- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനപാലകർ വളർത്തിയ 'മംഗള' കാടുകാണാനിറങ്ങി; അമ്മ ഉപേക്ഷിച്ച കടുവ കുഞ്ഞിന് ഇരതേടാൻ പരിശീലനം; വേട്ടയാടലിന് വനത്തിനുള്ളിൽ പ്രത്യേക സംരക്ഷിത മേഖല; ചെലവ് 50 ലക്ഷം; രാജ്യാന്തര കടുവ ദിനത്തിൽ ശ്രദ്ധാകേന്ദ്രമായി പെരിയാർ കടുവ സങ്കേതം
ഇടുക്കി: അമ്മ ഉപേക്ഷിച്ചതിനെ തുടന്ന് വനപാലകർ എടുത്തു വളർത്തിയ മംഗളക്ക് ഇനി സ്വയം പരിശീലനത്തിന്റെ നാളുകൾ. കഴിഞ്ഞ എട്ട് മാസമായി വാച്ചർമാരുടെ പരിചരണത്തിലായിരുന്ന മംഗളയെന്നു പേരു നൽകിയിട്ടുള്ള കടുവക്കുട്ടിയെ വേട്ടയാടൽ പഠിക്കാൻ ഇന്ന് പുതിയ തട്ടകത്തിലേക്ക് മാറ്റി.
പെരിയാർ കടുവ സങ്കേതത്തിൽ, വനത്തിനുള്ളിൽ പ്രത്യേക സംരക്ഷിത മേഖലയൊരുക്കിയാണ് മംഗള യെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു കടുവ കുഞ്ഞിനെ ഇങ്ങനെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതെന്ന് കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു,ഫീൽഡ് ഡയറക്ടർ കെ. ആർ. അരുൺ കുമാർ എന്നിവർ വ്യക്തമാക്കി.
മംഗളാദേവി മലയടിവാരത്തിൽ കഴിഞ്ഞ നവംബറിലാണ് രണ്ടര മാസം പ്രായമുള്ള മംഗളയെന്ന കടുവ കുഞ്ഞിനെ വനപാലകർ കണ്ടെത്തിയത്. പെരിയാർ കടുവ സങ്കേതത്തിലെ കരടിക്കവലക്ക് സമീപത്തുള്ള വനംവകുപ്പിന്റ ചെറിയ കൂട്ടിലായിരുന്നു മംഗള കഴിഞ്ഞ എട്ടുമാസം കഴിഞ്ഞിരുന്നത്. വളർന്നു വലുതായതോടെയാണ് പുതിയ സ്ഥലത്തേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്.
ലോക കടുവ ദിനമായ വ്യാഴാഴ്ച മംഗളയെ കാട്ടിലേക്ക് വിടാൻ ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയാണ് നിർദ്ദേശം നൽകിയത്. ഇതിനായി തേക്കടി റേഞ്ചിലെ കൊക്കരക്കണ്ടം ഭാഗത്ത് 22 അടി ഉയരത്തിലും പതിനായിരം അടി വിസ്തൃതിയിലും കമ്പിവേലി കെട്ടി തിരിച്ച് കടുവക്കുട്ടിക്കായി 'സ്വന്തം' വനം ഒരുക്കുകയായിരുന്നു.
രണ്ടു ദിവസത്തിനു ശേഷം സ്വന്തമായി വേട്ടയാടാനും വനപ്രദേശത്ത് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ പരിശീലിപ്പിക്കുന്നതിമായി ഇതിനോട് ചേർന്നുള്ള സ്വാഭാവിക വനപ്രദേശത്തേക്ക് തുറന്നുവിടും. ജീവനുള്ള ഇരയെ ഇവിടേക്ക് തുറന്നുവിട്ട് വേട്ടയാടാൻ പഠിപ്പിക്കും.
കുറച്ചു നാളുകൾക്ക് ശേഷം വിസ്തൃതി വർദ്ധിപ്പിച്ച് പത്തു ചതുരശ്ര കിലോമീറ്ററാക്കും. അതിനു ശേഷമായിരിക്കും ഉൾകാട്ടിലേക്ക് മംഗളയെ തുറന്നു വിടുക.
50 മൃഗങ്ങളെയെങ്കിലും വേട്ടയാടി പിടിച്ചാൽ മാത്രമേ ഉൾവനത്തിലേക്ക് തുറന്നു വിടാവൂ എന്നാണ് ചട്ടം. പരിചരിച്ച ആളുകളുമായുള്ള സമ്പർക്കം പോലും ഇതിനുള്ളിൽ പൂർണമായി ഒഴിവാക്കും. 24 മണിക്കൂറും നീരീക്ഷണത്തിനായി ഇവിടെ ഏഴു നിരീഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.50 ലക്ഷത്തോളം രൂപ പരിശീലനത്തിനുമാത്രമായാ ചെലവുപ്രതീക്ഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ലേഖകന്.