പത്തനംതിട്ട: കടവും ജീവിത പ്രാരബ്ധവും വലച്ചപ്പോഴാണ് ചിറ്റാർ മണക്കയം മൈലയ്ക്കൽ ത്യാഗരാജൻ എന്ന ബാങ്ക് ജീവനക്കാരൻ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പതിവായത്. അതിന് ഫലവുമുണ്ടായി.

ഒടുവിൽ വന്ന് ഒന്നാമനായ ഭാഗ്യവാനാകാൻ ത്യാഗരാജന് കഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ത്യാഗരാജനാണ് കിട്ടിയത്. നറുക്കെടുക്കാൻ ഏതാനും മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേയാണ് വിൽപനക്കാരന്റെ കൈയിൽ അവശേഷിച്ചിരുന്ന അവസാന നാലു ടിക്കറ്റും ത്യാഗരാജൻ എടുത്തത്. ഫലം വന്നപ്പോൾ 60 ലക്ഷം ഒന്നാം സമ്മാനവും 10,000 രൂപ വീതമുള്ള മൂന്ന് സമാശ്വാസ സമ്മാനവും ഇദ്ദേഹത്തിന് കിട്ടി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അഞ്ചേക്കർ സ്വദേശി അനീഷിൽ നിന്ന് അവസാന മൂന്നു ടിക്കറ്റും ത്യാഗരാജൻ എടുത്തത്. രണ്ടരയ്ക്ക് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനവും പിന്നൊരു 30,000 കൂടെപ്പോന്നു. ഗ്രാമീൺ ബാങ്ക് ജീവനക്കാരനായ ത്യാഗരാജന് ലോട്ടറി എടുപ്പ് ജീവിതത്തിന്റെ ഭാഗമാണ്. അല്ലറ ചില്ലറ സമ്മാനങ്ങൾ ഒക്കെ കിട്ടിക്കൊണ്ടിരുന്നതു കൊണ്ട് ടിക്കറ്റെടുപ്പ് നിർബാധം തുടർന്നു പോന്നു. കേരളാ ഗ്രാമീൺ ബാങ്ക് ചിറ്റാർ ശാഖയിലെ ജീവനക്കാരനാണ് ത്യാഗരാജൻ. ബാധ്യതകളും ഏറെയുണ്ട്.

അവ എങ്ങനെ തീർക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് എസ്എൻ 726156 ടിക്കറ്റിലൂടെ ഭാഗ്യമെത്തിയത്. ഇതേ ഇതേ നമ്പരിലുള്ള മൂന്നു സീരിസ് കൂടി കൈവശം ഉണ്ടായിരുന്നതിനാലാണ് 30000 രൂപ സമാശ്വാസസമ്മാനവും ലഭിച്ചത്. സിന്ധുവാണ് ഭാര്യ. മക്കൾ: രാജിമോൾ, ധന്യ മോൾ.