- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂരം വിളിച്ചുണർത്തി കണിമംഗലം ശാസ്താവ്; പൊലിമയിൽ ചരിത്രം രചിച്ച പൂരം ഇത്തവണ ചരിത്രം രചിക്കുക കരുതലിന്റെ മാതൃക തീർത്ത്; ഘടകപൂരങ്ങൾ എത്തുക ഒരാനപ്പുറത്ത് എഴുന്നള്ളിച്ച്; കർശന നിയന്ത്രണത്തിൽ തൃശ്ശൂർ പുരം ഇന്ന്
തൃശൂർ: പ്രൗഡികൊണ്ടും പൊലിമകൊണ്ടും ചരിത്രം രചിച്ച തൃശ്ശൂർ പൂരം ഇത്തവണ പുതുചരിത്രം രചിക്കാൻ ഒരുങ്ങുന്നു. കരുതലിന്റെ .. സുരക്ഷയുടെ പുത്തൻ ചരിത്രം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങളോടെയാണ് ഇന്നു തൃശൂർ പൂരം നടക്കുന്നത്. കഴിഞ്ഞദിവസം ആളും ആരവവുമില്ലാതെ തെക്കേ ഗോപുരനട തുറന്നതോടെയാണ് ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് തുടക്കമായത്.
ആൾത്തിരക്കില്ലെങ്കിലെങ്കിലും, ചടങ്ങുകൊണ്ടും ആചാരം കൊണ്ടും ത്രിലോക വിസ്മയം തന്നെയാണ് തൃശ്ശൂർ പൂരം. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. ഇതോടെ ഘടകപൂരങ്ങളുടെ വരവും ആരംഭിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങളെത്തുക. പാസ് ലഭിച്ച സംഘാടകർ മാത്രമാണ് ഘടകപൂരത്തെ അനുഗമിക്കുന്നത്.
11നു പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്മാരാരുടെ ചെമ്പടമേളം. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും.
വൈകിട്ട് 4.30ന് ഇലഞ്ഞിത്തറ മേളം കലാശിച്ച് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം ചടങ്ങായി മാത്രം നടക്കും. പാറമേക്കാവ് വിഭാഗം 15 ആനകളെ അണിനിരത്തും. 25 സെറ്റ് കുട മാറും. തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്ത് ചടങ്ങിനു മാത്രം കുടമാറ്റത്തിനു നിന്നു മടങ്ങും. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. പുലർച്ചെ 3നു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.
കാണികൾക്കു പ്രവേശനം കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ നഗരത്തിലേക്കുള്ള വഴികൾ പൊലീസ് അടയ്ക്കും. പാസ് ലഭിച്ച സംഘാടകർക്കു മാത്രമാവും പ്രവേശനം.കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദ്ദേശം. തേക്കിൻകാട് മൈതാനി കർശന പൊലീസ് നിയന്ത്രനത്തിൽ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിക്കും. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ