- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻഗണന കോവിഡ് വാർത്തകൾക്ക്; ഇലക്ഷൻ പ്രത്യേക കവറേജ് ഉണ്ടാവില്ലെന്ന് ടൈംസ് നൗ ചാനൽ; രാജ്യം ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോൾ ഇലക്ഷൻ പ്രത്യേക കവറേജ് നടത്തില്ലെന്ന് വിശദീകരണം; ചാനലിലെ 60ഓളം ജീവനക്കാർക്കും കോവിഡെന്നും റിപ്പോർട്ടുകൾ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നാളെ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ പ്രത്യേക തിരഞ്ഞെടുപ്പു കവറേജ് വേണ്ടെന്ന് വെച്ചു ഇംഗ്ലീഷ് വാർത്താചാനലാണ് ടൈംസ് നൗ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക ഇലക്ഷൻ കവറേജ് വേണ്ടെന്ന് വെച്ച് ടൈംസ് നൗ ചാനൽ അധികൃതർ അറിയിച്ചു. നാളത്തെ ദിവസം കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾക്കാണ് മുൻഗണന നൽകുകയെന്നും അവർ അറിയിച്ചു.
കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നാളെ വോട്ടെണ്ണൽ. വോട്ടെണ്ണൽ പ്രമാണിച്ച് പൊതുവെ ചാനലുകൾ നടത്താറുള്ള തത്സമയ കവറേജ് ഉണ്ടാവില്ലെന്നാണ് ടൈംസ് നൗ അറിയിച്ചത്. അതേസമയം തെരഞ്ഞെടുപ്പു വാർത്തകൾ പതിവു പോലെ തുടരുന്നതുമായിരിക്കും. സമീപകാലത്തെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയാണ് നമ്മുടെ രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തിൽ ടൈംസ് നൗ കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾക്കാണ് മുൻഗണന നൽകുക.
മെയ് 2നും അതിനുശേഷവുമുള്ള പ്രത്യേക തെരഞ്ഞെടുപ്പ് കവറേജ് വേണ്ടെന്നുവെച്ചിരിക്കുകയാണ്. കോവിഡ് 19മായി ബന്ധപ്പെട്ട അനുബന്ധ വാർത്തകൾ, കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംപ്രേഷണം ചെയ്യും. അതോടൊപ്പം ആരോഗ്യപ്രവർത്തകരുമായും മാനസികാരോഗ്യ വിദഗ്ധരുമായും പ്രേക്ഷകർക്ക് സംവദിക്കാൻ അവസരമുണ്ടാകും. വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ പതിവ് ബുള്ളറ്റിനുകളിലുണ്ടാവുമെന്നും ടൈംസ് നൗ അറിയിച്ചു.
ടൈംസ് നൗവിന്റെ 60ഓളം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. വീടുകളിലിരുന്നാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ചാനൽ പ്രത്യേക തെരഞ്ഞെടുപ്പു വാർത്തകൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. അതേസമയം നേരത്തെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഐപിഎല്ലുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പതിനായിരങ്ങൾ മഹാമാരിക്കു മുൻപിൽ മരിച്ചുവീഴുമ്പോൾ അപ്പുറത്ത് ക്രിക്കറ്റ് മാമാങ്കം പൊടിപൊടിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ വാർത്തകൾ പത്രം തത്കാലം നൽകില്ലെന്ന് തീരുമാനിച്ചത്.
കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഒരു ചെറു വൈറസ് ഉയർത്തിയ വെല്ലുവിളികൾക്കു മുൻപിൽ ആരോഗ്യ സംവിധാനത്തിന് മറുപടിയില്ലെന്ന് തെളിഞ്ഞതോടെ പതിനായിരങ്ങളാണ് ജീവന് വേണ്ടി മല്ലടിക്കുന്നത്. ഇത്തരമൊരു ദുരന്തവേളയിൽ അതീവ സുരക്ഷയൊരുക്കി ഇന്ത്യയിൽ ക്രിക്കറ്റ് മാമാങ്കം തുടരുന്നത് അനുചിതമാണ്. ഈ വാണിജ്യവൽക്കരണം വിവേകമില്ലാത്തതാണ്. കളിയല്ല പ്രശ്നം, കളി നടക്കുന്ന സമയമാണെന്ന് പത്രത്തിന്റെ മുൻപേജിൽ പ്രസിദ്ധീകരിച്ച എഡിറ്ററുടെ കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
മറുനാടന് ഡെസ്ക്