പൃഥ്വിരാജ്-ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ടിയാൻ സിനിമയുടെ റിലീസ് നീട്ടി. ഈദ് റിലീസ് ആയി ജൂൺ 29നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കാത്തിരിക്കുന്നവരെ നിരാശയിലാക്കി ചിത്രത്തിന്റെ റിലീസ് വൈകുമെന്നാണ് വാർത്ത വരുന്നത്.

സെൻസർ ബോർഡിൽ പ്രദർശനാനുമതി ലഭിക്കാൻ വൈകിയതോടെയാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടിയാന്റെ റിലീസ് നീട്ടിയത്. ചിത്രം 29 ന് റിലീസ് ചെയ്യില്ല. സിനിമ ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റിയതായി സോഷ്യൽ മീഡിയ വഴി സിനിമയുടെ അണിയറ പ്രവർത്തകരാണ് അറിയിച്ചു.

തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെ സിനിമ റിലീസ് മാറ്റിയതായ വിവരം ആദ്യം പൃഥ്വിരാജാണ് അറിയിച്ചത്. പ്രേക്ഷകർക്കുണ്ടായ നീരസത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു താരം. സെൻസർ ബോർഡിൽ നിന്നും പ്രദർശനാനുമതി ലഭിക്കുന്നതിൽ ചെറിയ തടസമുണ്ടായെന്നും ഇതിനാലാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

സിനിമ റിലീസിന് മുന്നോടിയായുള്ള ഷോകൾ സംബന്ധിച്ച നടപടി ക്രമങ്ങളിലാണ് സെൻസർ ബോർഡിൽ വിലക്ക് വീണിരിക്കുന്നതെന്ന് പിന്നീട് മുരളി ഗോപി വ്യക്തമാക്കി.മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. നവാഗതനായ ജിയെൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിൽ അസ്ലൻ എന്ന കഥാപാത്രമായാണ് പൃഥിരാജ് എത്തുന്നത്.മുരളി ഗോപി, പത്മപ്രിയ, ഷൈൻ ടോം, അനന്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.