ലണ്ടൻ: ബർമ്മിങ്ങാമിലെ കേപ്പ് ഹില്ലിലുനുള്ള ജൂവലറിയിൽ നടന്ന മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.. എട്ടു ടൺ ഭാരമുള്ള കൂറ്റൻ ട്രക്ക് പിന്നോട്ടെടുത്ത് ജൂവലറിയുടെ മുൻഭാഗം തകർത്ത മോഷ്ടാക്കൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തശേഷം ഔഡി കാറിൽ കയറി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. മുഖംമൂടി ധരിച്ച് ആയുധധാരികളായെത്തിയ കവർച്ചാസംഘത്തെ സംഭവം നടന്ന് രണ്ടുദിവസമായിട്ടും പൊലീസിന് പിടികൂടാനായിട്ടില്ല.

ജൂവലറിയിലേക്ക് ലോറി ഇടിച്ചുകയറുന്നതുകണ്ട വഴിയാത്രക്കാരനാണ് ഇത് വീഡിയോയിൽ പകർത്തിയത്. വെള്ളിയാഴ്ച തിരക്കേറിയ സമത്തായിരുന്നു ഈ വമ്പൻ കവർച്ച നടന്നത്. റോഡിനിരുപുറവും ഒട്ടേറെ യാത്രക്കാർ കണ്ടുനിൽക്കെയായിരുന്നു മോഷണം നടന്നത്. മോഷണസംഘത്തിൽ നാലോ അഞ്ചോ മുഖംമൂടി ധാരികളുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ചുറ്റികകളും മറ്റായുധങ്ങളുമായി ജൂവലറിയിലേക്ക് ഇരച്ചുകയറിയയ ഇവർ ജീവനക്കാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി.

തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാൾ ആഭരണങ്ങൾ ബാഗിലേക്ക് വാരിയിടുകയും പുറത്തുകാത്തുനിന്ന ഔഡി സലൂൺ കാറിൽ സംഘം രക്ഷപ്പെടുകയും ചെയ്തു. മോഷ്ടാക്കളെത്തടയുന്നതിനായി ഒരു പൊലീസുകാരൻ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുന്നതും വീഡിയോയിലുണ്ട്. മോഷ്ടാക്കൾക്ക് അരികിലെത്തിയ ഇദ്ദേഹം, കാറിന്റെ ചില്ലുകളിൽ തന്റെ കൈയിലുള്ള ബാറ്റണുപയോഗിക്ക് അടിക്കുന്നതും കാണാം. എന്നാൽ,, അദ്ദേഹത്തെ തള്ളിമാറ്റി കാർ മുന്നോട്ട് പാഞ്ഞുപോയി.

കാറോടുന്നതിനിടെ, വിൻഡ് സ്‌ക്രീനിലൂടെ പൊലീസുദ്യോഗസ്ഥനുനേർക്ക് ഇഷ്ടികകൾ പോലുള്ള വസ്തുക്കൾ മോഷ്ടാക്കൾ വലിച്ചെറിയുന്നുമുണ്ട്. ക്ലെയർമോണ്ട് റോഡിലേക്കാണ് മോഷ്ടാക്കളുമായി വാഹനം പാഞ്ഞുപോയതെന്നും വീഡിയോയിൽ വ്യക്തമാണ്. മോഷ്ടാക്കളുമായി ഏറ്റുമുട്ടിയ പൊലീസുദ്യോഗസ്ഥന് മുഖത്ത് നേരീയ പരിക്കുകളേറ്റതായി പൊലീസ് വ്യക്തമാക്കി. 

ആക്രമണത്തിന് സന്നദ്ധരായെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സാൻഡ്‌വെൽ നൈബർഹുഡ് പൊലീസിലെ സൂപ്രണ്ട് റിച്ചാർഡ് യൂഡ്‌സ് പറഞ്ഞു.. സംഭവത്തിന് ഒട്ടേറെപ്പേർ ദൃക്‌സാക്ഷികളായിരുന്നുവെന്ന് വ്യക്തമാണ്. സംഘത്തെക്കുറിച്ച് എന്തെങ്കിലും സൂചനകൾ നൽകാനാഗ്രഹിക്കുന്നവർ മുന്നോട്ടുവരണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ഇതിനായി 101-ൽ വിളിച്ച് വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസിനെ ബന്ധപ്പെടുകയോ 0800 555 111-ൽ വിളിച്ച് ക്രൈംസ്‌റ്റോപ്പേഴ്‌സിൽ വിവരം ധരിപ്പിക്കുകയോ ആവാം. 20ടണ/54603ഠ/18 ആണ് കേസിന്റെ റഫറൻസ് നമ്പറെന്നും പൊലീസ് അറിയിച്ചു.