തിരുവനന്തപുരം: പി ടി ഉഷയുടെ ശിക്ഷ്യ കേരളത്തിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. 800 മീറ്ററിൽ പ്രതീക്ഷിച്ചതു പോലെ ദേശീയ ഗെയിംസിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കാൻ ടിന്റു ലൂക്കയ്ക്ക് സാധിച്ചു. അതും മീറ്റ് റെക്കോർടോടെ. 1997ൽ കർണാടകയുടെ റോസക്കുട്ടി സ്ഥാപിച്ച റെക്കോർഡാണ് ടിന്റു തിരുത്തിയത്. സമയം-(2.01.86). സ്വർണം പ്രതീക്ഷിച്ചിരുന്നതായി ടിന്റു പറഞ്ഞു. കാണികളുടെ പിന്തുണയും തന്റെ പ്രകടനത്തിൽ നിർണായകമായതായി ടിന്റു കൂട്ടിച്ചേർത്തു. നേരത്തെ 400 മീറ്റർ ഒഴിവാക്കിയാണ് ടിന്റു 800ൽ മത്സരിക്കാൻ ഇറങ്ങിയത്.

കേരളത്തിന്റെ തന്നെ സിനിമോൾ മാർക്കോസ് വെങ്കലം നേടി. സിനിക്ക് ഇത് വിടവാങ്ങൽ മത്സരമായിരുന്നു ഇത്. സ്വർണ്ണത്തോടെ വിടവാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സിനിമോൾ പറഞ്ഞു. പുരുഷന്മാരുടെ 800 മീറ്ററിലും കേരളം സ്വർണം നേടി. കേരളത്തിന്റെ സജീഷ് ജോസഫാണ് സ്വർണം നേടിയത്. കേരളത്തിന്റെ മുഹമ്മദ് അഫ്‌സലിന് വെങ്കലം ലഭിച്ചു. സർവീസസിന്റെ മലയാളി താരം ജിൻസൺ ജോൺസണാണ് വെള്ളി നേടിയത്.