- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാന മാറ്റം വാർത്തകളിൽ വന്ന പോലെയല്ല; വോട്ടർ പട്ടിക ചോർച്ചാ വിവാദവുമായി അതിന് ബന്ധമില്ല; താൻ ആവശ്യപ്പെട്ടതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്ന് മാറ്റിയത്: വിശദീകരണവുമായി ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടർ പട്ടിക ചോർച്ചാ വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ മാറ്റിയത് അഭ്യുഹങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് വോട്ടർ പട്ടിക ചോർച്ച വിവാദമാണ് ടിക്കാറാം മീണയെ സർക്കാരിന് അനഭിമതനാക്കിയതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് മാറ്റമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്തു നിന്ന് മാറ്റിയത് താൻ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ഈ മാറ്റത്തിന് ഇരട്ട വോട്ട് വിവാദവുമായി ബന്ധം ഇല്ലെന്നും മീണ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
വോട്ടർ പട്ടികയുടെ പകർപ്പ് ചോർച്ച സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശ പ്രകാരം ആണ് പരാതി കൊടുത്തത്. എങ്ങനെ ചോർന്നു എന്ന് പറയാൻ ആകില്ല. അത് അന്വേഷണത്തിൽ കണ്ടെത്തട്ടെ. വോട്ടർ പട്ടിക വെബ് സൈറ്റിൽ നിന്നും ശേഖരിച്ചു എന്ന രമേശ് ചെന്നിത്തലയുടെ വാദത്തോട് പ്രതികരിക്കാൻ ഇല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
സഞ്ജയ് കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. മീണയുടെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണയെ ആസൂത്രണസാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറിയുടെ അധിക ചുമതലയും മീണയ്ക്കുണ്ടാകും.
ഇരട്ട വോട്ടുവിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം
ഇരട്ട വോട്ട് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ്രൈകംബ്രാഞ്ച് കേസെടുത്തിരിക്കുകയാണ്. ഗൂഢാലോചന, ഐ.ടി ആക്ട്, മോഷണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2 കോടി 67 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ പറയുന്നൂ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയതിന് ഐ.ടി ആക്ട് പ്രകാരവും അതിൽ ഗൂഢാലോചന നടന്നുവെന്നും വിവരങ്ങൾ അധികാരിയുടെ അനുമതിയില്ലാതെ പുറത്തുകൊണ്ടുപോയത് മോഷണമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളി നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാലര ലക്ഷം വ്യാജ വോട്ടർമാരെ കണ്ടെത്തി നൽകിയിട്ട് 38,000 പേർ മാത്രമേയുള്ളുവന്ന് പറഞ്ഞ് ഒളിച്ചുകളിച്ചു. ആരാണ് വ്യാജ വോാട്ടർമാരെ ചേർത്തതെന്ന് കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ പാവപ്പെട്ട 200 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയല്ല വേണ്ടത്.
ഇത് ചോർത്തേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയാണ്. അതിൽ നിന്നാണ് തങ്ങൾ ഈ പട്ടിക എടുത്തത് ഇനിയെങ്കിലും പട്ടികയിൽ ശുദ്ധീകരണം നടത്തണം. ഹൈക്കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതുകെണ്ടാണ് നിബന്ധനകൾ വച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലെങ്കിലും ശുദ്ധീകരണത്തിന് തയ്യാറാകണം.
നാലര ലക്ഷം വ്യാജവോട്ടർമാരിൽ നല്ലൊരു ശതമാനം വോട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാജയമാണിത്. താൻ ഉന്നയിച്ച ആരോപണം കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ഇരട്ട വോട്ടർ പട്ടിക വിവാദം പ്രതിപക്ഷം ഉന്നയിച്ചത്. വ്യാജ വോട്ടർമാരുടെ ലിസ്റ്റ് ചെന്നിത്തല പുറത്തുവിടുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ