തൃശൂർ: അത്തം പിറന്നിട്ടും, ഭീമൻ പൂക്കളം കാഴ്ചവച്ചിട്ടും,മുന്നിൽ നിൽക്കേണ്ടവർ മുങ്ങിയതിന്റെ വിഷമത്തിലാണ് തൃശൂരുകാർ.ടൂറിസം പ്രൊമോഷൻ കൗൺസിലും ചെയർമാനായ തൃശൂർ കലക്ടർ കൗശികൻ ഐ.എ.എസ്സുമാണ് നിസ്സഹകരണത്തിലൂടെ നാട്ടുകാരെ വലച്ചത്.

മൂന്നുദിവസം മുമ്പാണ് ഭീമൻ പൂക്കളത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. അമ്പത് അടി വ്യാസമുള്ള ഭീമൻ പൂക്കളം അത്തം നാൾ പുലർച്ചെ മൂന്നുമണിക്ക് ഒന്നര വയസ്സുള്ള ജിത്ത് അത്തം നാൾ ആദ്യപൂവിട്ടതോടെ, ഒരുങ്ങി.കുട്ടിക്കൊപ്പം പ്രൊഫ്.എം. മുരളീധരനും പൂ വച്ചു. രാവിലെ പത്ത് മണിക്ക് പി.കെ. ബിജു എംപി. കുമ്മാട്ടികളുടെ ചുവടുവയ്‌പ്പോടൊപ്പം പൊതുജനങ്ങൾക്കായി ഭീമൻ പൂക്കളം കാഴ്ചവച്ചു.

എന്നാൽ തൃശൂർ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളും ചെയർമാനായ തൃശൂർ കലക്ടർ കൗശികൻ ഐ.എ.എസ്സും ചടങ്ങിൽ നിന്ന് വിട്ടുനിന്നതായി തൃശൂർ സൗഹൃദ കൂട്ടായ്മയുടെ കൺവീനർ അഡ്വ.ഷോബി.ടി.വർഗീസ് അറിയിച്ചു.

തൃശൂർ ടൂറിസം പ്രൊമോഷൻ കൗൺസിലും തൃശൂരിലെ സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭീമൻ പൂക്കളം ഇത് പത്താം വർഷമാണ് തൃശൂർ തെക്കേ ഗോപുരനടയെ അലങ്കരിക്കുന്നത്. ആയിരം കിലോ പൂവാണ് ഈ ഭീമൻ പൂക്കളത്തിനായി സംഘാടകർ ഉപയോഗിച്ചത്. ഏകദേശം മൂന്നുലക്ഷം വിലമതിക്കുന്ന പൂക്കൾ കേവലം രണ്ടുലക്ഷം രൂപയ്ക്കാണ് തൃശൂരിലെ പൂക്കച്ചവടക്കാർ തൃശൂരിലെ ഈ ഭീമൻ പൂക്കള പ്രേമികൾക്കായ് കൊടുത്തത്.

പ്രതിദിനം അമ്പതിനായിരത്തിൽ പരം പേർ പൂക്കളം കാണും. ആയിരക്കണക്കിന്നു
സെൽഫി മിന്നും.വിദേശികളുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഈ പൂക്കളത്തിന്റെസംഘാടകർക്ക് വേണ്ടത്ര സഹായം അധികൃതരിൽ നിന്ന് ലഭിക്കുന്നില്ലെന്ന പരിഭവമുണ്ട് സംഘാടകർക്കും നാട്ടുകാർക്കും. തൃശൂർ ടൂറിസം പ്രൊമോഷൻ
കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ സഹായധനമായ ഇരുപത്തയ്യായിരം രൂപ ഈവർഷം ഓണമായിട്ടുകൂടി ഇനിയും ലഭിച്ചിട്ടില്ല.

ഓരോ ഓണക്കാലത്തും ലക്ഷങ്ങൾ മുടക്കിയാണ് തൃശൂരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നതെങ്കിലും ഈ ഭീമൻ പൂക്കളത്തെ തൃശൂർ ടൂറിസം പ്രൊമോഷൻകൗൺസിൽ അവഗണിച്ചതിന്റെ തെളിവാണ് കൗൺസിൽ ഭാരവാഹികളുംചെയർമാനായ തൃശൂർ കലക്ടർ കൗശികൻ ഐ.എ.എസ്സും പരിപാടിയിൽനിന്ന് വിട്ടുനിന്നതെന്ന് സംഘാടകർ ആരോപിക്കുന്നു.കൗൺസിലുമായി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു പരിപാടി തൃശൂരിൽ നടന്നതായി കൗൺസിൽ ഓഫീസിലെ ജനറൽാനേജർ രവിച്ചന്ദറിനും മറ്റു ഓഫീ സ് മേധാവികൾക്കും അറിയില്ല. സെക്രട്ടറി മഹാദേവനാകട്ടെ സ്ഥലത്തില്ല.

തൃശൂർ ടൂറിസം പ്രൊമോഷൻ കൗൺസിൽ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തതിന്റെ സ്മാരകാവശിഷ്ടം ഉപേക്ഷിക്കപെട്ട നിലയിൽ കൗൺസിൽ ഓഫീസ് പരിസരത്ത് ഇപ്പോഴും കാണാം. കഴിഞ്ഞ ഓണത്തിന് ഓഫീസ് അലങ്കരിച്ച് ഉണങ്ങിയ കുരുത്തോലകളും ഇനിയും അഴിച്ചുമാറ്റിയിട്ടില്ല. മാത്രമല്ല, ഓണം നാളുകളിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചുകൊണ്ടുള്ള ടൂർ പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലുമാണ് ടൂറിസം പ്രൊമോഷൻ.എന്തായാലും, നാട്ടുകാരുടെ സ്്വന്തം പരിപാടിയെ അധികൃതർ അവഗണിച്ചതിന് ബന്ധപ്പെട്ടവർ മറുപടി പറയുക തന്നെ വേണം.