ദോഹ: ഇദ് അൽ അദ അവധി ദിനങ്ങളിൽ അൽ റയ്യാൻ, മദീനത്ത് ഖലീഫ, ഉം ഖുവെയ്‌ലിന അബൂബക്കർ സിദ്ദിഖ്, ഒമർ ബിൻ ഖത്താബ്, വെസ്റ്റ് ബേ, മെസൈമീർ ഹെൽത്ത് സെന്ററുകൾ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടു ഷിഫ്റ്റുകളിലായിരിക്കും ഇവ പ്രവർത്തിക്കുക. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയും വൈകുന്നേരം നാലു മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തന സമയം.

അതേസമയം വെള്ളിയാഴ്ച രാവിലെ മാത്രമായിരിക്കും മെസൈമീർ ഹെൽത്ത് സെന്റർ പ്രവർത്തിക്കുക. ഈ സെന്ററുകളിലെ ഡെന്റൽ ക്ലിനിക്കുകയും രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയും വൈകുന്നേരം നാലു മുതൽ രാത്രി പത്തുവരെയും. എന്നാൽ ഈദ് അവധിയുടെ ആദ്യ ദിവസവും വെള്ളിയാഴ്ചയും ഡെന്റൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതല്ല.

അൽ ഖോർ, അൽ ഷമാൽ ഹെൽത്ത് സെന്ററുകളും രാവിലെ ഏഴു മുതൽ 11 വരെയും വൈകുന്നേരം നാലു മുതൽ രാത്രി 11 വരെയും രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കുമെന്നും അൽ വക്ര ഹെൽത്ത് സെന്റർ ബ്രേക്ക് ഇല്ലാതെ തന്നെ രാവിലെ ഏഴു മുതൽ രാത്രി 11 വരെ തുടർച്ചയായി തുറന്നു പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അൽ ഷീഹാനിയ ഹെൽത്ത് സെന്റർ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെയും അൽ ജുമൈലിയ, അൽ കാബൻ, അൽ ഗുവൈരിയ, ഉം ബാബ് സെന്ററുകൾ 24 മണിക്കൂറും ഓൺ കോൾ അടിസ്ഥാനത്തിൽ പ്രവർത്തിക്കും. അൽ വക്ര ഹെൽത്ത് സെന്ററിലെ ഡെന്റൽ ക്ലിനിക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒഴികെ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയും വൈകുന്നേരം മൂന്നു മുതൽ രാത്രി ഒമ്പതു വരെയും സർവീസ് നടത്തും.

അതേസമയം ഷീഹാനിയ അൽ ഷമാൽ ഹെൽത്ത് സെന്ററുകളിലെ ഡെന്റൽ ക്ലിനിക്കുകൾ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മുടക്കമായിരിക്കും. അൽ ഖോറിൽ ശനിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ ഡെന്റൽ ക്ലിനിക്ക് പ്രവർത്തിക്കും. ഫാമിലി ആൻഡ് ന്യൂ ബോൺ ക്ലിനിക്കിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയും രജിസ്‌ട്രേഷൻ നടക്കും. ഈദ് അവധിയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ ഇവിടെ സേവനം ഉണ്ടായിരിക്കില്ല.