ആലപ്പുഴ: കേരളത്തിന്റെ മദ്യനയം കുടിയന്മാരെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പോക്കറ്റിലുള്ള കാശിന് രണ്ടെണ്ണം അടിച്ച് നേരത്തെ കുടിയിലെത്തിയിരുന്ന മദ്യപന്മാർ ഇപ്പോൾ പുലർച്ചെയും വീട്ടിലെത്തുന്നില്ലെന്നാണ് അറിയുന്നത്. മദ്യനയം മൂലം ബാറുകൾ അടച്ചതോടെ സർക്കാർ ഔട്ട്ലെറ്റുകളിൽനിന്നും മദ്യം വാങ്ങി അടിച്ചു തീർക്കാൻ മദ്യപന്മാർക്കു തട്ടുകട തപ്പേണ്ട ഗതികേടാണെന്നും തുഷാർ വെള്ളാപ്പള്ളി മറുനാടനോട് പറഞ്ഞു.

ലോകത്ത് എവിടെയുമില്ലാത്ത നയമാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയത്. ബാർ വിഷയത്തിൽ ഏറ്റവും വലിയ പ്രശ്നമുണ്ടാക്കിയ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പോലും ശുചിത്വമുള്ള ബാറുകൾ വേണമെന്നാണ് ശാഠ്യം പിടിച്ചത്. സുധീരനോടുള്ള പക മൂത്ത് ഉമ്മചാണ്ടി മുഴുവൻ ബാറുകളും പൂട്ടാനുള്ള അവസരം ഒരുക്കി. ഇപ്പോൾ ചക്കിനു വച്ചതുകൊക്കിനു കൊണ്ടതുപോലായി. ബാർക്കോഴയിൽ പിടിവീണത് മുഴുവൻ ഉമ്മൻ ചാണ്ടിയുടെ അനുചരന്മാർ.

സംസ്ഥാനത്ത് ബാറുകൾ പൂട്ടിയിടുന്നതിനോട് ബിഡി ജെ എസ്സിന് താല്പര്യമില്ല. മദ്യസേവ കുറയ്ക്കാൻ ഇറങ്ങിയ സർക്കാർ ഇപ്പോൾ വ്യാജമദ്യം പിടികൂടാനാണ് സമയം കളയുന്നത്. മദ്യം നിരോധിക്കുമെന്നു പറഞ്ഞ മുൻ സർക്കാർ പിന്നെയെന്തിനാണ് ബിയർ പാർലറുകൾ അനുവദിച്ചത്. ബിയർ മദ്യഗണത്തിൽപ്പെടുന്നതല്ലെ? ദിർഘവീക്ഷണമില്ലാത്ത മുൻസർക്കാർ സംസ്ഥാനത്തിന്റെ അതിർത്തിജില്ലകളെകുറിച്ച് മറന്നു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ തമിഴനാട്, കർണ്ണാടക സംസ്ഥാനങ്ങളുമായി ചേർന്നു കിടക്കുന്നവയാണ്. ഇവിടെ മദ്യനിരോധനം ഇല്ലാത്തതിനാൽ ഏത് മദ്യവും സുലഭമായി ലഭിക്കും. മദ്യം കേരളത്തിലേക്ക് കടത്തുന്നതിൽ യാതൊരു തടസവുമില്ല. പിന്നെ എങ്ങനെയാണ് മദ്യസേവ സർക്കാരിന് കുറയ്ക്കാൻ കഴിയുന്നത്. വ്യജ ഡിസ്റ്റിലറികളും വ്യാജമദ്യവും സംസ്ഥാനത്ത് സുലഭമായി ഒഴുകിയിട്ടും പൊലീസിനോ വേണ്ടപ്പെട്ടവർക്കോ ഒന്നും ചെയ്യാൻ  കഴിഞ്ഞില്ല. ഇനി ഉൽസവ സീസണുകൾ വരുകയാണ്. വ്യാജമദ്യ പെരുമഴതന്നെയായിരിക്കും സംസ്ഥാനത്ത്. ലോകത്ത് ഏത് കാര്യത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം വൻ ആപത്താണ് വിളിച്ചു വരുത്തിയിട്ടുള്ളത്. ഇവിടെ മദ്യം നിരോധിച്ചതു വഴി യാതൊരു ഗുണവും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. കൂടുതൽ മദ്യപന്മാരെ പൊതുവഴിയിൽ മദ്യപിച്ചതിന് അറസ്റ്റു ചെയ്യാനും കേസ് എടുക്കാനും മാത്രമെ സഹായിച്ചിട്ടുള്ളു. കടുത്ത നിയന്ത്രണം മദ്യപന്മാരെ മര്യാദയില്ലാത്തവരാക്കി. ഒരു സമൂഹത്തെ വഴിപിഴപ്പിക്കാൻ മാത്രമാണ് മദ്യനയം കൊണ്ട് സാധിച്ചിട്ടുള്ളുവെന്നാണ് തന്റെ അഭിപ്രായം. പിന്നെ സംസ്ഥാനത്തിന്റെ വിദേശ വരുമാനം കുറയ്ക്കാനും കഴിഞ്ഞു.

വിനോദ സഞ്ചാരത്തിലൂടെ കോടികൾ കൊയ്ത സർക്കാരിന് ഇക്കൊല്ലം വൻ തിരിച്ചടിയാണ് ലഭിക്കാൻ പോകുന്നത്. വിദേശികളാരും ഇന്ത്യയിലെക്ക് അടുത്ത സമയത്തൊന്നും പഴയതുപോലെ എത്തുമെന്ന് തോന്നുന്നില്ല. തനിക്ക് അറിയാവുന്ന പല വിദേശസുഹൃത്തുക്കളും ഇന്ത്യ വിട്ട് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് പോകാൻ തയ്യാറായിക്കഴിഞ്ഞു. കേരളത്തിലെവിടെയും ഈ സീസണിൽ റിസോർട്ടുകൾ ഒഴിവായിരിക്കും.അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് സാമ്പത്തികനാശം വരുത്തുന്ന മദ്യനയം പുതിയ സർക്കാർ തിരുത്തിയെഴുതണം. ബി ഡി ജെ എസ് സംസ്ഥാനത്ത് വൻശക്തിയായി മാറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതാണ് വ്യക്തമാക്കുന്നത്.

മൈക്രോഫിനാൻസ് വിവാദം ബി ഡി ജെ എസ്സിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. മൈക്രോഫിനാൻസ് വിവാദം തന്നെ അനാവശ്യമാണ്. ദേശസാൽകൃത ബാങ്കുകളിൽനിന്നും പണം വായ്പയെടുത്ത് പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്നതിന് സർക്കാരിന് എന്തുനഷ്ടം. പിന്നോക്ക വികസന കോർപ്പറേഷൻ വഴി വായ്പയെടുത്ത് 15 കോടിയിൽ 13 കോടിയും തിരിച്ചടച്ചു കഴിഞ്ഞു. ഇനി സമയബന്ധിതമായി 2 കോടി മാത്രം അടച്ചു കൊടുത്താൽ മതി. പിന്നെ എന്താണ് വിവാദം. ഇപ്പോൾ ഇടപാടുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസു പോലും നിലനിൽക്കുന്നതല്ല. മറിച്ച് ഇരുമുന്നണികൾക്കെതിരെ എസ് എൻ ഡി പി യും ബി ഡി ജെ എസും എടുത്ത നിലപാടുകളാണ് ഈ പുകിലുകൾക്കെല്ലാം കാരണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.