടുക്കുന്നത് തൃശൂരിന്റെ സ്വന്തം എംഎ‍ൽഎ.യും മന്ത്രിയുമായ വി എസ്. സുനിൽ കുമാർ ആണെന്ന ആരോപണവും ശക്തമായിരുന്നു. സുനിൽ കുമാറിന്റെ മണ്ഡലം കൂടിയായ തൃശൂരിലെ ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം സിപിഐ. ജില്ല നേതൃത്തത്തിന്റെ തീരുമാനമില്ലാതെ തന്റെ സ്വന്തം അക്കൗണ്ടിലേക്ക് മുതൽ കൂട്ടാനുള്ള ശ്രമവും സുനിലിന്റെ ഭാഗത്തുനിന്നുള്ളതായി ആരോപണമുണ്ടായിരുന്നു.