- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ മുറിവേറ്റതോടെ പ്രതികാരദാഹിയായി കടുവ: കുറുക്കന്മൂലയിൽ മൃഗങ്ങളെ കൊല്ലുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്
വയനാട്: കുറുക്കന്മൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്. വനപ്രദേശത്ത് അലഞ്ഞുതിരിയുന്ന കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാൻ മനുഷ്യർ ഒരുക്കിയ കുടുക്കിൽ പെട്ടാണ് കടുവയ്ക്ക് ആഴത്തിൽ മുറിവേറ്റതെന്ന് കരുതുന്നു
കഴുത്തിൽ ആഴത്തിലേറ്റ മുറിവ് ചിത്രത്തിൽ കാണാനാകും. ഒരുമാസത്തോളമായി കടുവശല്യത്തിൽ വലയുകയാണ് കുറുക്കന്മൂലയിലെ ജനങ്ങൾ. നാട്ടുകാർ ഹൈവെ ഉപരോധവും വനംവകുപ്പ് ഓഫീസ് ഉപരോധവും നടത്തിയിരുന്നു. കടുവയെ പിടികൂടാനായി അഞ്ചിടത്തായി കൂടും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിൽ കുങ്കി ആനയേയും എത്തിച്ചുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയും കടുവ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. കടുവയെ മയക്കുവെടി വെയ്ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ 16 ദിവസങ്ങളായി 15 വളർത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
ചൊവ്വാഴ്ച മുതൽ 2 കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് നാലു ചതുരശ്ര കിലോമീറ്റർ മീറ്റർ വിസ്തൃതിയുള്ള ഒളിയോട്ട്, ഒണ്ടയങ്ങടി റിസർവ് വനങ്ങൾ ഉണ്ട്. കടുവ ഇവിടെ ഉണ്ടാകുമെന്ന് വിശ്വാസത്തിലാണ് തിരച്ചിൽ. പകൽവെളിച്ചത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
കുറുക്കന്മൂലയിലും, പരിസര പ്രദേശങ്ങളിലും രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും പൊലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കളക്ടർ ആർ ശ്രീലക്ഷമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
കൃഷിയിടങ്ങളിൽ കുടുക്കുകൾ സ്ഥാപിക്കുന്നത് ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തും എന്ന് നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും ഇത് പതിവാകുകയാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഇക്കാര്യം ഹൈക്കോടതിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അടുത്തിടെയായി മൂന്നാമത്തെ കടുവയാണ് സമാനമായ ദുരിതം നേരിടുന്നത്. ഈ രീതി തുടരുകയാണെങ്കിൽ കുടുക്കുകൾ സ്ഥാപിക്കുന്ന ഭൂവുടമയ്ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കേണ്ടി വരും എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ