- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർക്കഥ
ഈ പംക്തിയിൽ അവതരിപ്പിച്ച ആനന്ദൻ-സൗദമ്മ ദമ്പതികളുടെ ജീവിതരേഖ ഓർക്കുമല്ലോ. ഒരു തുടർച്ച എന്ന പോലെ അവരുടെ മൂത്തമകൾ ലൈന എഞ്ചിനീയറിങ് കഴിഞ്ഞ് ഒരു പ്രൈവറ്റ്‌ഫേമിൽ ജോലി നോക്കി വരുമ്പോഴായിരുന്നു വിവാഹിതയായത്. വരൻ ഹൈസ്‌ക്കൂൾ അദ്ധ്യാപകൻ. വർക്കല ഒരു പ്രശസ്തമായ വൈദ്യർ കുടുംബത്തിലെ മൂത്തപുത്രൻ. വിവാഹ സമയത്ത് പ്രൈവറ്റ് സ്‌ക്കൂളിൽ അദ്ധ്യാപക
ഈ പംക്തിയിൽ അവതരിപ്പിച്ച ആനന്ദൻ-സൗദമ്മ ദമ്പതികളുടെ ജീവിതരേഖ ഓർക്കുമല്ലോ. ഒരു തുടർച്ച എന്ന പോലെ അവരുടെ മൂത്തമകൾ ലൈന എഞ്ചിനീയറിങ് കഴിഞ്ഞ് ഒരു പ്രൈവറ്റ്‌ഫേമിൽ ജോലി നോക്കി വരുമ്പോഴായിരുന്നു വിവാഹിതയായത്. വരൻ ഹൈസ്‌ക്കൂൾ അദ്ധ്യാപകൻ. വർക്കല ഒരു പ്രശസ്തമായ വൈദ്യർ കുടുംബത്തിലെ മൂത്തപുത്രൻ. വിവാഹ സമയത്ത് പ്രൈവറ്റ് സ്‌ക്കൂളിൽ അദ്ധ്യാപകനായിരുന്നു ഗംഗാധരൻ. പിന്നീട് സർക്കാർ സ്‌ക്കൂളിൽ പോസ്റ്റിങ് ലഭിച്ച് മലബാറിന് പോയി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പുരാതന മുസ്ലിം തറവാട് വാടകയ്ക്ക് തരപ്പെടുത്തി ഭാര്യയെ കൂട്ടിക്കൊണ്ടുപോയി.
രണ്ടു വർഷത്തെ താമസത്തിനുള്ളിൽ ഒരു പൊന്നോമന മകൻ പിറന്നു. ലൈനയ്ക്ക് അവകാശമായി ലഭിച്ച നാട്ടിലെ വീട്ടിൽ താമസിക്കുവാനുള്ള ഏർപ്പാടും ചെയ്തു. കൂട്ടിനും കുഞ്ഞിനെ നോക്കുവാനുമായി ഒരു ജോലിക്കാരിയെ ഏർപ്പാടാക്കിയിട്ടായിരുന്നു ഗംഗാധരൻ മാഷ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയത്. സൗദമ്മ ഇടയ്ക്കിടെ ഒന്നുരണ്ട് ദിവസം മകളെയും കുഞ്ഞിനെയും കാണുവാനും അവരുമായി കഴിയുന്നതിനുമായി അവരുടെ താമസസ്ഥലത്ത് പോയിവരിക സാധാരണയായി.
സർവ്വീസ് കാലാവധി മൂന്നുവർഷം പൂർത്തീകരിച്ച മുറയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം വാങ്ങുവാനുള്ള തീവ്രശ്രമം ഗംഗാധരൻ മാസ്റ്റർ ആരംഭിച്ചു. അളിയൻ കളക്ടറേറ്റ് ജീവനക്കാരനായിരുന്നതിനാൽ സംഗതി എളുപ്പത്തിൽ സാധിച്ചു. അങ്ങനെ നെടുമങ്ങാട് ജിഎച്ച്എസിൽ സ്ഥലംമാറ്റം തരപ്പെട്ടു കിട്ടി. മലബാർ ഭാഗത്തെ സേവനം കഴിഞ്ഞു വരുമ്പോൾ മുതലാണ് ഗംഗാധരൻ മാഷ് വെറ്റിലമുറുക്ക് സ്ഥിരമാക്കിയത്. ആയതിന്റെ കാരണം വളരെ വൈകിയാണ് മനസ്സിലാക്കിയത്.
അദ്ധ്യാപനം കഴിഞ്ഞ് രാത്രിയിൽ ചില കമ്പനികളിൽ കൂട്ടുചേർന്ന് മദ്യപിക്കുന്ന ശീലം ആരംഭിച്ചു. അതിനു മറയായിട്ടായിരുന്നു വെറ്റില മുറുക്ക് തുടർന്നത്.
വൈകിയുള്ള വിവാഹമായിരുന്നുവല്ലോ ഗംഗാധരൻ സാറിന്റെയും ലൈനയുടെതും. കുഞ്ഞിന് 3 വയസ്സായതു മുതൽ ലൈന വീണ്ടും പ്രൈവറ്റ് കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ജോലിക്ക് പോയിത്തുടങ്ങി. എങ്കിലും സർക്കാർ പണി തരപ്പെട്ടുകിട്ടാത്തതിലുള്ള ദേഷ്യവും കുറ്റപ്പെടുത്തലും ഭർത്താവിന്റെ ഭാഗത്ത് നിന്ന് അനുസ്യൂതം തുടർന്നുകൊണ്ടിരുന്നു. വീട്ടിൽ അമ്മയോടോ സഹോദരങ്ങളോടോ ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കാതെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന പ്രകൃതമായിരുന്നു ലൈനയുടേത്.
പൊതു സ്ഥലംമാറ്റത്തിന്റെ അവസരത്തിൽ ഗംഗാധരൻ മാഷിന് വീട്ടിനടുത്തുള്ള സ്‌ക്കൂളിലേയ്ക്ക് മാറ്റം തരപ്പെട്ടു കിട്ടി. പക്ഷേ, അത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുവാനാണ് സഹായിച്ചത്. വ്യാജവാറ്റിന്റെ കേന്ദ്രമായിരുന്നു സ്‌ക്കൂൾ പരിസരം. പകൽ സമയത്തും മദ്യസേവ തുടരുന്ന ശീലം ഗംഗാധരൻ സാറിന്റെ സുഹൃത്തുക്കൾ ഭാര്യയെ അറിയിച്ചു. മദ്യപാനെത്ത തുടർന്നുള്ള തർക്കങ്ങൾ വീട്ടിൽ വഴക്കും വക്കാണത്തിനും വഴിയൊരുക്കി. ഒന്നുരണ്ട് തവണ നിലതെറ്റി ഗംഗാധരൻ മാഷ് ലൈനയെ മർദ്ദിച്ചു. അപ്പോഴും പരാതികളിൽ മുഴച്ചു നിന്നത് ഭാര്യയ്ക്ക് സർക്കാർ ജോലി ലഭിക്കുന്നില്ല എന്നതായിരുന്നു.
ഒടുവിൽ അരുതാത്തത് തന്നെ സംഭവിച്ചു.
1990 ൽ ഒരു കത്ത് ഭർത്താവിന് എഴുതി ടിവിയുടെ മുകളിൽ വച്ചിട്ട് ലൈന രാവിലെ കുഞ്ഞിനെ അമ്മയുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിൽ പോകുകയാണെന്നും ശനിയും ഞായറും കുഞ്ഞിന് സ്‌ക്കൂളിൽ പോകണ്ടല്ലോ അവൻ രണ്ടു ദിവസം ഇവിടെ നിൽക്കട്ടെ എന്നു പറഞ്ഞുകൊണ്ട് കുഞ്ഞിന് അവസാന ചുംബനവും നൽകി അമ്മയോട് യാത്ര പറഞ്ഞ് പിരിഞ്ഞു. ആ പോക്ക് ദൃഢനിശ്ചയത്തോടുകൂടിയുള്ളതായിരുന്നു. ജീവിതത്തിൽ നിന്നും എന്നേക്കുമായുള്ള മടങ്ങിപ്പോക്ക്.
വെള്ളിയാഴ്ച ഉച്ചയോടുകൂടി ഗംഗാധരൻ മാഷിന്റെ സ്‌ക്കൂൾ പരിസരത്തുകൂടി പോകുന്ന റെയിൽവേ ട്രാക്കിൽ ആ ജീവിതം അവസാനിപ്പിച്ചു. പക്ഷേ, കഥാനായകൻ മരണ വിവരം പറഞ്ഞു കേട്ടെങ്കിലും ആര്, എന്ത്, എങ്ങനെ വിശദവിവരങ്ങൾ അന്വേഷിക്കുവാൻ തുനിഞ്ഞില്ല. പതിവുപോലെ സ്‌ക്കൂൾ വിട്ട് സന്ധ്യമയക്കത്തോടുകൂടി വീടുപറ്റി. വെട്ടവും വെളിച്ചവുമില്ല. താക്കോൽ നിശ്ചിത സ്ഥാനത്തുനിന്നും തെരഞ്ഞെടുത്തു. ഭാര്യയും മകനും അമ്മവീട്ടിൽ പോയതായിരിക്കും എന്ന നിഗമനത്തിൽ സുഷുപ്തിയിൽ ലയിച്ചു.
രാവിലെ സാധാരണ പോലെ കുളിച്ചു കുട്ടപ്പനായി ജംഗ്ഷനിലെ ചായക്കടയിൽ കാപ്പി കുടിക്കുവാനായി ഇറങ്ങി. അന്ന് ഇന്നത്തെപ്പോലെ മൊബൈൽഫോൺ സൗകര്യം ലഭ്യമായിരുന്നില്ല. ഉച്ചയോടുകൂടി ലൈനയുടെ അപ്പച്ചിയുടെ വീട്ടിൽപോയി ഗംഗാധരൻ മാഷ് അന്വേഷിച്ചു ലൈന ഇവിടെ വന്നിരുന്നുവോ? ഇല്ല വന്നിട്ടില്ല അവർ അമ്മയുടെ അടുത്ത് പോയതായിരിക്കും. ഗംഗാധരൻ അവിടെപ്പോയി അന്വേഷിക്ക് അവർ പറഞ്ഞുവിട്ടു. നേരെ തിരുവനന്തപുരത്ത് പട്ടത്തേയ്ക്ക് ബസ്സ് കയറി. അമ്മായിവീട്ടിൽ ചെല്ലുമ്പോൾ കുഞ്ഞ് പുറത്ത് നിന്ന് കളിക്കുന്നുണ്ട്. ഗംഗാധരൻ മാഷ് സാമട്ടിൽ ചോദിച്ചു ഇവന്റെ അമ്മ എന്തിയേ?
അവൾ ഇന്നലെ രാവിലെ കുഞ്ഞിനെ ഇവിടെ വിട്ടിട്ട് എംപ്ലോയ്‌മെന്റ് ഓഫീസിൽ പോയതാണല്ലോ. എന്താ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അവൾ അവിടെ വന്നില്ലല്ലോ? ചോദ്യ ഉത്തരങ്ങൾക്കിടയിൽ അമ്മായി ബോധമറ്റു വീണു. കുഞ്ഞിന്റെ അമ്മയെത്തിരക്കുവാൻ നാലുപാടും ബന്ധുക്കളും സുഹൃത്തുക്കളും പാഞ്ഞു. ഇളയച്ഛൻ പൊലീസ്‌സ്റ്റേഷൻ മുഖാന്തിരം അനേ്വഷണം ആരംഭിച്ചു.
ഇന്നലെ കുളത്തൂർ സ്റ്റേഷൻ കടവിൽ ഒരു സ്ത്രീ ട്രെയിനിന്റെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്തയെത്തുടർന്ന് അന്വേഷണം ആ വഴിക്ക് തിരിച്ചുവിട്ടു. വീട്ടിൽ പൊലീസ് തെരഞ്ഞപ്പോൾ ലൈന ഭർത്താവിന് എഴുതി വച്ചിരുന്ന കത്തും കിട്ടി. പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ശവശരീരവും വസ്ത്രങ്ങളും തിരിച്ചറിഞ്ഞു-പാവം. സർക്കാർ ഉദ്യോഗം ലഭിക്കുവാൻ കഴിയാതെപോയ ഒരു എഞ്ചിനീയറുടെ ജീവിതം ആ റെയിൽപാളത്തിൽ അവസാനിച്ചു.