ന്യൂഡൽഹി: എല്ലാം അറിയുന്ന മാദ്ധ്യമ പ്രവർത്തകനാണ് അർണാബ് ഗോസ്വാമി. ആരും തൊടാത്ത വിഷയങ്ങൾ ചർച്ചയാക്കി കൈയടി നേടാൻ ആഗ്രഹിക്കുന്ന മാദ്ധ്യമ പ്രവർത്തകൻ. കേരളത്തിൽ ശബരിമലയോടാണ് താൽപ്പര്യം. ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുരുഗമനപരമായ നിലപാടാണ് ടൈംസ് നൗ ചാനലിന്റെ തലവനായ അർണാബ് എടുക്കാറുള്ളത്. ക്ഷേത്രവുമായി ബന്ധപ്പെട്ട അർണാബിന്റെ ചർച്ചകളിൽ ബഹു ഭൂരിഭാഗത്തിലും പാനലിസ്റ്റായി മലയാളി രാഹുൽ ഈശ്വറും എത്തും. ഇന്നലെ നടത്തിയ ചർച്ചയിലും രാഹുൽ ഈശ്വർ സജീവമായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിലപാട് ആയിരുന്നില്ല അർണാബിന്റേത്. ചർച്ചയിലുടനീളം വാക്ക് കൊണ്ട് ഏറ്റുമുട്ടലും നടന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തങ്ങൾ എതിർക്കുന്നില്ലെന്നും ഹൈക്കോടതി ഉത്തരവാണ് നിരോധനത്തിന് കാരണമെന്നും രാഹുൽ ഈശ്വർ വിശദീകരിച്ചു. ഇതൊന്നുമല്ല വിഷയം. ഇന്ത്യയിൽ എല്ലാം തനിക്ക് അറിയാമെന്ന് ഭാവിക്കുന്ന അർണാബിന് ശബരിമലയുടെ ഭരണം എങ്ങനെ നടക്കുന്നുവെന്ന് പോലും അറിയില്ല. ശബരിമല ക്ഷേത്രത്തിന്റെ ഔദ്യോഗിക വക്താവെന്നാണ് ടൈംസ് നൗ രാഹുൽ ഈശ്വറിനെ പരിചയപ്പെടുത്തുന്നത്. ഇന്നലെയും രാഹുലിനെ പാനലിസ്റ്റാക്കിയത് ഈ വിശേഷണത്തോടെയാണ്. എന്നാൽ രാഹുലിന് ശബരിമലയുടെ ഭരണകാര്യങ്ങളിൽ ഒരു അധികാരവുമില്ല. തിരുവിതാംകൂർ ദേവസം ബോർഡ് ഭരിക്കുന്ന ക്ഷേത്രത്തിന്റെ യഥാർത്ഥ വസ്തുത പോലും മനസ്സിലാക്കാതെയാണ് അർണാബ് ചർച്ചയിൽ ആധികാരികമായി പലതും പറയുന്നത്.

ഇന്നലെ സ്ത്രീ പ്രവേശന ചർച്ചയിൽ ഒരു ഘട്ടത്തിൽ രാഹുലിനോട് അർണാബ് ചോദിച്ചത് ഇങ്ങനെ... സ്ത്രീ പ്രവേശനത്തെ എതിർക്കുന്നില്ലെന്ന് താങ്കൾ പറയുന്നു. എങ്കിൽ പിന്നെ ശബരിമല ട്രസ്റ്റിൽ നിന്ന് താങ്കൾക്ക് രാജിവച്ചുകൂടെ എന്നാണ് ചോദ്യം. ഇങ്ങനെ പ്രേക്ഷകരെ ശബരിമലയിലെ അധികാര സ്ഥാനത്തുള്ള വ്യക്തിയാക്കി രാഹുൽ ഈശ്വറിനെ ചിത്രീകരിച്ച് പ്രേക്ഷകരെ പറ്റിക്കുകയാണ് അർണാബ് ചെയ്യുന്നത്. അർണാബിനെ പോലുള്ള ഒരാൾക്ക് ശബരിമലയുടെ ഭരണത്തെ പറ്റി അറിയില്ലെന്ന് പറയുന്നതും വിചിത്രാവസ്ഥയാകും സൃഷ്ടിക്കുക. തന്നെ ശബരിമലയുടെ വക്താവും ട്രസ്റ്റ് മെമ്പറുമൊക്കിയാക്കി അർണാബ് ഉയർത്തിക്കാട്ടുമ്പോൾ സ്ത്യം രാഹുൽ ഈശ്വറും പറയുന്നില്ല. എന്നാൽ ഇത്തരം അവകാശ വാദമെന്നും രാഹുൽ നടത്തുന്നുമില്ല. അങ്ങനെ തെറ്റുകളൊന്നും ചെയ്യാതെ ദേശീയ മാദ്ധ്യമ മുതലാളിയുടെ സഹായത്തോടെ ശബരിമലയുടെ ആളായി മാറുകയാണ് രാഹുൽ.

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരും മകളുടെ മകനാണ് രാഹുൽ ഈശ്വർ. അതാണ് ശബരിമലയുമായി രാഹുലിനുള്ള ബന്ധം. താന്ത്രിക രീതിയനുസരിച്ച് മക്കത്തായ വ്യവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് ശബരിമലയുടെ തന്ത്രിസ്ഥാനത്ത് എത്താൻ രാഹുലിന് കഴിയില്ല. രാഹുലിന്റെ അമ്മാവനായ മോഹനരര് ശബരിമല തന്ത്രിയായിരുന്നു. എന്നാൽ കേസിൽ കുടുങ്ങിയതോടെ തന്ത്രിസ്ഥാനം നഷ്ടമായി. മോഹനരരുടെ മകനും ഇത്തവണ തന്ത്രിസ്ഥാനം ഏറ്റെടുത്തു. ഇടയ്ക്കൊരിക്കൽ മുത്തച്ഛനായ മഹേശ്വരരുടെ സഹായിയായി മൂലക്ഷേത്രത്തിൽ പ്രവേശിക്കാൻ രാഹുൽ ഈശ്വർ ശ്രമിച്ചിരുന്നു. എന്നാൽ തിരുവിതാംകൂർ ദേവസം ബോർഡിന്റെ എതിർപ്പുമൂലം അതിന് കഴിഞ്ഞില്ല.

അത്തരത്തിലൊരു വ്യക്തിയെയാണ് ശബരിമലയുടെ വക്താവും ട്രസ്റ്റ് മെമ്പറുമെല്ലാമായി അർണാബ് ഗോസ്വാമി മാറ്റുന്നത്. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസം ബോർഡും ടൈംസ് നൗ ചാനലിനെ കാര്യങ്ങൾ അറിയിക്കുന്നുമില്ല. അതുകൊണ്ട് തന്നെ ടൈംസ് നൗ കാണുന്നവരുടെ കണ്ണിൽ രാഹുൽ ഈശ്വർ ശബരിമലയിലെ ഭരണസമിതി അംഗമാണിപ്പോൾ.