സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയാണ് ടിക് ടോക്ക് വിപ്ലവം. ചൈന പുറത്തിറക്കിയ ഈ ആപ്പ് ഇന്ന് ദേശങ്ങൾ താണ്ടി ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. എന്നാൽ ഇത് അപകടകരമാം വിധം നമ്മുടെ സമൂഹത്തിൽ പടർന്ന് പിടിച്ചിരിക്കുന്നതാണ് ആശങ്കയിലാക്കിയിരിക്കുന്നത്. ടിക് ടോക് വിപ്ലവവുമായി ഓടുന്ന വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടുകയാണ് ന്യൂ ജനറേഷൻ കുട്ടികൾ.

ഓടിയെത്തുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്കു മുമ്പിൽ ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും ചാടിവീഴുന്ന യുവാക്കൾ വാഹനത്തിനു മുമ്പിൽ കിടന്ന് ചാടി മറിയുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബൈക്ക്, ഓട്ടോ, ബസ് എന്തിനേറെ പറയണം പൊലീസ് വാഹനം പോലും വെറുതെ വിടുന്നില്ലെന്നുള്ളതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്. വഴിയിൽ കാണുന്ന എല്ലാ വാഹനങ്ങളും തടഞ്ഞു നിർത്തി ചാടിവീഴുകയാണ് കുട്ടികൾ.

ഹെൽമെറ്റ് ധരിച്ചും ധരിക്കാതെയും പച്ചിലകളും കയ്യിൽ പിടിച്ചാണ് കുട്ടികൾ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടി വീഴുന്നത്. പൊതുസമൂഹത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന ഇത്തരം പരിപാടികൾക്കെതിരെ വിമർശനം ഏറെയാണ്, മാത്രമല്ല വാഹനങ്ങൾക്കു മുമ്പിൽ ചാടി വീഴുമ്പോഴുണ്ടാകുന്ന അപകട സാധ്യതയും വളരെ കൂടുതലാണ്.