സൂറിച്ച്: ട്രെയിനിൽ കയറും മുമ്പ് ടിക്കറ്റ് വാങ്ങുന്നതിനും മറ്റുമുള്ള തിരക്ക് ഒഴിവാകാൻ ഇനി അധികം കാലതാമസമില്ല. സ്വിസ് റെയിൽ ഓപ്പറേറ്ററായ എസ്ബിബി പദ്ധതികൾ പൂർണതോതിൽ നടപ്പായാൽ സ്വിസ് പാസ് കാർഡിൽ ഇനി ട്രെയിൻ യാത്ര സുഗമമാക്കാം. യാത്രക്കാരൻ ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും മറ്റും രേഖപ്പെടുത്തുന്ന സെൻസറുകൾ മുഖേനയാണ് ഇനി ടിക്കറ്റില്ലാ യാത്ര സ്വിറ്റ്‌സർലണ്ടിൽ നടപ്പാകുന്നത്.

ബിബോ എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിൽ ട്രെയിൻ സ്‌റ്റേഷനുകൾക്കിടയിൽ കാർഡ് ഹോൾഡറുടെ ചലനം രേഖപ്പെടുത്തുന്നതാണ്. യാത്ര ചെയ്യുന്ന സമയം ഓട്ടോമാറ്റിക് ആയി കണക്കാക്കി യാത്രക്കാരന് ബിൽ അയച്ചുകൊടുക്കുന്ന രീതിയാണ് നിലവിൽ എസ്ബിബി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഈ കാർഡ് സ്‌കാൻ ചെയ്യുന്നു. ഈ വിവരങ്ങൾ കേന്ദ്രീകൃത ഓഫീസിലെത്തിച്ച് നിരക്ക് കണക്കാക്കി ബിൽ യാത്രക്കാരന് ഇ-മെയിൽ ചെയ്തുകൊടുക്കും.

അതേസമയം കാർഡ് ഉണ്ടെങ്കിൽ മാത്രം ട്രെയിനിൽ കയറാൻ കഴിയുന്ന സംവിധാനവും തയാറാണ്. സഗ്ഗിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇതു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിജയിച്ചാൽ 2025-ഓടെ രാജ്യമെമ്പാടും ഈ കാർഡ് സംവിധാനം പ്രാവർത്തിമാകും.