തിരുവനന്തപുരം: കേരളത്തെ പാക്കിസ്ഥാനും ദേശവിരുദ്ധരുമാക്കാൻ ദേശീയ തലത്തിൽ മത്സരിക്കുന്ന ചാനലുകളാണ് ടൈംസ് നൗവും റിപ്പബ്ലിക്കും. കടുത്ത ബിജെപി അനുഭാവം പുലർത്തുന്ന വിധത്തിലുള്ള വാർത്തകളുമായി ചാനൽ അടുത്തകാലത്ത് കളം നിറഞ്ഞിരുന്നു. ചാനലിന്റെ ബിജെപി അനുകൂല നിലുപാടിന്റെ മറ്റൊരു വ്യക്തമായ ചിത്രം കൂടി പുറത്തുവന്നു. കേരളത്തിൽ നടന്ന കെഎസ് യുവിന്റെ സമരത്തെ പോലും ബിജെപിയുടെ സമരമെന്ന വിധത്തിലാണ് ചാനൽ അവതരിപ്പിച്ചത്. ഇന്നലെയായിരുന്നു സംഭവം.

പനി മരണങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ സമരത്തെയാണ് ചാനൽ ബിജെപിയുടേതാക്കിയത്. ആദ്യ വിഷ്വൽസ് എന്ന് അവകാശപ്പെട്ടാണ് ചാനൽ ഇന്നലെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പനി മരണങ്ങൾ ഇത്തവണ വർധിച്ചിട്ടുണ്ടെന്നും ഇതിനെതിരെയാണ് ബിജെപി തെരുവിലിറങ്ങിയിട്ടുള്ളതെന്നും പൊലീസ് ലാത്തിച്ചാർജിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ലൈവ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പനി മരണങ്ങളിൽ പ്രതിഷേധിച്ചും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ബിജെപിയുടെ നേതൃത്വത്തിലും ഇന്നലെ സമരം നടന്നിരുന്നു. ഇതിന്റെ മറവിലാണ് കെഎസ്‌യു സമരത്തെ ബിജെപിയുടേതാക്കി ചാനൽ രംഗതെത്തിയത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന നിരവധി വാർത്തകൾ ടൈംസ് നൗ അടുത്തിടെ നൽകിയിരുന്നു. സംഘപരിവാർ അജണ്ടക്കൊപ്പം ചലിക്കുന്നതായിരുന്നു ഇവയിൽ ഭൂരിഭാഗവും.

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ കേരള സന്ദർശനം ചർച്ച ചെയ്തപ്പോൾ ടൈംസ് നൗ ചാനൽ ചർച്ചയുടെ മുഖ വാചകം ഇതായിരുന്നു. ഇടിമുഴങ്ങുന്ന പാക്കിസ്ഥാൻ. 7 വർഷം മുമ്പ് പ്രചരിപ്പിക്കപ്പെട്ട ലവ്ജിഹാദ് കള്ളക്കഥകളും കാസർകോട്ടെ ഒരു തെരുവിന് ഗസ്സ തെരുവെന്ന് പേരിട്ടതും ഇതിന് പിന്നാലെ ടൈംസ് നൗ ചർച്ചയാക്കി. ഐഎസ് ബന്ധമെന്ന ആരോപണവുമായി ചേർത്തായിരുന്നു ഈ ചർച്ചകൾ.