തിരുവനന്തപുരം: എൻഡിഎ ചെയർമാൻ ആണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. എന്നാൽ കഴിഞ്ഞ ദിവസം അയ്യപ്പകർമ്മ സമിതിയും സംഘപരിവാറും സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ തുഷാർ പങ്കെടുത്തില്ല. എന്നാൽ ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിൽ പങ്കെടുക്കും എന്ന് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. സംസ്ഥാന രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ അട്ടിമറിച്ചുകൊണ്ട് ബിഡിജെഎസ് എൻഡിഎ വിട്ട് എൽഡിഎഫ് മുന്നണിയിലേക്ക് വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ബിഡിജെഎസ് എൽഡിഎഫുമായി ധാരണയിലെത്തിയെന്നും ഇതിന്റെ ഭാഗമായി തുഷാർ വെള്ളാപ്പള്ളിയെ മുന്നണി സ്ഥാനാർത്ഥിയായി ആറ്റിങ്ങലിൽ മത്സരിപ്പിക്കണമെന്നുമാണ് ബിഡിജെഎസ് മുന്നോട്ട് വെച്ച ആവശ്യമെന്നുമാണ് വിവരം. മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനാണ് നീക്കം.

അയ്യപ്പ ജ്യോതി വൻ വിജയമായ സാഹചര്യത്തിൽ വനിത മതിൽ വിജയിപ്പിക്കുക എന്നത് സിപിഎമ്മിനും പിണറായിക്കും അഭിമാന പ്രശ്‌നമാണ്. ശബരിമല വിഷയത്തിൽ പ്രതിസന്ധിയിലായിരുന്ന സിപിഎമ്മിന് വലിയ രീതിയിലുള്ള ആശ്വാസമാണ് വെള്ളാപ്പള്ളിയുടെ പിന്തുണ കൊണ്ട് ലഭിച്ചത്. ആലപ്പുഴ മണ്ഡലം ആണ് സിപിഎം വാഗ്ദാനം ചെയ്തത്. എന്നാൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ വെറും വാക്കായ സാഹചര്യത്തിൽ മകനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യം കൂടി വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നു. അതേ സമയം ഇത്രയും കാലം ബിജെപി പാളയത്തിൽ നിന്ന അണികൾ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയുണ്ട് തുഷാറിന്. സമാനമായി തന്നെ ഇടത് പ്രവർത്തകരിലും സ്വീകാര്യത ലഭിക്കുമോ എന്ന ആശങ്കയും സജീവമാണ്

തുഷാർ വെള്ളാപ്പള്ളിയോട് മത്സരിച്ചേ മതിയാകൂവെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കൊല്ലം, ആറ്റിങ്ങൽ, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ തുഷാറിന് മികച്ച സാധ്യതയാണുള്ളതെന്നാണ് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഏത് മണ്ഡലം വേണമെന്ന് തുഷാർ തീരുമാനിച്ചാൽ അത് ബിജെപി അംഗീകരിക്കും. ആറ്റിങ്ങലിൽ തുഷാർ മത്സരിക്കാത്ത പക്ഷം സെൻകുമാറിനെ പരിഗണിക്കും. ആലപ്പുഴ മണ്ഡലത്തിൽ തുഷാറിനെ മത്സരിപ്പിക്കാനാണ് ഇടതുപക്ഷം താൽപര്യപ്പെട്ടത്. എന്നാല് വിജയസാധ്യത കൂടുതലുള്ള ആറ്റിങ്ങൽ വേണം എന്ന് ബിഡിജെഎസ് ആവശ്യപ്പെടുകയായിരുന്നു. ശബരിമല വിഷയത്തിൽ ബിഡിജെഎസ് എസ്എൻഡിപി എന്നിവർ പിന്തുണ പ്രഖ്യാപിച്ചത് പിണറായിക്ക് വലിയ രീതിയിൽ ആശ്വാസമായിരുന്നു

ജ്യോതിയിൽ പങ്കെടുക്കാത്തത് അത് എൻഡിഎ പരിപാടി അല്ലാത്തതുകൊണ്ടാണെന്നും വനിത മതിലിൽ പങ്കെടുക്കുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നം അല്ലാത്തതുകൊണ്ടാണെ്‌നും പറഞ്ഞ് തുഷാർ തന്നെ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ രാഷ്ട്രീയ സഖ്യത്തിലേക്കാണ് ഈ ചുവട് മാറ്റിയുള്ള അണിനിരക്കൽ എന്ന വിലയിരുത്തലാണ് സജീവമായി ഉള്ളത്.

ശബരിമല കർമ്മസമിതി ബിജെപി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയിൽ നിന്ന് എൻ.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വിട്ടു നിന്നു. തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തില്ല. അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നവർക്ക് എസ്.എൻ.ഡി.പിയിൽ ഇടമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. നവോത്ഥാന മതിൽ എന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് പിണറായി വിജയന് പിന്തുണയുമായി രംഗത്ത് എത്തിയതാണ് വെള്ളാപ്പല്‌ളി നടേശൻ.

ഡിസംബർ 26നാണ് അയ്യപ്പജ്യോതി നടന്നത്. അയ്യപ്പജ്യോതിയിൽ പങ്കെടുക്കുമെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി അറിയിച്ചത്. എന്നാൽ, അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നവർക്ക് എസ്.എൻ.ഡി.പിയിൽ ഇടമുണ്ടാകില്ലെന്നും സംഘടന സർക്കാർ നടത്തുന്ന വനിതാ മതിലിനൊപ്പമാണെന്നും വെള്ളാപള്ളി നടേശൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ബി.ഡി.ജെ.എസ് അയ്യപ്പജ്യോതിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിവരം.സർക്കാർ നടത്തുന്ന വനിത മതിലിന് ബദലായാണ് അയ്യപ്പ കർമ്മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ബിജെപിക്ക് പുറമേ എൻ.എസ്.എസും അയ്യപ്പജ്യോതിയെ പിന്തുണച്ചിരുന്നു. എന്നാൽ, സംഘടനയുടെ നേതാക്കളാരും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.