- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ' വിദ്യയെ ചേർത്ത് പിടിച്ച് നിതിന്റെ ഉറപ്പ്; വിവാഹം 41 ദിവസം കഴിഞ്ഞ്
തൃശ്ശൂർ: 'പണം മോഹിച്ചല്ല വിദ്യയെ പ്രണയിച്ചത്. വിദേശത്തെ ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ'' വിദ്യയെ ചേർത്ത് പിടിച്ച് നിതിൻ പറയുമ്പോൾ വിദ്യ തേങ്ങിക്കരഞ്ഞു. വായ്പ കിട്ടാത്തതിന്റെ പേരിൽ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ജീവനൊടുക്കിയ യുവാവിന്റെ വീട്ടിലേയ്ക്ക് ഇന്നലെ വൈകിട്ടോടെയാണ് പ്രതിശ്രുത വരൻ നിതിൻ എത്തിയത്.
കഴിഞ്ഞ രണ്ടര വർഷമായി പ്രണയത്തിലായിരുന്നു നിതിനും വിദ്യയും. ഇരു വീട്ടുകാർക്കും എതിർപ്പില്ലാത്തതിനാൽ വിവാഹം ഉറപ്പിച്ചു. ഷാർജയിൽ എസി മെക്കാനിക്കായ നിതിൻ കോവിഡ് കാരണം നാട്ടിലെത്താൻ വൈകിയതിനാൽ വിവാഹം വൈകി. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ഞായറാഴ്ച വിവാഹത്തിന് തീരുമാനിച്ചു. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് നിതിൻ പറഞ്ഞിരുന്നെങ്കിലും ഒന്നും ഇല്ലാതെ സഹോദരിയെ വിവാഹം കഴിപ്പിക്കില്ലെന്നും ബാങ്കിൽ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും വാശി പിടിച്ചത് സഹോദരൻ വിപിനാണ്.
സഹോദരിയുടെ വിവാഹത്തിന് വായ്പ നൽകാൻ ആരും തയ്യാറാകാത്തതിനെ തുടർന്നാണ് തൃശൂർ ഗാന്ധിനഗർ സ്വദേശിയായ ഇരുപത്തഞ്ചുകാരൻ വിപിൻ ആത്മഹത്യ ചെയ്തത്. രണ്ട് സെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ അവർക്ക് എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽനിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടർന്ന് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ പോയി.
എന്നാൽ, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽനിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്. മരപ്പണിക്കാരനായിരുന്ന അച്ഛൻ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചപ്പോൾ കുടുംബഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ നാട്ടുകാർക്കാകെ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ സാമ്പത്തികപ്രതിസന്ധി മൂലം അടുത്ത ആഴ്ച്ച നിശ്ചയിച്ചിരുന്ന സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയാണ് വിപിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്.
അച്ഛൻ മരിച്ച ശേഷം വിപിൻ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയാണ് വിപിൻ കുടുംബം നോക്കിയിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ കാര്യമാകെ പരിങ്ങലിലായിരുന്നു. കോവിഡൊക്കെ ഒന്ന് ഒതുങ്ങിതുടങ്ങിയപ്പോൾ അടുത്തുള്ള ഒരു സർവീസ് സെന്ററിൽ വിപിൻ ജോലിക്ക് പോയിതുടങ്ങിയിരുന്നു. സഹോദരിയുടെ വിവാഹശേഷം അമ്മയേയും കൊണ്ട് തിരുവനന്തപുരത്തേയ്ക്ക് മാറണമെന്നും അവിടെ ഒരു ജോലി നോക്കണമെന്നും വിപിൻ പറഞ്ഞിരുന്നതായി വാർഡ് കൗൺസിലറായ രാജൻ പള്ളൻ ഓർക്കുന്നു.
അടുത്ത ആഴ്ച്ചയായിരുന്നു സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. കരമൊക്കെ അടച്ച് വസ്തുവിന്റെ രേഖകളൊക്കെ ശരിയാക്കിയെങ്കിലും വിപിന് തിരിച്ചടിയായത് ലോണെടുക്കാൻ മിനിമം മൂന്ന് സെന്റെങ്കിലും വേണമെന്ന നിബന്ധനയാണ്. ആകെ രണ്ട് സെന്റ് ഭൂമിയും വീടും മാത്രമായിരുന്നു ഇവരുടെ പേരിലുണ്ടായിരുന്നത്. അതും കഷ്ടിച്ച് ഒരു ബൈക്കിന് മാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ വേണം വീട്ടിലെത്താൻ.
സഹോദരിയുടെ വിവാഹത്തിന് വേണ്ടി പല ബാങ്കുകളും കയറിയിറങ്ങിയെങ്കിലും ആരും ലോൺ നൽകാൻ തയ്യാറായിരുന്നില്ല. പലയിടത്ത് നിന്നും അപമാനിതനായി മനസ് മടുത്ത് നിൽക്കുമ്പോഴാണ് ഒരു ന്യൂ ജനറേഷൻ ബാങ്ക് ലോൺ നൽകാമെന്ന് സമ്മതിച്ചത്. മരുഭൂമിയിൽ മരുപച്ച കണ്ടതുപോലെ വിപിൻ പ്രതീക്ഷയുടെ തുരുത്തായിരുന്നു ബാങ്ക് അധികൃതരുടെ ആ വാഗ്ദാനം. ഡിസംബർ ആറാം തീയതി പണം നൽകാമെന്നായിരുന്നു ബാങ്കിന്റെ ഉറപ്പ്. തുടർന്ന് ഇരുവരുടെ ഫോട്ടോയെടുക്കാനായി നിതിനോട് എത്താനും ആവശ്യപ്പെട്ടു. പിന്നീട് വിദ്യയെയും അമ്മയെയും കൂട്ടി സ്വർണമെടുക്കാൻ ജൂവലറിയിലേക്ക് പോയി. ബാങ്കിൽ നിന്ന് പണമെടുക്കാനെന്ന് പറഞ്ഞ് പോയ വിപിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവസാന നിമിഷം വായ്പ മുടങ്ങിയതിനെ തുടർന്നായിരുന്നു വിപിന്റെ ആത്മഹത്യ.
ജനുവരി ആദ്യവാരം എത്താൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി 41 കഴിഞ്ഞ് വിവാഹവും കഴിഞ്ഞേ മടക്കം. അച്ഛനില്ലാത്ത കുട്ടിയായിരുന്നു വിദ്യ. ഇപ്പോൾ സഹോദരനും നഷ്ടപ്പെട്ടു. ഇനി അവൾക്ക് ഞാനല്ലാതെ പിന്നെയാരാണ്- നിതിൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ