മുംബൈ: രാജ്യത്തെ കൂടുതൽ കാര്യങ്ങൾ അറിയിക്കാൻ പുതിയ ചാനലുമായി രംഗത്തെത്തിയ അർണാബ് ഗോസ്വാമി കൂടുതൽ പ്രതിസന്ധിയിലേക്ക്. അഭിഭ്രായഭിന്നതയെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തക ചാനൽ വിട്ടതിനു പിന്നാലെ അർണാബിനെതിരേ പൊലീസ് കേസും വന്നിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ കുടുക്കാനായി പുറത്തുവിട്ട ഓഡിയോ ടേപ്പുകൾ മോഷ്ടിച്ചതാണെന്നു കാട്ടി ടൈംസ് നൗ ചാനലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയാണ് അർണാബിനെതിരേ മുംബൈ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ മാധ്യമപ്രവർത്തക പ്രേമ ശ്രീദേവിക്കെതിരേയും കേസെടുത്തിട്ടുണ്ട്.

അർണാബ് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ടൈംസ് നൗ. ഈ ചാനലിലെ പ്രൈംടൈം വാർത്താ അവതരണമാണ് അർണാബിനെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ അല്ലെങ്കിൽ കുപ്രസിദ്ധനായ മാധ്യമപ്രവർത്തകനാക്കിയത്. നേഷൻ വാട്‌സ് ടു നോ എന്ന ആക്രോശവുമായി അർണാബ് കത്തിക്കയറുമ്പോൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പലരും ഓടി രക്ഷപ്പെട്ട അനുഭവം വരെയുണ്ടായിട്ടുണ്ട്. എന്നാൽ അർണാബിന്റെ വീറും വാശിയും മോദിയെയും ബിജെപിയെയും പ്രതിരോധിക്കാനും പ്രശംസിക്കാനും വേണ്ടി മാത്രമാണെന്ന കടുത്ത വിമർശനവും ഉയർന്നു.

ടൈംസ് നൗവിൽനിന്ന് അപ്രതീക്ഷിതമായി രാജിവച്ച അർണാബ് മെയ് ആറിന് പുതിയ ചാനലുമായി രംഗത്തെത്തി. ചാനലിന്റെ രണ്ടാമത്തെ വലിയ ബ്രേക്കിങ് ന്യൂസ് ആയിരുന്നു ശശി തരൂരിനെതിരായ ആരോപണം. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തരൂരിനെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു റിപബ്ലിക് ടിവിയുടെ വാർത്ത. ഡൽഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 307ാം നമ്പർ മുറിയിലായിരുന്ന സുനന്ദയുടെ മൃതദേഹം 347ാം നമ്പർ മുറിയിലേക്കു മാറ്റിയെന്നാണ് ചാനൽ ആരോപിച്ചത്. ഇതു തെളിയിക്കാനായി 19 ഫോൺ സംഭാഷനങ്ങളുടെ ഓഡിയോ ടേപ്പുകൾ ചാനൽ രണ്ടു ദിവസമായി പുറത്തുവിട്ടു. ടൈംസ് നൗവിലെ തന്നെ മുൻ റിപ്പോർട്ടറും തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ റിപബ്ലിക് ടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകയുമായ പ്രേമ ശ്രീദേവി, സുനന്ദ മരിച്ചയന്നും തലേന്നും നടത്തിയ ഫോൺ സംഭാഷണങ്ങായിരുന്നു. ഇത്. ഇതിൽ ഒരെണ്ണം സുനന്ദയുമായുള്ള സംഭാഷണമായിരുന്നു. ശേഷിക്കുന്നതിൽ ഭൂരിഭാഗവും തരൂരിന്റെ സഹായി നാരായണനുമായുള്ളതും. ഹോട്ടലിൽ മരണം നടന്ന മുറിയിൽനിന്ന് മൃതദേഹം മാറ്റിയെന്ന് നാരായണൻ സ്ഥിരീകരിക്കുന്നത് ഫോൺ സംഭാഷണങ്ങളിലുണ്ടെന്ന് പ്രേമയും അർണാബും ആരോപിച്ചു. ഇതെല്ലാം തള്ളിക്കളഞ്ഞ തരൂർ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. മറ്റു മാധ്യമങ്ങളൊന്നും ഇത് കാര്യമായി വാർത്തയാക്കിയില്ല.

അർണാബിനൊപ്പം പ്രേമയും മുമ്പു ടൈംസ് നൗവിലാണ് ജോലി ചെയ്തിരുന്നത്. അർണാബും പ്രേമയും കൂടി റിപബ്ലിക് ചാനലിലൂടെ പുറത്തുവിട്ടത് തങ്ങളുടെ ടേപ്പുകളാണെന്നും ഇവ ഇരുവരും മോഷ്ടിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ടൈംസ് നൗ മുംബൈ പൊലീസിൽ പരാതി നല്കിയിരിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ഭാഗമായിരിക്കെ സ്വന്തം ജോലിയുടെ ഭാഗമായി ലഭിച്ച ടേപ്പുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പകർപ്പാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. മോഷണം, വിശ്വാസ വഞ്ചന, പകർപ്പാവകാശ ലംഘനം എന്നീ വകുപ്പുകൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തന്നെ മറ്റൊരു വിഭാഗമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ടൈംസ് നൗവിന്റെ ജീവനക്കാരനെന്ന നിലയിൽ സ്വന്തമാക്കിയ ഓഡിയോ ടേപ്പുകളാണ് അർണബും ശ്രീദേവിയും ഉപയോഗിച്ചതെന്നും ഇത് ടൈംസിന് അവകാശപ്പെട്ടതാണെന്നും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു.

ഇതിനിടെ, അർണാബിനെതിരേ റിപബ്ലിക് ടിവിയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. അർണാബിനോടുള്ള അഭിഭ്രായ വ്യത്യാസത്തെ തുടർന്ന് സീനിയർ ബിസിനസ് റിപ്പോർട്ടറായ ചൈതി നുരുല രാജിവച്ചത് ഇന്നലെയാണ്. ധാർമികമായ നിലപാടുകൾ ഉയർത്തിക്കാട്ടിയാണ് ഈ വനിതാ ജേണലിസ്റ്റ് ചാനലിൽനിന്ന് രാജിവച്ചത്. ഇന്ത്യയിലെ പ്രേഷകരെ മുഴുവൻ ഞെട്ടിക്കാൻ ഈ മാസം ആറിച്ച് ആരംഭിച്ച ചാനലിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായി നുരുലയുടെ രാജി. ഇടി നൗ, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ ചാനലുകളിൽ ആങ്കറായും ബിസിനസ് റിപ്പോർട്ടറായും ഉള്ള പ്രവർത്തന പരിചയവുമായാണ് നുരുല റിപബ്ലിക് ടിവിയിൽ ജോയിൻ ചെയ്യുന്നത്. പ്രേഷകരെ കൂട്ടാനായി അർണാബ് നടത്തുന്ന പ്രവർത്തനങ്ങളിൽ ഒരാഴ്ചകൊണ്ടുതന്നെ നുരുലയ്ക്കു മടുപ്പുണ്ടായിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

അർണാബിന്റെ മാധ്യമപ്രവർത്തനരീതിയോട് ചാനലിലെ മറ്റു പലർക്കും എതിർപ്പ് ഉയർന്നിട്ടുണ്ട്. എഡിറ്റോറിയലിലെ മറ്റു മുതിർന്ന മാധ്യമപ്രവർത്തകരും അതുപോലതന്നെ സാങ്കേതിവിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരും ഇത്തരത്തിൽ മുറുമുറുപ്പ് ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, സ്വകാര്യ വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും റിപബ്ലിക് ടിവിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങൾ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ടെലികോം റഗുലേറ്ററി അഥോറിറ്റിക്ക് പരാതിയും നല്കിയിട്ടുണ്ട്.

അടുത്തിടെ കോൺഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയെ അർണാബ് അപമാനിച്ചതിലടക്കം മാധ്യമരംഗത്ത് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ബ്രിജേഷ് വെറും പുഴുവാണെന്നും ഓമനനായ ആണെന്നുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകൻ ആക്ഷേപിച്ചത്. ചാനലിന്റെ ആങ്കറിനെ ബിജെപിയുടെ മാധ്യമപ്രവർത്തകൻ എന്ന് ബിജേഷ് വിശേഷിപ്പിച്ചതാണ് അർണാബിനെ പ്രകോപിപ്പിച്ചത്. ബിജെപിയുടെ രാജ്യസഭാംഗവും ഏഷ്യാനെറ്റ് ചാനലിന്റെ ഉടമസ്ഥനുമായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ഫണ്ട് നല്കിയിട്ടാണ് റിപബ്ലിക് ടിവി ആരംഭിച്ചത്.