കോഴിക്കോട്: ഇന്ന് പുലർച്ചെയുണ്ടായ ഇടിമിന്നലിൽ കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളിയിൽ വ്യാപക നാശനഷ്ടം. മൂന്ന് പശുക്കൾ മിന്നലേറ്റ് ചത്തു. നിരവധി വീടുകളിലെ വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. എളേറ്റിൽ വട്ടോളി അണ്ടിക്കുണ്ടിൽ മാധവന്റെ മൂന്നു പശുക്കളാണ് മിന്നലേറ്റ് ചത്തത്.

രണ്ട് കറവ പശുക്കളും ഒരു ഗർഭിണിയുമാണ് ചത്തത്. കറവക്കായി മാധവനും ഭാര്യയും തൊഴുത്തിലേക്ക് എത്തുന്നതിന്റെ തൊട്ടുമുമ്പാണ് ഇടിമിന്നലുണ്ടായത്. ശബ്ദം കേട്ട് ഇവർ ഓടിയെത്തിയപ്പോൾ മൂന്ന് പശുക്കളും തൊഴുത്തിൽ ചത്തു കിടക്കുകയായിരുന്നു.

അയൽവാസിയായ പറയരുകുന്നുമ്മൽ വിജയന്റെ വീട്ടിലെ വയറിങ് പൂർണ്ണമായും കത്തി നശിച്ചു. വീടിനു സമീപത്തെ പറമ്പിൽ മണ്ണ് ഇളകി തെറിച്ചു. സമീപത്തെ നിരവധി വീടുകളിലെ ഇൻവെർട്ടർ, ഫാൻ, ബൾബ്, പമ്പ് സെറ്റ് എന്നിവ കത്തി നശിച്ചു. കിഴക്കോത്ത് മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. വിക്രന്തിന്റെ നേതൃത്വത്തിൽ പശുക്കളുടെ ജഢം പോസ്റ്റ് മോർട്ടം നടത്തി.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസ്‌റി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.