ഫ്‌ളോറിഡ: ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായികതാരമാണ് ഗോൾഫ് കളിയിലെ മുടിചൂടാ മന്നനായ ടൈഗർ വുഡ്‌സ്. പണത്തിന്റെ അഹങ്കാരത്തിൽ നിയമം തെറ്റിക്കാൻ അത് അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ സ്‌പോൺസൺമാരുടെ നിലപാട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ഒരു പിഴവിന്റെ പേരിൽ ശതകോടികളാണ് വുഡ്‌സിന് ചോർന്നു പോകുന്നത്.

മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിലാണ് ടൈഗർ വുഡ്‌സിനെ ഫ്‌ളോറിഡയിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്ക് പൊലീസ് അറസ്റ്റു ചെയ്തത്. ഈ അറസ്റ്റിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവരികയുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ സ്‌പോൺസർമാർ കർശന നിലപാടിലേക്ക് നീങ്ങുകയാണ്. കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടം ഇതോടെ കായികതാരത്തിന് ഉണ്ടാകുമെന്നാണ് കായിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

45.5 മില്ല്യണാണ് ഒരോ വർഷവും സ്‌പോൺസർഷിപ്പിലൂടെ ടൈഗർ വുഡിന് ലഭിക്കുന്നത്. നൈക്കിയുമായുള്ള കരാർ പ്രകാരം 20 മില്ല്യൻ അദ്ദേഹത്തിന് ലഭിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ സംഭവത്തോടെ 41കാരനായ വുഡ്‌സിനെ സ്‌പോൺസർമാർ കൈവിട്ടേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അടുത്തിടെയാണ് വുഡ്‌സുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുത്തിട്ടുണ്ട്. വിവാഹ മോചനമായിരുന്നു ഒന്ന്. ഇതോടെ തന്നെ വുഡ്‌സുമായുള്ള ബന്ധം തുടരണോ എന്ന കാര്യത്തിൽ സ്‌പോൺസർമാർ ആശയക്കുഴപ്പത്തിലായിരുന്നു.

മദ്യലഹരിയിൽ വാഹനമോടിച്ചതിന് പിടിയിലായ വുഡ്‌സിന്റെ വീഡിയോ ഫ്‌ലോറിഡ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയിൽ മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് വുഡ്‌സിനെ കാണാൻ കഴിയുക. പൊലീസുകാരോട് മോശമായാണ് പെരുമാറിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ വുഡ്‌സ് പ്രസ്താവന പുറപ്പെടുവിക്കും മുമ്പ് അദ്ദേഹത്തെ ന്യായീകരിച്ചു കൊണ്ട് വുഡ്‌സിന്റെ മുൻഭാര്യയായിരുന്ന മോഡൽ കോറിസ് റിസ്റ്റ് രംഗത്തെത്തുകയുണ്ടായി.

വുഡ്‌സിനെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കാമുകി ക്രിസ്റ്റിൻ സ്മിത്തും രംഗത്തെത്തിയിരുന്നു. ഫോബ്‌സിന്റെ അതിസമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിൽ വുഡ്‌സും ഇടംപിടിച്ചിരുന്നു. നൈക്കിയുമായുള്ള കരാറാണ് ഇതിൽ ഏറ്റവും വലുതായിരിക്കുന്നത്. റോളെക്‌സ്, ജപ്പാൻ ഫാർമസ്യൂട്ടിക്കൽ കമ്പനി കോവ, ഇന്ത്യൻ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ഹീറോയും വുഡ്‌സിന്റെ സ്‌പോൺസർമാരാണ്. എന്തായാലും മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായതോടെ വുഡ്‌സിനെ സ്‌പോൺസർമാർ കൈവിട്ടേക്കുമെന്നാണ് അറിയുന്നത്.