കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഖത്തറിലെ തിരക്കേറിയ റോഡിലൂടെ ഒരു കടുവ വിലസുന്ന ചിത്രം സോഷ്യൽമീഡിയിയൽ വൈറലായത്. തുടർന്ന് മാദ്ധ്യമങ്ങളിലെല്ലാം വാർത്ത പരക്കുകയും ചെയ്തിരുന്നു. കടുവയുടെ ഉടമസ്ഥനെ തേടി പൊലീസ് അന്വേഷണം തുടങ്ങിയതോടെ പിടിയിലായതാവട്ടെ മലയാള സിനിമക്കാരും.

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'മരുഭൂമിയിലെ ആന' എന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി കൊണ്ടുവന്ന കടുവയാണ് റോഡിൽ ഇറങ്ങിയതെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്.ചിത്രീകരണ ത്തിനു വേണ്ടി കൊണ്ടുപോവുന്നതിനിടെ കൂട് തുറന്ന് വാഹനത്തിൽനിന്ന് പുറത്തുചാടിയതായിരുന്നു കടുവ.അറബ് വസ്ത്രം ധരിച്ച ഒരാൾ കടുവയെ കൊണ്ടുപോവുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.

എന്നാൽ സംഭവം സോഷ്യൽമീഡിയ വഴി വൈറലായതോടെ ഖത്തർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സിനിമാ സംഘം പിടിയിലാവുകയും ഇവർക്കെതിരെ വൻ തുക പിഴ ഈടാക്കിയയെന്നും റിപ്പോർട്ടിൽ പറയുന്നു..

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ഖത്തറിലെ വ്യവസായി ഡേവിഡ് എടക്കളത്തൂരും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്..ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങിയ സംഘം ഏതാനും സീനുകൾക്കായി വീണ്ടും ദോഹയിലെത്തും.