തിരൂർ: തുളസിയും മഞ്ഞളും ചേർത്ത പാനിയത്തിൽ വിഷവസ്തു കലർത്തി വീട്ടുകാരെ അബോധാവസ്ഥയിലാക്കിയ ശേഷം മോഷണം നടത്തിയ വീട്ടുവേലക്കാരി രക്ഷപെട്ടത് കെഎസ്ആർടിസി ബസിൽ. തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസിയിൽ രാവിലെ ഇവർ ആലിങ്ങലിൽ നിന്നും കയറിയതായി ജീവനക്കാർ പൊലീസിന് മൊഴി നൽകി.

വീട്ടുകാരുടെ ശരീരത്തിൽ ഉണ്ടായിരുന്ന 13 പവൻ സ്വർണാഭരണങ്ങൾ കൈയ്ക്കലാക്കിയായിരുന്നു ഇവർ കടന്നു കളഞ്ഞത്. പൊലീസിന് പോലും പിടിക്കൊടുക്കാത്ത തന്ത്രങ്ങളുമായിട്ടാണ് മാരിയമ്മയുടെ മോഷണവും നീക്കങ്ങളും. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് മാരിയമ്മയ്ക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് ഒരു സംഘം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മറ്റൊരു സംഘം, മലപ്പുറം ജില്ലയിലും അന്വേഷണം എന്ന നിലയിലാണ് മാരിയമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.

വീട്ടുകാരെ അബോധാവസ്ഥയിലാക്കാൻ മാരിയമ്മ നൽകിയതായി പറയപ്പെടുന്ന മരുന്നിന്റെ കാര്യത്തിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. മോഷണം നടന്ന വീട്ടിൽ നിന്നും മയക്കുമരുന്നിന്റെ ബാക്കി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മിനറൽ വാട്ടറിന്റെ കുപ്പിയിലായിരുന്നു ഈ മരുന്നു.

മരുന്ന് കോടതിയിൽ ഹാജരാക്കിയതിന് ശേഷം കോടതി നിർദേശപ്രകാരം ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കുവാനാണ് പൊലീസ് തീരുമാനം. വേഗത്തിൽ മുടി വളരും എന്ന് പറഞ്ഞായിരുന്നു ഈ പാനിയം വീട്ടുകാർക്ക് നൽകിയത്. കുടുംബനാഥൻ ഖാലിദ് വേണ്ടെന്ന് പറഞ്ഞപ്പോൾ മയക്കുമരുന്ന് ഇദ്ദേഹത്തിന് കാപ്പിയിൽ ഇട്ട് നൽകി. മാരിയമ്മയ്ക്കെതിരെ വിവിധ മോഷണ കേസുകൾ നിലനിൽക്കുന്നുണ്ട്.