ആലപ്പുഴ: മുൻ സിപിഎം നേതാവ് ടി.കെ.പളനി ഇന്നു സിപിഐയിൽ ചേരും. സിപിഐ കഞ്ഞിക്കുഴി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് ആറിനു മുഹമ്മ വനസ്വർഗത്തിനു സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ.പളനി പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കുന്ന സമ്മേളനത്തിലെ പ്രാസംഗികരിൽ ടി.കെ.പളനിയുടെ പേരുമുണ്ട്. ചെങ്കൊടിക്ക് കീഴിൽ തന്നെ പ്രവർത്തിക്കണമെന്നുള്ളതു കൊണ്ടാണ് സിപിഐയിലേക്ക് പോകുന്നതെന്ന ടി.കെ.പളനി അറിയിച്ചു. അങ്ങനെ പളനി പടിയിറങ്ങുകയാണ്.

കഞ്ഞിക്കുഴിയിലെ മുതിർന്ന സിപിഎം നേതാവ് ടി.കെ. പളനി ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ടെന്ന് കരുതിയ നേതാവാണ് പളനി. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി വി എസ് അച്യൂതാനന്ദനെതിരെ പോരിനിറങ്ങിയ ടികെ പളനിക്ക് തുണയായിരുന്നത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷമായിരുന്നു. ആലപ്പുഴയിലെ വി എസ് പക്ഷത്തെ ഒതുക്കാൻ ഉപയോഗിച്ച വജ്രായുധം. ഈ നേതാവാണ് സിപിഐയിലേക്ക് ചുവടുമാറുന്നത്. ടിജെ ആഞ്ചോലോസിന് ശേഷം സിപിഎമ്മിനെ വിട്ട് വലതു കമ്മ്യൂണിസ്റ്റാകുന്ന ആലപ്പുഴയിലെ നേതാവ്. പാർട്ടിയിലെ വിഎസിന്റെ ശക്തനായ വിമർശകനാണ് ഇതോടെ പുറത്തേക്ക് പോകുന്നത്.

സിപിഎമ്മിൽ നിന്ന് അടുത്തകാലത്തു സിപിഐയിൽ ചേർന്ന പളനിയെ സിപിഐ മുഴുവൻ സമയ അംഗമായി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ശേഷം ആദ്യം നടക്കുന്ന പരിപാടിയാണിത്. മറ്റു പാർട്ടികളിൽ നിന്നു വരുന്ന പ്രവർത്തകരെ ആറു മാസം കാൻഡിഡേറ്റ് അംഗത്വത്തിലാണു സാധാരണ ഉൾപ്പെടുത്താറുള്ളത്. പാർട്ടി വിട്ടുപോകുന്നവരുടെ നേരെ സിപിഎമ്മിന്റെ സമ്മർദം വർധിച്ചതിനാലാണ് ഇത്തരം തീരുമാനമെടുക്കാൻ കാരണമെന്നു സിപിഐ നേതൃത്വം പറയുന്നു.

അതേ സമയം, സിപിഐയിൽ ടി.കെ.പളനിക്കു നൽകേണ്ട സ്ഥാനം സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. മുതിർന്ന നേതാവ് എന്ന പരിഗണന നൽകി ഉചിതമായ സ്ഥാനം നൽകാനാണ് ആലോചന. പളനിയോടൊപ്പം നാൽപതോളം പേരും സിപിഐയിലെത്താൻ തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ലോക്കൽ സമ്മേളനത്തിനു ശേഷം മതിയെന്ന തീരുമാനത്തിൽ നേതൃത്വം എത്തുകയായിരുന്നു.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഴയ മാരാരിക്കുളം മണ്ഡലത്തിൽ വി എസ്. തോറ്റപ്പോൾ മുതലുള്ള പോരാണ് മറനീക്കി പുറത്തുവന്നത്. 1996ൽ വി എസ് മാരാരിക്കുളത്തുനിന്നു മത്സരിച്ചപ്പോൾ അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.പളനിക്കും അന്തരിച്ച സി.കെ.ഭാസ്‌കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യചുമതല. ജയിച്ചാൽ വി എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. ജെ. ഫ്രാൻസീസിനോട് അപ്രതീക്ഷിതമായി വി എസ് തോറ്റു. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന പളനി പാർട്ടി നടപടിക്കു വിധേയനായി പത്തുവർഷത്തോളം പാർട്ടിക്കു പുറത്തുനിൽക്കേണ്ടിവന്നു.

പിന്നീട് ഏതാനും വർഷങ്ങൾക്കുമുമ്പാണു പളനിയെ പാർട്ടി തിരിച്ചെടുത്തത്. മാരാരിക്കുളം തെരഞ്ഞെടുപ്പ് സമയത്ത് വി എസ് പക്ഷക്കാരനായിരുന്ന പി.സാബു പാർട്ടിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പളനി പുറത്താക്കപ്പെട്ടത്. പി.സാബു കൃഷ്ണപിള്ള സ്മാരകം തകർത്തകേസിലെ രണ്ടാം പ്രതിയായിരുന്നു. ലതീഷ് ബി ചന്ദ്രനും പി.സാബുവുമടക്കം കേസിൽ പ്രതികളാക്കപ്പെട്ട അഞ്ചുപേരും വി എസ് അനുകൂലികളുമാണ്. ഇതോടെ പളനി പോരിനിറങ്ങി. നേരത്തെ പളനിയെ പാർട്ടിയിൽ വീണ്ടും സജീവമാക്കുന്നതിനെ വി എസ് എതിർത്തിരുന്നു. എന്നാൽ വിഎസിനോടുള്ള വിരോധം തീർക്കാൻ പിണറായിയുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. അപ്പോഴും പളനിയും വിഎസും ശത്രുക്കളായി തുടർന്നു.

ഒരു കാലത്ത് വിഎസിന്റെ വിശ്വസ്തനായിരുന്നു പളനി. വെട്ടിനിരത്തലിനും മറ്റും കൂടെ നിന്ന സഖാവ്. എന്നാൽ സിപിഎം-സിഐടിയു പോര് രൂക്ഷമായിരിക്കുമ്പോൾ പളനി അതീവ രഹസ്യമായി കൂറുമാറി. ഇതായിരുന്നു മാരിക്കുളത്ത് വിഎസിന് അടിതെറ്റാനുള്ള കാരണം. ഉറച്ച കോട്ടയിലെ വിഎസിന്റെ തോൽവി സിപിഎമ്മിനെ ഞെട്ടിച്ചു. കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്തതായിരുന്നു ഈ അട്ടിമറി. ഇതിന് പിന്നിൽ പളനിയാണെന്ന് വി എസ് തിരിച്ചറിഞ്ഞു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ആലപ്പുഴയിലെ വിഭാഗിയതയ്ക്ക് പുതിയ മാനം നൽകുന്നതായിരുന്നു ഇത്. പിന്നീട് വിഎസിനെ ഒതുക്കാൻ പളനിയെ തന്നെ ഔദ്യോഗിക പക്ഷം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ പുതിയ സമവാക്യങ്ങൾ ആലപ്പുഴയിലെത്തിയപ്പോൾ പളനിയെ ഒഴിവാക്കി.