ആലപ്പുഴ: കാസർഗോഡ് സ്ഥാപിതമായ കേന്ദ്രസർവ്വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറിന്റേതായി മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് തുഷാർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് അനേകം മതസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയ്‌ക്കൊക്കെ ആചാര്യന്മാരുണ്ടെന്നും ഗുരുവിന്റെ പേര് സർവകലാശാലയ്ക്ക് നൽകിയാൽ രാജ്യത്തുള്ള മുഴുവൻ സംഘടനകളും അവരവരുടെ ആചാര്യന്മാരുടെ പേരിടണമെന്നാവശ്യപ്പെടുമെന്നും അതൊഴിവാക്കാനാണ് കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടുന്നതിൽനിന്നും കേന്ദ്രം പിന്മാറിയതെന്നുമാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ വ്യക്തമാക്കിയത്.

എന്നാൽ, കേന്ദ്രമന്ത്രിക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് വാർത്തയ്ക്ക് പിന്നലെന്നാണ് താൻ മനസിലാക്കുന്നതെന്നും തുഷാർ പറഞ്ഞു. നാമകരണവുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ്സിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യം അറിയാവുന്ന രണ്ടുപേർമാത്രമാണുള്ളത്. ഒന്ന് അമിത് ഷായും മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മന്ത്രികാര്യാലയത്തിൽനിന്നും ചില ഉദ്യോഗസ്ഥർ എഴുതിവിട്ട സ്റ്റേറ്റ്മെന്റ് മാത്രമാണത്. വരുന്ന 12ന് താൻ പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷനെയും കാണുന്നുണ്ട്. കാര്യങ്ങൾ അവിടെ അവതരിപ്പിക്കും. തനിക്ക് രേഖാമൂലം ലഭിക്കാത്ത ഒരു കാര്യത്തെക്കുറിച്ചു പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നില്ല. മറിച്ച് ബി ഡി ജെ എസ്സിന്റെ ആവശ്യങ്ങളിലൊന്നാണ് ഗുരുവിന്റെ നാമകരണ വിഷയം. അത് പ്രധാനമന്ത്രി അംഗീകരിക്കുമെന്നാണ് തന്റെ വിശ്വാസം.

എസ് എൻ ഡി പി യോഗം സെക്രട്ടറി ബിജെപി അധ്യക്ഷനെ കണാൻ മടിച്ചുവെന്ന വാർത്ത തെറ്റാണ്. അങ്ങനെ യോഗം സെക്രട്ടറിക്ക് കൂടെക്കൂടെ അമിത്ഷായെ കാണേണ്ട ആവശ്യം ഇല്ല. ഘടകകക്ഷിയെന്ന നിലയിൽ താൻ അമിത്ഷായ്ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളാപള്ളി രണ്ടുവട്ടം മാത്രമെ അമിത്ഷായെ കണ്ടിട്ടുള്ള. പതിവായി അമിത്ഷായെ കാണുന്ന സാഹചര്യം യോഗം സെക്രട്ടറിക്ക് ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല.മറിച്ച് രാഷ്ട്രീയ വിവാദത്തിന് വേണ്ടി അത്തരം കൂടിക്കാഴ്ച വേണമെങ്കിൽ ചർച്ച ചെയ്യാം.

ഇതിനിടെ, മന്ത്രികാര്യാലയത്തിൽനിന്നും വിജ്ഞാപനം ഇറങ്ങിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ഗുരുവിന്റെ പ്രതിമ സർവ്വകലാശാല കാമ്പസിൽ സ്ഥാപിക്കാൻ ശ്രമം നടത്തുന്നതായും പറയുന്നു. ഏതായാലും ഘടകകക്ഷിയെന്ന നിലയിൽ ബി ഡി ജെ എസ് ആവശ്യപ്പെട്ടതും ബിജെപി നൽകാമെന്നു പറഞ്ഞതുമായ പല വാഗ്ദാനങ്ങളും പാഴായ കൂട്ടത്തിൽ ഗുരുവിന്റെ നാമകരണവും കൈയാലപ്പുറത്തെ തേങ്ങ പോലെയായി.