തൃശ്ശൂർ: സരിത എസ്. നായർക്കെതിരെ രൂക്ഷവിമർശനവുമായി തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി എസ്.എസ്. വാസൻ.. കഴിഞ്ഞ രണ്ടു വർഷമായി സരിത സമൂഹത്തെ വിഡ്ഢി വേഷം കെട്ടിക്കുകയാണ്. സരിത പറയുന്ന കാര്യങ്ങൾ കളവാണെങ്കിൽ സർക്കാർ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ജഡ്ജി ചോദിച്ചു.പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്ന ചൊല്ലും ജഡ്ജി ചൂണ്ടിക്കാട്ടി.

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്നാണ് പറയുന്നത്. എന്നാൽ ഇതവസാനിപ്പിക്കാൻ ശിവൻ തൃക്കണ്ണു തുറന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. നിയമ സംവിധാനങ്ങൾ ഇതു ചെയ്യുമെന്ന സൂചനയാണ് ജഡ്ജി നൽകിയത്. സരിതയ്ക്കും ഇ.പി. ജയരാജനുമെതിരെ കോൺഗ്രസ് അഭിഭാഷക സംഘടന ൽകിയ പരാതി പരിഗണിക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. സംഘടനയ്ക്ക് വേണ്ടി അഡ്വ. ശ്യാം കുമാറാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

പരാതി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദത്തിനായി കേസ് എട്ടാം തീയതിയിലേക്ക് മാറ്റി. സർക്കാരിനെതിരെ ആരോപണം ഉന്നയിക്കാൻ സിപിഐ(എം) 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സരിത നിഷേധിച്ചുമില്ല. ആ സാഹചര്യത്തിലാണ് കേസ് നൽകിയത്. നേരത്തെ ഉമ്മൻ ചാണ്ടിക്കും ആര്യാടൻ മുഹമ്മദിനും നേരെ എഫ്.ഐ.ആർ. എടുക്കാൻ ഉത്തരവിടുക വഴി ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് ഇരയായ തൃശ്ശൂർ വിജിലൻസ് ജഡ്ജി തന്നെയാണ് സരിതയ്ക്കും സർക്കാരിനുമെതിരെ ഇന്ന് രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്.

സോളർ കേസിൽ സരിതയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെയും ബാർ കോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടതും ജഡ്ജി എസ്.എസ്. വാസൻ ആയിരുന്നു. രണ്ടു വിധിയും ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ദ്രുതപരിശോധനയ്ക്കുപോലും വിടാതെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ നേരിട്ടു കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടതു വിമർശനത്തിനിടയാക്കിയിരുന്നു.

തുടർന്ന് ജഡ്ജി സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു. പിന്നീട് ഹൈക്കോടതി ജ!ഡ്ജിമാരുടെ ഇടപെടലിനെ തുടർന്ന് അപേക്ഷ പിൻവലിക്കുകയായിരുന്നു.