ദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാതെയല്ല ആരും മദ്യപിക്കുന്നത്. എന്നാൽ, അത് ഏതൊക്കെ തരത്തിലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മദ്യപിക്കണമെന്ന് തോന്നുമ്പോൾ, ഇക്കാര്യങ്ങൾ കൂടി ചിന്തിച്ചാൽ ചിലപ്പോൾ ആ ആഗ്രഹം തന്നെ ഇല്ലാതായേക്കാം. മദ്യപർ തീർച്ചയായും വായിച്ചിരിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ.

ആഘോഷങ്ങളുടെ കാലമാണിത്. ക്രിസ്മസും ന്യൂ ഇയറുമൊക്കെയായി എല്ലാ ദിവസവും ആഘോഷത്തിന്റെ ദിനങ്ങൾ. ബാറുകൾ ഫൈവ് സ്റ്റാറിൽ മാത്രമാണെങ്കിലും മലയാളിയുടെ ആഘോഷത്തിന് മദ്യമില്ലാതെ പൂർണതയില്ല. ഡിസംബറിൽ മദ്യോപഭോഗത്തിൽ ഗണ്യമായ വർധനയാണ് വരുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് വിത്തുപാകുന്ന കാലം കൂടിയാണിത്. മാത്രമല്ല, മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന വാഹനാപകടങ്ങളുടെയും എണ്ണം വർധിക്കും.

ആരോഗ്യകരമായ മദ്യപാനം എന്നൊന്നുണ്ട്. അതനുസരിച്ച് പുരുഷനും സ്ത്രീയ്ക്കും കഴിക്കാവുന്ന അളവുകളും വിദഗ്ദ്ധർ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ആഴ്ചയിൽ 14 യൂണിറ്റ് മദ്യവും പുരുഷന്മാർക്ക് 21 യൂണിറ്റ് മദ്യവുമാണ് യൂറോപ്യൻ സ്റ്റാൻഡേർഡ്. ഒരു യൂണിറ്റെന്നാൽ 25 എംഎൽ (40 ശതമാനം ആൽക്കഹോൾ ഉള്ള മദ്യം) മദ്യമാണ്. ഇന്ത്യൻ നിർമ്മിത മദ്യങ്ങളിലെ ആൽക്കഹോൾ 42.8 ശതമാനമാണ്. 14 യൂണിറ്റ് മദ്യം എന്നു പറയുമ്പോൾ, ഇന്ത്യൻ കണക്കനുസരിച്ച് ആറ് പെഗ്ഗോളം (ഒരു പെഗ്: 60 എം.എൽ) വരും. പുരുഷന്മാർക്ക് ഒരാഴ്ച ആരോഗ്യകരമായി കഴിക്കാവുന്ന അളവ് ഒമ്പത് പെഗ്ഗോളമേ ഉള്ളൂ.

ഒരു ദിവസം ഒന്നര പെഗ് മദ്യത്തിനപ്പുറം കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ മദ്യപർക്ക് ഈ കണക്കുകൾ സ്വീകാര്യമായിരിക്കില്ല. രാവിലെ മുതൽ തുടങ്ങുന്ന മദ്യപാനത്തിലൂടെ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് ഇവിടുത്തെ മുഴുക്കുടിയന്മാർ.

മദ്യപാനം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കും. വന്ധ്യത, ഗർഭഛിദ്രം തുടങ്ങി ശരീരത്തെ പലരീതിയിലും മദ്യപാനം ബാധിക്കുന്നുണ്ട്. മദ്യം ലൈംഗികതയെ ഉത്തേജിപ്പിക്കും എന്ന ധാരണ തീർത്തും തെറ്റാണ്. മദ്യപാനം കിടപ്പറയിൽ പുരുഷനെ തളർത്തുകയേ ഉള്ളൂ. കടുത്ത മദ്യപർക്ക് ഉദ്ധാരണശേഷി പോലും നഷ്ടപ്പെടാനിടയുണ്ട്.

ടെസ്റ്റോസ്‌റ്റെറോൺ ഹോർമോണിന്റെ ഉദ്പാദനം കുറയ്ക്കുമെന്നതാണ് മദ്യപാനത്തിന്റെ ദൂഷ്യവശം. ഇതുകൊണ്ടാണ് ലൈംഗിക ശേഷി നഷ്ടപ്പെടാൻ കാരണം. ബീജങ്ങളുടെ അളവിനെയും അത് കുറയ്ക്കും. വൃഷണങ്ങൾ ചുരുങ്ങുന്നതും മദ്യപാനത്തിന്റെ മറ്റൊരു അനന്തര ഫലമാണ്. ഷണ്ഡത്വത്തിലേക്ക് അത് നയിക്കും.

സ്ത്രീകളെയും മദ്യപാനം സാരമായി ബാധിക്കുന്നുണ്ട്. വന്ധ്യതയ്ക്കുള്ള സാധ്യത മദ്യം കൂട്ടും. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതിനാൽ, ആർത്തവ ചക്രത്തെപ്പോലും അത് ദോഷകരമായി ബാധിക്കും. ആരോഗ്യകരമായി മദ്യപിക്കുന്ന സ്ത്രീകൾക്കുപോലും ഗർഭധാരണം വൈകുന്നുണ്ടെന്ന് ഡെന്മാർക്കിൽ നടന്ന പഠനത്തിൽ തെളിഞ്ഞിരുന്നു. മുഴുക്കുടി ഗർഭധാരണശേഷിയെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് 2009-ൽ ഹാർവാർഡ് സർവകലാശാലയിൽ നടന്ന പഠനത്തിലും തെളിഞ്ഞു. ഗർഭഛിദ്രം സംഭവിക്കാനുള്ള സാധ്യതയും ഇത്തരക്കാരിൽ കൂടുതലാണ്. നേരത്തെ ആർത്തവം നിലയ്ക്കുന്നതിനും മദ്യപാനം കാരണമാകും.

അഞ്ചുതരത്തിലുള്ള കാൻസറിന് മദ്യം വഴിമരുന്നിടുന്നുണ്ട്. വായ, തൊണ്ട, കരൾ, വയറ്, സത്‌നം എന്നിവയിലെ കാൻസറിനാണ് മദ്യം കാരണമാകുന്നത്. യുകെ ടുബാക്കോ ആൻഡ് ആൽക്കഹോൾ സ്റ്റഡീസ് സെന്ററിലെ പ്രൊഫസ്സർ ലിൻഡ ബോൾഡിന്റെ അഭിപ്രായത്തിൽ മദ്യപരിൽ കാൻസറിന് സാധ്യത വളരെക്കൂടുതലാണ്. കാൻസറിന് കാരണമാകുന്നുവെന്നതിനാൽ, ബ്രിട്ടീഷ് പൗരന്മാർക്കുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളിൽ, ആരോഗ്യകരമായ മദ്യപാനത്തിന്റെ അളവ് അടുത്ത വർഷം മുതൽ കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

മദ്യം ശരീരത്തിൽ കടന്നാൽ, അത് അതിന്റെ അടിസ്ഥാനരൂപമായ എതനോളായി മാറും. കരളിൽവച്ചാണ് മദ്യം എതനോളാകുന്നത്. അപ്പോഴുണ്ടാകുന്ന അസെറ്റാൽഡിഹൈഡ് എന്ന വിഷവസ്തുവാണ് ശരീരത്തിന് ദോഷകരമാകുന്നത്. കോശങ്ങളുടെ ഡി.എൻ.എയെപ്പോലും തകരാറിലാക്കാൻ അസറ്റാൽഡിഹൈഡിനാകും. അതാണ് അർബുദ സാധ്യത കൂട്ടുന്നതെന്ന് ലിൻഡ ബോൾഡ് പറയുന്നു. ആഴ്ചയിൽ ഒരു കുപ്പി വൈൻ കുടിക്കുന്നയാൾക്ക് സ്തനാർബുദ സാധ്യത 10 ശതമാനം കൂടുതലാണെന്ന് വിദഗ്ദ്ധർ മു്ന്നറിയിപ്പ് നൽകുന്നു.

അസെറ്റാൽഡിഹൈഡിന്റെ അളവ് കരളിൽ കൂടുമ്പോഴാണ് കരളിന്റെ കോശങ്ങൾ ക്രമാതീതമായി വളരാൻ തുടങ്ങുന്നത്. ഇത് കാൻസറിന് കാരണമായി മാറും. കാൻസറിന് കാരണമായ മറ്റ് രാസവസ്തുക്കളുമായും മദ്യം എളുപ്പത്തിൽ പ്രവർത്തിച്ചുതുടങ്ങും. മദ്യപിക്കുമ്പോൾ വലിക്കുന്ന സിഗരറ്റ് കാൻസർ സാധ്യത കൂട്ടും. മദ്യം എളുപ്പത്തിൽ പ്രവർത്തിക്കാൻ സിഗരറ്റ് പുക കാരണമാകും.

മദ്യം കൊഴുപ്പടങ്ങിയ വസ്തുവാണ്. വെണ്ണയിലുള്ളത്ര കലോറി മദ്യത്തിലുമുണ്ട്. മദ്യത്തിലെ കൊഴുപ്പ് കരളിൽ തന്നെ അടിയുന്നു. സ്ഥിരം മദ്യപർക്ക് ഫാറ്റി ലിവർ പ്രശ്‌നം ഉണ്ടാകന്നത് അതുകൊണ്ടാണ്. ഫാറ്റി ലിവർ പതുക്കെ കരളിന്റെ പ്രവർത്തനം തന്നെ അപകടത്തിലാക്കുന്നു. ചിലരിൽ ഇത് ലിവർ സിറോസിസ് ആയും മാറും. അത്യന്തം മാരകമാണ് ഈ രോഗം.

മുഴുക്കുടിയന്മാരിലാണ് സിറോസിസ് സാധ്യത കൂടുതൽ. മുഴുക്കുടിയന്മാർക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കരളിന് നീർവീക്കം പോലുള്ള അവസ്ഥകൾ ഇതുവഴിയുണ്ടാകുന്നു.

നെഞ്ചത്ത് അണുബാധ വിട്ടൊഴിയാതെ നിൽക്കുമെന്നതാണ് കടുത്ത മദ്യപാനത്തിന്റെ മറ്റൊരു ദോഷവശം. ചെസ്റ്റ് ഇൻഫക്ഷനു പുറമെ, ന്യുമോണിക്കുള്ള സാധ്യതയും ഇത്തരക്കാരിൽ ഏറെയാണ്. പ്രതിരോധ സംവിധാനത്തെ മദ്യം തകർക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

കുടിയന്മാർക്ക് പെട്ടെന്ന് വയസ്സാകും എന്നത് അവരുടെ ജീവിതശൈലിയിലെ മാറ്റം കൊണ്ടുമാത്രമല്ല. മദ്യം തൊലിയുടെ മിനുസവും തിളക്കവും നഷ്ടപ്പെടുത്തി അവരെ വയോധികരാക്കി മാറ്റിുന്നതുകൊണ്ടാണ്. മദ്യപർക്ക് നിർജലീകരണം സംഭവിക്കുന്നതുകൊണ്ടാണ് ത്വക്കിൽ മാറ്റങ്ങളുണ്ടാകുന്നത്. വൈറ്റമിൻ സി, എ എന്നിവ നഷ്ടപ്പെടുത്തുമെന്നതിനാൽ, ത്വക്കിന് പരിസ്ഥിതിയിലെ മാറ്റങ്ങളുമായി യോജിക്കാനാവാത്ത സ്ഥിതിയും വരും.

രണ്ടെണ്ണം അകത്തുചെന്നാൽ എന്തും ചെയ്യാനുള്ള ധൈര്യം കൈവരുന്നതാണ് കുടിയന്മാരുടെ പ്രകൃതം. മദ്യം തലച്ചോറിലുണ്ടാക്കുന്ന രാസമാറ്റമാണ് ഇതിന് കാരണം. മാനസികാരോഗ്യം തകർക്കാൻ മദ്യത്തോളം പോന്ന മറ്റൊരു കാരണമില്ല. ആകാംഷ, വിഷാദ രോഗം എന്നിവയ്ക്ക് മദ്യം കാരണമാകുന്നു. ആത്മഹത്യാ പ്രവണത കൂട്ടുന്നതിനും മദ്യം കാരണമാകുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തെ നേരെ വിപരാതമാക്കുകയാണ് മദ്യം ചെയ്യുന്നത്. മുഴുക്കുടി ഓർമനാശത്തിലേക്കാണ് നയിക്കുക. ഏകാഗ്രത നഷ്ടമാവുക, ജോലിയിലുള്ള താത്പര്യം ഇല്ലാതാവുക എന്നിവയൊക്കെ മദ്യത്തിന്റെ സമ്മാനങ്ങളാണ്.

പാൻക്രിയാസിൽ നീർവീഴ്ച, എല്ലുകളുടെ ക്ഷയം, കടുത്ത രക്തസമ്മർദം, ഹൃദ്രോഗം എന്നിവയും മദ്യപാനം വഴിയുണ്ടകാം. ദിവസം രണ്ട് പെഗ് കഴിക്കുന്നവർക്ക് പോലും രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. മദ്യപരിൽ കോപം വർധിക്കുന്നത് രക്തസമ്മർദത്തിലുണ്ടാകുന്ന വ്യത്യാസം കൊണ്ടാണ്. കിഡ്‌നിയുടെ പ്രവർത്തനത്തെയും മദ്യം ചിലപ്പോൾ പ്രതികൂലമായി ബാധിക്കാറുണ്ട്.

അടിമുതൽ മുടിവരെ രോഗം മാത്രം സമ്മാനിക്കുന്ന കൂട്ടുകാരനാണ് മദ്യം. മദ്യപാനത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് പറയുന്നത് മദ്യത്തിന്റെ ഉയർന്ന വില കൊണ്ടുമാത്രമല്ല. മുഴുക്കുടി മനുഷ്യനെ നിത്യരോഗിയാക്കും എന്നതുകൊണ്ടുകൂടിയാണ്.