കോഴിക്കോട്: മഴക്കാലത്ത് കേരളം വീണ്ടും മാരക രോഗ ഭീഷണിയിലേക്ക് വീണ്ടുമെത്തുന്നു. ചിക്കുൻഗുനിയയ്ക്ക് സമാനമായ പുതിയ പകർച്ച പനിയാണ് വെല്ലുവിളിയാകുന്നത്. ചെക്കൻഗുനിയയുടെ ലക്ഷണങ്ങളോടെയുള്ള 'ടൈഗർ മോത്ത്' പകർച്ചപ്പനി കേരളത്തിൽ പടരാൻസാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. ജൂൺ മാസത്തിൽ കരുതലോടെ ഇരിക്കണമെന്നാണ് നിർദ്ദേശം.

'ടൈഗർ നിശാശലഭ'ത്തിൽനിന്ന് വായുവിലൂടെ പടരുന്ന ലെപ്പിഡോപ്‌ടെറിസം എന്ന വിഷാംശമാണ് പകർച്ചപ്പനിക്കുകാരണം. നിശാശലഭങ്ങൾ കൊഴിച്ചുകളയുന്ന ശൽക്കങ്ങളും സ്രവങ്ങളും മനുഷ്യരുടെ ത്വക്കുമായി സമ്പർക്കത്തിലാവുകയോ ശ്വസിക്കുകയോ ചെയ്യുന്നതാണ് രോഗകാരണം. ഇത് സ്ഥിരീകരിക്കാൻ 'ടൈഗർ മോത്ത് ഐ.ജി.ഇ. അലേർജൻ' എന്ന ഇമ്യൂണോഗ്ലോബിൻഇ പരിശോധനയാണ് നിർദേശിച്ചിരിക്കുന്നത്. ചിറകുകളിൽ കടുവയുടേതുപോലെയുള്ള മഞ്ഞയും കറുപ്പും രൂപങ്ങളുള്ളവയാണ് ടൈഗർ നിശാശലഭം. ഒറ്റയടിക്ക് നാലായിരം കിലോമീറ്ററോളം സഞ്ചരിക്കാൻ ശേഷി. അത്തിവർഗത്തിൽപ്പെട്ട ചില പാഴ്‌ചെടികളെയും മരങ്ങളെയും ആശ്രയിച്ചാണ് വളരുന്നത്.

'അസോട്ട കാരികേ' എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ടൈഗർമോത്ത് പകർച്ചപ്പനിക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ലെന്നതാണ് ഭീതിക്ക് കാരണമാകുന്നത്. അലർജിക്കുള്ള 'ആന്റി ഹിസ്റ്റമിൻ' മരുന്നുകളാണ് ആദ്യഘട്ട ചികിത്സയ്ക്ക് ഉപയോഗിക്കുക. നിശാശലഭങ്ങളുമായി ഇടപഴകുമ്പോൾ മാസ്‌കുപയോഗിച്ച് മൂക്ക് മൂടണം, വീടിനുള്ളിലേക്ക് നിശാശലഭങ്ങൾ കയറുന്നത് പരമാവധി തടയണം, ഇതിനായി വെള്ളവെളിച്ചം വീടിനുള്ളിൽ പരമാവധി ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

തെക്കൻകേരളത്തിലാണ് പകർച്ചപ്പനി ആദ്യഘട്ടത്തിൽ തീവ്രമായി ബാധിക്കുക. ജൂലായ് രണ്ടാംവാരം മുതൽ ജൂലായ് മുപ്പതുവരെയുള്ള ദിവസങ്ങളിൽ ഇത് കേരളത്തിലുടനീളം വ്യാപിക്കും. കാലവർഷത്തിനുമുമ്പുള്ള മഴ തെക്കൻജില്ലകളിൽ കൂടുതൽ ലഭിച്ചതുകൊണ്ടാണ് അവിടങ്ങളിൽ ആദ്യഘട്ടത്തിൽ പനി ശക്തമായി ബധിക്കുമെന്ന നിഗമനം. ഈപ്രദേശങ്ങളിലെ പാറകം ചെടിയുടെ (പേരകം, തേരകം) ഇലകൾ പരിശോധിച്ചാൽ ടൈഗർ നിശാശലഭങ്ങളുടെ പ്രജനനം വ്യക്തമാകുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ എട്ടുവർഷം സഞ്ചരിച്ച് ടൈഗർ നിശാശലഭങ്ങളുടെ പ്രജനനചക്രം നിരീക്ഷിച്ചുതയ്യാറാക്കിയ റിപ്പോർട്ടുപ്രകാരമാണ് പകർച്ചപ്പനി സാധ്യത കണ്ടെത്തിയത്. ആസ്റ്റർ മിംസ് റിസർച്ച് ഫൗണ്ടേഷനിലെ സീനിയർ ശാസ്ത്രജ്ഞനും ബയോടെക്‌നോളജിസ്റ്റുമായ ഡോ. പി.ജെ. വിൽസും ബയോടെക്‌നോളജിസ്റ്റായ ഡോ. അഞ്ജന മോഹനും ഉൾപ്പെടുന്ന സംഘത്തിന്റേതാണ് പഠനറിപ്പോർട്ട്. ലോകപ്രശസ്ത ശാസ്ത്രജേർണലായ 'പ്ലോസ് വണ്ണി'ൽ ഏപ്രിൽ 14ന് വിൽസിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ഇത് നാസയുടെ 'ആസ്‌ട്രോ ഫിസിക്‌സ് ഡാറ്റ് സ്റ്റിസ്റ്റ'വും പുനഃപ്രസിദ്ധീകരിച്ചു.