തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന സ്പോർട്ട്സ്-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജൻ ഉത്ഘാടനം ചെയ്യ്തു. കാര്യവട്ടം സ്പോർട്ട്സ് ഹബ്ബിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ അഡ്വ:വി.കെ. പ്രശാന്ത്, കെ സി എ പ്രസിഡണ്ട് സജൻ.കെ.വർഗീസ്, സെക്രട്ടറിഅഡ്വ: ശ്രീജിത്ത് വി.നായർ, ട്രഷറർ കെ.എം.അബ്ദുറഹിമാൻ, ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാനും ബിസിസിഐ അംഗവുമായ ജയേഷ്ജോർജ് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ, പേടിഎം പ്രതിനിധി ഹരി ഗുണ്ട്ലപ്പള്ളി എന്നിവർ പങ്കെടുത്തു.

1000 (അപ്പർ ടിയർ), 2000( ലോവർ ടിയർ ചെയർ), 3000 (സ്പെഷ്യൽ ചെയർ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റുകൾ പേടിഎം വഴിയും insider.in വഴിയും (www.paytm.com, www.insider.in) മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ഡിജിറ്റൽടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓൺലൈൻ ലിങ്ക് കെസിഎ വെബ്ബ്സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റ് ലഭിക്കും.

സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാൻ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോൾഡറുടെ തിരിച്ചറിയൽ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. വിദ്യാർത്ഥികൾ സ്‌ക്കൂളിലെയോ/ കോളേജിലെയോ തിരിച്ചറിയൽകാർഡ് ഹാജരാക്കണം. വിദ്യാർത്ഥികൾക്ക് 1000 രൂപയുടെ ടിക്കറ്റിൽ 50 ശതമാനം കിഴിവ് ലഭിക്കും. 1000 രൂപയുടെ ടിക്കറ്റിന് പ്രത്യേകം സീറ്റ് നീക്കിവെക്കുന്നതല്ല. 2000ത്തിന്റെയും 3000ത്തിന്റെയും ടിക്കറ്റുകൾക്കുള്ള സീറ്റുകൾ പേടിഎം ആപ്പിലെ ലേഔട്ട് നോക്കി ബുക്ക് ചെയ്യാവുന്നതാണ്.

ഒരാൾക്ക് ഒരു യൂസർഐഡിയിൽ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഒരു ഐഡിയിൽ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതാദ്യമായാണ് വിൽപ്പനക്കുള്ള 100 ശതമാനം ടിക്കറ്റും ഓൺലൈൻ വഴി വിൽപ്പന നടത്തി മത്സരത്തിന് സ്റ്റേഡിയത്തിനകത്തേക്ക് ഡിജിറ്റൽ എൻട്രി നടപ്പാക്കുന്നത്.