നിങ്ങൾ ഓൺലൈൻ വഴി ചെക്കിങ് ചെയ്ത് വിമാനയാത്രയ്ക്ക് പുറപ്പെടുന്ന വ്യക്തിയാണോ? സീറ്റ് തിരഞ്ഞെടുക്കുമ്പോൾ അത് വിൻഡോ സീറ്റ് ആകണം എന്നുമാത്രമാണോ പരിഗണിക്കുന്നത്? എന്നാൽ അതുമാത്രം പോരെന്ന് ഈ പഠനം തെളിയിക്കുന്നു. വിമാനത്തിൽ ഏറ്റവും മികച്ച സീറ്റ് ലഭിക്കുന്നതിന് യാത്രക്കാർ പുറത്തെടുക്കുന്ന സൂത്രങ്ങൾവരെ ഈ പഠനം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. അസുഖം നടിക്കുന്നതുമുതൽ, വിമാനത്തിലെ ജീവനക്കാരെ മണിയടിക്കുന്നതുവരെയുള്ള സൂത്രപ്പണികൾ യാത്രക്കാർ പുറത്തെടുക്കാറുണ്ട്. 

ട്രാവൽ സെർച്ച് എൻജിനായ കയാക്കും ഏവിയേഷൻ എക്‌സ്‌പെർട്ടായ ഡാൻ എയറും ചേർന്നാണ് ഈ പഠനം നടത്തിയത്. ഡാൻ എയറിന്റെ അഭിപ്രായത്തിൽ, എ320 വിമാനത്തിലെ ഏറ്റവും മികച്ച സീറ്റ് 1 എയാണ്. കാലുനീട്ടിവെക്കാമെന്നതും വിമാനച്ചിറക് കാഴ്ചമറയ്ക്കാതെ വിൻഡോയിലൂടെ മികച്ച കാഴ്ച ലഭിക്കുമെന്നതും മാത്രമല്ല, 1എയെ വ്യത്യസ്തമാക്കുന്നത്. ഏറ്റവുമാദ്യം ഭക്ഷണവും മദ്യവും ലഭിക്കുന്നതും ഈ സീറ്റിലിരിക്കുന്നവർക്കായിരിക്കും.

എന്നാൽ, അതുകൊണ്ട് എല്ലാമായെന്ന് കരുതരുത്. എയർബസ്സിൽ ഏറ്റവും കൂടുതൽ തണുപ്പടിക്കുന്ന സീറ്റുകളിലൊന്ന് 1എയാണ് എന്നുമോർക്കണം. മറ്റൊന്ന് 1എഫ് ആണ്. ചില സൗകര്യങ്ങൾക്ക് പിന്നാലെ പോകുമ്പോൾ, മറ്റു ചില അസൗകര്യങ്ങൾ കാത്തിരിക്കുന്നുണ്ടാവും.

എമിറേറ്റ്‌സ്, സിംഗപ്പുർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ്, ഖത്തർ എയർവേസ് തുടങ്ങിയ വമ്പൻ വിമാനക്കമ്പനികൾ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോയിങ് 777 വിമാനത്തിൽ കഴിയുമെങ്കിൽ ഒഴിവാക്കേണ്ട ചില സീറ്റുകളുണ്ട്. വിമാനത്തിന് പിന്നിലുള്ള 44, 45 നിര സീറ്റുകളാണത്. മറ്റ് നിരകളെ അപേക്ഷിച്ച് ഈ സീറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് കാൽ നീട്ടിവെക്കാനുള്ള സൗകര്യമുണ്ടാകില്ല. മാത്രമല്ല, ടോയ്‌ലറ്റിനോട് ചേർന്നായതിനാൽ, നാറ്റമുൾപ്പെടെയുള്ള അസൗകര്യങ്ങളും കാത്തിരിക്കുണ്ടാവും.

വലിയ യാത്രകൾക്കൊരുങ്ങുമ്പോൾ, മികച്ച സീറ്റ് കിട്ടുന്നതിന് പലതരത്തിലുള്ള സൂത്രപ്പണികളും ചെയ്യാറുണ്ടെന്ന് കയാക്കും ഡാൻ എയറും ചേർന്ന് നടത്തിയ സർവേയിൽ പങ്കെടുത്ത യാത്രക്കാർ പറയുന്നു. പൊതുവെ ചെയ്യുന്ന പരിപാടികളിലൊന്ന് മറ്റു യാത്രക്കാരെ പിന്തള്ളി ക്യൂവിൽ മുൻനിരയിലെത്തി സീറ്റ് ഉറപ്പാക്കുകയെന്നതാണ്. അസുഖം നടിക്കലാണ് മറ്റൊരു രീതി. മൂന്നാമത്തേത്, ജീവനക്കാരെ മണിയടിച്ച് കാര്യം സാധിക്കലാണ്. ഒപ്പം കുട്ടികളുണ്ടെങ്കിൽ, അവരുടെ പേരുപറഞ്ഞ് നല്ല സീറ്റ് തരപ്പെടുത്തുന്നവരും കുറവല്ല.

ഓൺലൈനിലൂടെ സീറ്റ് ബുക്ക് തിരഞ്ഞെടുക്കുമ്പോൾ, കൂടുതൽ പേരും പരിഗണിക്കുന്നത് കാലുനീട്ടിവെക്കുകയെന്ന കാര്യത്തിനാണ്. സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും ഇതിനാണ് പ്രാമുഖ്യം കൽപിക്കുന്നത്. വിൻഡോ സീറ്റ് എന്ന പരിഗണന 39 ശതമാനം പേർ നൽകുന്നു. വലിയ ഒച്ചപാടില്ലാത്ത സ്ഥലം നോക്കുന്നവർ 27 ശതമാനമാണ്. ഹാൻഡ് ലഗേജ് എളുപ്പത്തിൽ എടുക്കുക (22 ശതമാനം), ഭക്ഷണവും മദ്യവും ആദ്യം കിട്ടുക (14), ബാത്ത് റൂമിന് അരികിൽ ഇരിക്കുക (14), ബാത്ത് റൂമിൽനിന്ന് അകന്നിരിക്കുന്ന (13), പവർ ചാർജർ ഉള്ളിടത്ത് ഇരിക്കുക (12) എമർജൻസി എക്‌സിറ്റിന് അരികിൽ ഇരിക്കുക (11) തുടങ്ങിയവയും സീറ്റ് തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായി പരിഗണിക്കപ്പെടാറുണ്ട്.