- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപവത്കരിക്കുന്നോ? അഭ്യൂഹം ഉയർത്തി 'ജൻസുരാജ്' എന്ന് ട്വീറ്റ്; രാഷ്ട്രീയത്തിന്റെ തുടക്കം ബിഹാറിൽ നിന്നെന്ന് സൂചന; കോൺഗ്രസിൽ കയറിപ്പറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെ പ്രശാന്ത് കിഷോറിന്റെ അടുത്ത നീക്കമെന്ത്?
ന്യൂഡൽഹി: കോൺഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പുനരുജ്ജീവനത്തിനായി കോൺഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോർ പാർട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ നീക്കം. ബിഹാറിൽ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോർ പുതിയ രാഷ്ട്രീയ പാർട്ടിയായ ജൻ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
'ജനാധിപത്യത്തിൽ അർഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വർഷത്തെ 'റോളർകോസ്റ്റർ' യാത്രയിലേക്ക് നയിച്ചു! യഥാർത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബിഹാറിൽ നിന്നായിരിക്കും', പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
'ജൻസുരാജ്' എന്നത് പുതിയ രാഷ്ട്രീയ പാർട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കമാണോ എന്നതിൽ വ്യക്തയില്ല. പുതിയ പാർട്ടിയുടെ ഭാവി തീരുമാനങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബിഹാറിലെ ചില നേതാക്കളും അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ നേരത്തെ അദ്ദേഹം നിതീഷ് കുമാറിനൊപ്പം പ്രവർത്തിച്ച് ജെഡിയു നേതൃത്വത്തിൽ എത്തിയിരുന്നു. എന്നാൽ ഇത് അധികകാലം നീണ്ടുനിന്നില്ല.
ബിജെപിയെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ മൂന്നാം മുന്നണിക്കു സാധിക്കില്ലെന്നും അതിനു രണ്ടാം മുന്നണിക്കേ കഴിയൂവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയെ തോൽപിക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിച്ച് രണ്ടാം മുന്നണിയായി ഉയർന്നുവരികയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കോൺഗ്രസിന്റെ ഭാവിപദ്ധതികളിൽ യോജിപ്പിലെത്തുകയാണു താനും കോൺഗ്രസ് നേതൃത്വവും ചെയ്തതെന്ന് പ്രശാന്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞിരുന്നു. കോൺഗ്രസിനു വലിയ നേതാക്കളുണ്ട്. അവർക്കു സ്വന്തമായി കാര്യങ്ങൾ ചെയ്യാനാകും. കോൺഗ്രസിന് എന്നെ ആവശ്യമില്ല. കോൺഗ്രസിൽ ചേരാൻ താൽപര്യമില്ലെന്നു ഞാൻ പറഞ്ഞു' പ്രശാന്ത് കിഷോർ വ്യക്തമാക്കി. പാർട്ടിയിൽ ഒരു സ്ഥാനവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണു പ്രശാന്തിന്റെ വാദം. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് പാർട്ടിയിൽ ചേരാനില്ലെന്ന് പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മറുനാടന് ഡെസ്ക്