കോട്ടയം: സംസ്ഥാന സർക്കാറിന്റെ വനിതാ മതിൽ വർഗീയ മതിൽ അല്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി. സർക്കാർ പരിപാടിയായ വനിതാ മതിലിൽ ആർക്കും പങ്കെടുക്കാമെന്നും വനിതാ മതിലിനെ ചൊല്ലി പാർട്ടിയിൽ അഭിപ്രായഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുഷാറിന്റെ നിലപാടുകൾ വിവാദമായ ഘട്ടത്തിലാണ് അദ്ദേഹം ഈ വിഷയത്തിൽ നിലപാടുമായി രംഗത്തുവന്നത്.

'വനിതാ മതിൽ ശബരിമല വിഷയത്തിനെതിരല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളെ വിളിച്ചുകൂട്ടി സംഘടിപ്പിക്കുന്ന വനിതാ മതിൽ ഒരു ഓർമ്മപ്പെടുത്തലാണ്. ഇത് ശബരിമലയ്ക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല. വനിതാ മതിൽ ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമാണെന്നും അയ്യപ്പജ്യോതി വനിതാ മതിലിന് എതിരാണെന്നും മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്- തുഷാർ വ്യക്തമാക്കി. വനിതാ മതിൽ വിഷയത്തിൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ അഭിപ്രായത്തെയും അദ്ദേഹം തള്ളി. അക്കീരമൺ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്നായിരുന്നു ഇതേക്കുറിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.

'എസ്.എൻ.ഡി.പിയും ബി.ഡി.ജെ.എസും വിശ്വാസികൾക്കൊപ്പമാണെന്ന് നൂറുതവണ ആണയിട്ട് പറഞ്ഞതാണ്. എൻ.ഡി.എ. നടത്തിയ രണ്ട് റാലികളിലും താൻ പങ്കെടുത്തിരുന്നു. ചിലർ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. ഇക്കാര്യത്തെചൊല്ലി പാർട്ടിയിലും എൻ.ഡി.എയിലും അഭിപ്രായഭിന്നതയില്ല. അയ്യപ്പജ്യോതിയിലും തങ്ങൾ പങ്കെടുത്തിരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ തന്നെ ബി.ഡി.ജെ.എസ്. മത്സരിക്കും'-തുഷാർ പറഞ്ഞു.

വനിത മതിലില് പങ്കെടുക്കുന്നതിനെ ചൊല്ലി എൻഡിഎയ്ക്ക് ഉള്ളിൽ തർക്കവും ഭിന്നതയും രൂക്ഷമായിരുന്നു. സംസ്ഥാന സർ്ക്കാരാണ് വനിത മതിൽ പണിയുന്നത്. സിപിഎമ്മിന്റെ പാർട്ടി മിഷനറികൾ മതിൽ വൻ വിജയമാക്കാൻ വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്. എന്നാൽ മതിലിനെ ചൊല്ലി കലഹം രൂക്ഷമാകുന്നത് എൻഡിഎയിലുമാണ് എന്നതാണ് വിരോധാഭാസം. എൻഡിഎ ചെയർമാനായ തുഷാർ വെള്ളാപ്പള്ളി മതിലിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് മുന്നണിയിലും ബിഡിജെഎസ്സിന് ഉള്ളിലും ഭിന്നത രൂക്ഷമാണ്. എന്നാൽ താൻ മതിലിന്റെ ഭാഗമാകില്ലെന്നാണ് തുഷാർ പറഞ്ഞത്.

വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടിരുന്നു. വനിത മതിൽ സംഘടിപ്പിക്കുന്നത് ശബരിമല വിഷയത്തിലല്ലെന്ന് അതിന്റെ സംഘാടകർ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ പിന്നെ അതിൽ തുഷാർ പങ്കെടുക്കുന്നത് തെറ്റാകുന്നത് എങ്ങനെയാണെന്നും ശ്രീധരൻ പിള്ള ചോദിക്കുന്നു. ഇതിനെതിരെ ബിജെപിയിൽ തന്നെ ഒരു വിഭാഗം രംഗത്ത് വന്നു കഴിഞ്ഞു.

ശ്രീധരൻപിള്ളയുടെ പ്രസ്താവനയിൽ ബിജെപിക്കുള്ളിൽ അതൃപ്തി നിലനിൽക്കെ തുഷാറിനെതിരെ ബിഡിജെഎസ് വൈസ് പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രംഗത്തെത്തി. വനിതാ മതിൽ സംബന്ധിച്ച് ബിഡിജെഎസിൽ ഭിന്നത. തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട്.തുഷാർ പറഞ്ഞത് എസ്എൻഡിപിയുടെ അഭിപ്രായമാണ്. തുഷാറൊഴികെയുള്ള ബിഡിജെഎസ് ഭാരവാഹികളെല്ലാം അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തു.

വനിത മതിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്നെയാണെന്നും ബിഡിജെഎസ് യോഗം കൂടാതെയാണ് തുഷാർ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മതിൽ സർക്കാർ പരിപാടിയാണെന്നും പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുമുള്ള തുഷാറിന്റെ അഭിപ്രായമാണ് അക്കീരമൺ തള്ളിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലെന്നും തുഷാർ പറഞ്ഞിരുന്നു.

എസ്എൻഡിപി ആദ്യം മുതൽ തന്നെ വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന പിന്നാലെയാണ് യോഗം വൈസ് പ്രസിഡന്റും എന്നാല് അതേ സമയം എൻഡിഎ ചെയർമാനായ തുഷാർ വെള്ളാപ്പള്ളിയും മതിലിന് എത്തുന്നത്. ഇത് വെള്ളാപ്പള്ളിയും ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളിയും പ്രബല വിഭാഗവും ഇടത്പക്ഷത്തേക്ക് എത്തുന്നുവെന്ന വാർത്തയും വരുന്നത്. തുഷാറിനെ ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

വനിതാമതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസ്സിലും തർക്കം ശക്തമായിരിക്കുകയാണ്. അയ്യപ്പജ്യോതിയിൽ നിന്നും വിട്ടുനിന്ന എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. തന്നെയും മകനെയും തമ്മിലകറ്റാൻ ബിജെപി ശ്രമിക്കുന്നതായി വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വനിതാ മതിലിൽ തീരുമാനം തുഷാറിന് വിട്ട് മൃദുനിലപാടെടുത്തിരിക്കുകയാണ്.