തൃശൂർ: ആ ചിത്രത്തിന്റെ ആയുസ്സ് വെറും 6 സെക്കൻഡ് മാത്രമാണ്. ഒന്നു കണ്ണുചിമ്മി തുറക്കുമ്പോഴേക്കും ചിലപ്പോൾ മിന്നിമാഞ്ഞു പോയിട്ടുണ്ടാകും. നേരിട്ടു കണ്ടാലോ കണ്ണുകളിൽ നിന്നും മാഞ്ഞാലും മനസിൽ മായാതെ നിൽക്കുന്നതും. കല്ലുകൾ കൊണ്ട് വായുവിൽ ഉണ്ടാക്കിയ തന്റെ ആ ചിത്രം കണ്ട് വിസ്മയത്തോടെ നടൻ മോഹൻലാൽ പറഞ്ഞു 'വല്ലാത്ത അത്ഭുതം' എന്ന്. വെറും ആറ് സെക്കൻഡ് മാത്രം ജീവനുള്ള ഈ കല്ല് ചിത്രം സ്ലോ മോഷൻ വീഡിയോ വഴി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.

പയ്യന്നൂർ കോറം സ്വദേശി കെ.പി. രോഹിത് കല്ലുനിരത്തി വരച്ച മോഹൻലാലിന്റെ ചിത്രം വിഡിയോ ഷൂട്ടു ചെയ്താൽ മാത്രമേ വ്യക്തമായി കാണാനാകൂ. ഡ്രോയിങ് ബോർഡിൽ പല വലിപ്പത്തിലുള്ള കല്ലുകൾ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചു. ഇതിനു ശേഷം നിന്നു കൊണ്ടു ബോർഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു.

മുറംകൊണ്ടു അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെ ഒരു പ്രത്യേക ആംഗിളിലാണു കല്ലുകൾ മുകളിലേക്ക് ഇടുന്നത്.ഏകദേശം 6 സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞു നിൽക്കും. ഏറെക്കാലം നീണ്ട ശ്രമത്തിലൂടെയാണു മോഹൻലാലിന്റെ ചിത്രം രോഹിത് ഇതുപോലെ വരച്ചു വിഡിയോവിലാക്കിയത്. ചെറുതായി ആംഗിൾ മാറിയാൽപ്പോലും ചിത്രം വായുവിൽ തെളിയില്ല.

കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിന്റെ മുകൾഭാഗത്തെ കല്ലുകൾ ആദ്യം ഉയരും. സെക്കൻഡുകൾ വൈകിയാണു താഴെയുള്ള കല്ലുകൾ ഉയരുക. ഇതു കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ. കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുകയാണു വലിയ വെല്ലുവിളി.

രണ്ടു കണ്ണുകളുടെയും കല്ലുകളുടെ ഭാരം മാറിയാൽപ്പോലും അതു 2 വേഗത്തിലാണ് ഉയരുക. രോഹിതിന്റെ ചിത്രത്തിൽ ഇതെല്ലാം കൃത്യമാണ്. ചിത്രത്തിന്റെ വിഡിയോ കണ്ട മോഹൻലാൽ പറഞ്ഞതു വല്ലാത്ത അത്ഭുതം എന്നാണ്.

ആയിരക്കണക്കിനു ചിത്രങ്ങൾ വരച്ചു കിട്ടിയ ലാലിനു ഇതുപോലെ വായുവിൽ നിൽക്കുന്നൊരു ചിത്രം കിട്ടുന്നത് ആദ്യമായാണ്. പ്ലസ് ടു വിദ്യാർത്ഥിയായ രോഹിതിന്റെ സഹോദരൻ രാഹുലാണ് ഇതു വിഡിയോവിൽ ഷൂട്ടു ചെയ്തത്.

വായുവിൽ കല്ലുകൾ കൊണ്ട് സൃഷ്ടിച്ച വിസ്മയചിത്രം കണ്ടതിന് പിന്നാലെ കെ പി രോഹിത്തിനെ തേടി മോഹൻലാലിന്റെ അഭിനന്ദന സന്ദേശവുമെത്തി.ആരാധക കൂട്ടായ്മ വഴി ഈ വീഡിയോ കാണാനിടയായ മോഹൻലാൽ രോഹിത്തിനെ അഭിനന്ദിച്ച് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു.


'രോഹിത്ത് ആ സ്റ്റോൺസ് വച്ച് ചെയ്ത ആർട്ട് കണ്ടു. വളരെ നന്നായിട്ടുണ്ട്. എന്റെ അഭിനന്ദനങ്ങൾ അദ്ദേഹത്തെ അറിയിക്കൂ. ആദ്യമായിട്ടാണ് ഇത്തരമൊരു കലാസൃഷ്ടി കാണുന്നത്. അതിനു വേണ്ടി സമയം ചിലവഴിച്ച് ഇത്തരമൊരു കാര്യം ചെയ്തതിന് വളരെയധികം നന്ദി. എന്റെ സ്‌നേഹവും പ്രാർത്ഥനയും അനിയനെ അറിയിക്കൂ' എന്ന് മോഹൻലാൽ ശബ്ദ സന്ദേശത്തിൽ പറഞ്ഞു.