തിരുവനന്തപുരം: ബിജെപിക്ക് ഏറെ സാധ്യതകളുള്ള മണ്ഡലാണ് ചെങ്ങന്നൂർ. ഉപതിരഞ്ഞെടുപ്പ് വരാനാരിക്കുന്ന ഇവിടെ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി ഒരുങ്ങുന്നത്. അതിന് വേണ്ടി ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസിനെ അനുനനയിപ്പിക്കാനും ശ്രമം ശക്തമാക്കി. ഇതിന്റെ ഭാഗമായി തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകി തൃപ്തിപ്പെടുത്താനാണ് ബിജെപി നീക്കം. ബിജെപിയുടെ ടിക്കറ്റിലാകും ബിഡിജെഎസ് അധ്യക്ഷൻ രാജ്യസഭയിലേക്ക് പോകുക. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മാത്രമല്ല, ബിജെപിയുടെ ലക്ഷ്യം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കം.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കുമത്സരിക്കുമെന്ന ബി.ഡി.ജെ.എസ്. മുന്നറിയിപ്പ് അപകടം മണക്കുന്നതായിരുന്നു. ഈ തിരിച്ചറിവിനെ തുടർന്നാണ് അനുനയിപ്പിക്കാൻ വേണ്ടി ബിജെപി രംഗത്തെത്തിയത്. ഫെബ്രുവരി 18-ന് ബിജെപി. കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാസെക്രട്ടറി എം. ഗണേശൻ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ അധ്യക്ഷൻ അമിത് ഷാ, ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി രാംലാൽ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തുഷാറിന് രാജ്യസഭാസീറ്റ് നൽകാൻ ധാരണയായത്.

മുന്നണികൾ പ്രബലമായ കേരളത്തിൽ ബിഡിജെഎസിനെ പോലെ ജനപിന്തുണുള്ള കക്ഷിയെ ഒഴിവാക്കുന്നത് നേട്ടമാകില്ലെന്ന നിലപാടാണ് ബിജെപി മുന്നോട്ടു വെച്ചത്. എൻഡിഎ വിട്ടാൽ ബിഡിജെഎസ് യുഡിഎഫ് പാളയത്തിലേക്ക് പോയാൽ അതും തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തുഷാറിന് സ്ഥാനം നൽകാമെന്ന തീരുമാനം കൈക്കൊണ്ടത്. ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ എത്തിക്കാനാണ് നീക്കം. ഉത്തർപ്രദേശിലെ 10 സീറ്റും മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലെ ആറുവീതം സീറ്റും ഒഴിവുണ്ട്.

മാർച്ച് 23-ന് 16 സംസ്ഥാനങ്ങളിലായി ഒഴിവുള്ള 59 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപി.ക്ക് വിജയം ഉറപ്പുള്ള സീറ്റിലായിരിക്കും തുഷാർ മത്സരിക്കുക. 12-നുമുമ്പ് തുഷാർ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ് ബിജെപി. കേന്ദ്രങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ ബിജെപി. സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ള 42,682 വോട്ടുനേടി ഇരുമുന്നണികൾക്കും കടുത്ത ഭീഷണി ഉയർത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിലും അദ്ദേഹത്തെത്തന്നെ പരീക്ഷിക്കാനാണ് പാർട്ടി തീരുമാനം.

കാര്യമായ പ്രതീക്ഷയോടെ തന്നെയാണ് ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥി രംഗത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ വിജയം ഉറപ്പിക്കണമെന്ന കർശന നിർദേശവും അമിത് ഷായും കൂട്ടരും നൽകുന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടർമാരിൽ 19.5 ശതമാനം ഈഴവ വിഭാഗത്തിൽപ്പെട്ടവരും 12.6 ശതമാനം പേർ പട്ടികവിഭാഗക്കാരുമാണ്. ഈ വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുകയും ക്രൈസ്തവ വിഭാഗക്കാരുടെ കൂടി പിന്തുണ ലഭിച്ചാൽ വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതു വിലയിരുത്തൽ.

ഇടതുസർക്കാർ അധികാരത്തിലെത്തിയതു മുതൽ, തരംകിട്ടുമ്പോഴൊക്കെ ബിജെപി. സംസ്ഥാന നേതൃത്വത്തിനെതിരേ വെള്ളാപ്പള്ളി വിമർശനങ്ങൾ അഴിച്ചുവിട്ടിരുന്നു. കേന്ദ്രസർക്കാർ ബി.ഡി.ജെ.എസിന് വാഗ്ദാനംചെയ്ത പദവികൾ വൈകുന്നതിൽ കടുത്ത അമർഷത്തിലായിരുന്നു വെള്ളാപ്പള്ളി. തുടക്കത്തിൽ വെള്ളാപ്പള്ളിയെ തിരുത്തുന്ന നിലപാടാണ് തുഷാർ സ്വീകരിച്ചിരുന്നതെങ്കിലും അടുത്തിടെയായി പിതാവിന്റെ വഴിയേ ആയിരുന്നു മകനും. ഇതോടെയാണ് ബിജെപി നിലപാട് മാറ്റിയത്.