തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടക്കാനിരിക്കെ ആനകളുടെ കാര്യത്തിൽ നിബന്ധന കർശനമാക്കി വനം വകുപ്പ്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്മാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്മാർക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.

ആനകളുടെ എണ്ണം പതിവ് പോലെ തന്നെ ആയിരിക്കും. ഇക്കാര്യത്തിൽ നിയന്ത്രണമില്ല. അതേസമയം ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനായി 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂരത്തിന്റെ തലേന്ന് ആറ് മണിക്ക് മുൻപ് ആനകളുടെ ഫിറ്റ്‌നസ് പരിശോധനകൾ പൂർത്തിയാക്കണം.

പൂരം ഇന്ന് കൊടിയേറി. തിരുവമ്പാടിയിൽ 11.45നും പാറമേക്കാവിൽ 12നുമാണ് കൊടിയേറ്റം നടന്നത്. 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. അഞ്ച് ആനകളുടെ പുറത്തായിരുന്നു എഴുന്നള്ളിപ്പ്. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പാണ്ടി മേളം അരങ്ങേറി. തിരുവമ്പാടി ഭഗവതി മൂന്ന് മണിയോടെ മഠത്തിലെ ആറാട്ടിനായി എഴുന്നള്ളും. 3.30നു നായ്ക്കനാലിലാണു മേളം. 23നാണ് പൂരം.

കർശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. പൂരത്തിന് എത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പാസ്, അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്.