നെടുങ്കണ്ടം: ഉടുമ്പൻചോലയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സന്തോഷ് മാധവന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്താനുമായി ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിലെത്തി. സ്ഥാനാർത്ഥിക്കൊപ്പം മണ്ഡലത്തിലെ പ്രധാന ബിജെപി.-ബി.ഡി.ജെ.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

നിലവിലുള്ള സാഹചര്യത്തിൽ ഉടുമ്പൻചോലയിൽ വലിയ വിജയപ്രതീക്ഷയാണ് ഉള്ളതെന്നും ഇതിനായുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗത്തിനുശേഷം സന്തോഷ് മാധവൻ പാമ്പാടുംപാറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ വിവരിച്ചായിരുന്നു പര്യടനം.

അന്യാർതൊളുവിൽ നടത്തിയ പൊതുസമ്മേളനത്തോടെ തിങ്കളാഴ്ചത്തെ പര്യടനം സമാപിച്ചു. വിവിധ മേഖലകളിൽ എൻ.ഡി.എ. നേതാക്കളായ ഷാജി നെല്ലിപ്പറമ്പിൽ, സി.ഡി.സജീവ്, അജി മുട്ടുകാട്, കെ.ആർ.സുനിൽകുമാർ, ബിജു കോട്ടയിൽ, ബിനു അമ്പാടി, കെ.പി.അനീഷ്, പി.ആർ.ബിനു എന്നിവർ പ്രസംഗിച്ചു.