പത്തനംതിട്ട: ശബരിമലയിൽ മുൻപ് സ്ത്രീകളുടെ പ്രവേശനത്തിന് തടസ്സമുണ്ടായിരുന്നില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഉപദേശക സമിതി നിയുക്ത ചെയർമാൻ ടി.കെ.എ നായർക്കും ഇതേ അഭിപ്രായമാണ്. സുപ്രീംകോടതിയിൽ നടക്കുന്ന സ്ത്രീ പ്രവേശന കേസിൽ ടികെ നായരുടെ മൊഴി അതിനിർണ്ണായകമാരും. ടികെ നായരെ ശബരിമല ഉപദേശക സമിതിയുടെ ചെയർമാനായി ടികെഎ നായരെ നിയമിച്ചത് വിവാദമായിരുന്നു. സ്ത്രീ പ്രവേശന കേസിൽ സർക്കാരിന് അനുകൂല നിലപാട് എടുക്കാമെന്ന ഉറപ്പാണ് ടികെഎ നായരെ സ്ഥാനത്ത് എത്തിച്ചതെന്നാണ് ഇപ്പോഴുയരുന്ന വാദം.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പോകാൻ അനുവദിക്കണമെന്നാണ് ഇടത് സർക്കാരിന്റെ നീക്കം. ഇതിന് പുതിയ തലം നൽകുകയാണ് ടികെഎ നായരുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയായിരിക്കെ മന്മോഹൻ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ടികെഎ നായർ. ഇടത് സർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കും വിധം അതിനിർണ്ണായക വെളിപ്പെടുത്താണ് നായർ ഇപ്പോൾ നടത്തുന്നത്. മുൻകാലങ്ങളിൽ സൗകര്യവും സാഹചര്യവുമുള്ള സ്ത്രീകൾ ശബരിമലയിൽ പോയിരുന്നു. രാജകുടുംബത്തിലെ സ്ത്രീകൾ ശബരിമലയിൽ പോയിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു. ഇതിനെ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ടികെഎ നായരുടെ വെളിപ്പെടുത്തൽ.

തന്റെ ഒന്നാം പിറന്നാളിന് അച്ഛനും അമ്മയ്ക്കും അമ്മാവനുമൊപ്പം ശബരിമലയിൽ പോയിരുന്നുവെന്നും അമ്മയുടെ മടിയിൽ ഇരുന്നാണ് തന്നെ ചോറൂട്ടിയതെന്നും ടികെഎ നായർ പറയുന്നു. പന്തളം രാജാവിന്റെ നിർദ്ദേശപ്രകാരമാണ് അച്ഛനും അമ്മയും തന്നെ ശബരിമലയിൽ കൊണ്ടുപോയത്. താൻ ജനിച്ച 1939 നവംബറിന് ഒരു വർഷം കഴിഞ്ഞായിരുന്നു ശബരിമലയിൽ ദർശനം നടത്തിയത്. എന്തിന്റെ പേരിലായാലും സ്ത്രീ പുരുഷ അസമത്വത്തിൽ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടികെഎ നായരുടെ വെളിപ്പെടുത്തലും ഇനി സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്ക് സർക്കാർ കൊണ്ടു വരും. ഇതോടെ സ്ത്രീ പ്രവേശന കേസിന് പുതിയ മാനങ്ങൾ വരികയാണ്.

ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിക്ക് തോന്നേണ്ട കാര്യമാണ്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാനാകില്ലെന്നും ടി.കെ.എ നായർ പറഞ്ഞു. അതിന് പ്രത്യേക വേദമോ ശാസ്ത്രമോ പാണ്ഡിത്യമോ ഒന്നും ആവശ്യമുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് ടികെഎ നായർ ചെയർമാനായി സർക്കാർ ഉപദേശക സമിതി കഴിഞ്ഞയാഴ്ചയാണ് രൂപീകരിച്ചത്. റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ടികെഎ നായർ ഡോ. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.

റിട്ടയർഡ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി എം. മനോഹരൻ, പ്രശസ്ത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ, റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ടി ബാലകൃഷ്ണൻ, റിട്ടയർഡ് ഐപിഎസ് ഉദ്യോഗസ്ഥനായ കെ പി സോമരാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബൃഹദ് പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഈ സമിതിയുടെ തലപ്പത്ത് ടികെഎ നായരെ നിയമിച്ചതിനെതിരെ എതിർപ്പുകൾ ശക്തമായിരുന്നു. കോൺഗ്രസുകാരനായ ആളെ എന്തിന് ഇടത് സർക്കാർ നിർണ്ണായക പദവിയിൽ നിയമിച്ചുവെന്നതായിരുന്നു പ്രധാന ആക്ഷേപം. ഇത് സിപിഎം സൈബർ പോരാളികളും ചർച്ചയാക്കി. ഇതിനിടെയാണ് നിർണ്ണായക വിഷയത്തിൽ ഇടത് സർക്കാരിന് അനുകൂലമായി നിർണ്ണായക വെളിപ്പെടുത്തൽ ടികെഎ നായർ നടത്തുന്നത്.

ശബരിമല ക്ഷേത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം വീണ്ടും മാറ്റിയിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വംബോർഡ് പ്രസിഡന്റായിരിക്കേ ശബരിമലയെ അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പേര് മാറ്റിയിരുന്നു. ഈ നടപടി റദ്ദാക്കി ഇന്നലെ ശ്രീധർമ്മശാസ്താക്ഷേത്രമെന്ന് പേര് തിരികെ കൊണ്ടുവന്നിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലനിന്നിരുന്ന കേസിൽ ബോർഡിന് അനുകൂല വിധി കിട്ടുന്നതിന് വേണ്ടിയാണ് ഇപ്രകാരം കഴിഞ്ഞ ഭരണസമിതി പേര് മാറ്റിയതെന്നായിരുന്നു കടകംപള്ളി ആരോപിച്ചിരുന്നത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം അരുതെന്ന നിലപാടാണ് ഇടത് സർക്കാരിന്റേത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ഭരണഘടനാബഞ്ചിന് വിട്ടത്. സ്ത്രീകൾക്കുള്ള നിയന്ത്രണം ലിംഗ വിവേചനമാണോയെന്നും, ക്ഷേത്രപ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുതയും ബെഞ്ച് പരിഗണിക്കും. 10നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനമില്ലാതാക്കൽ, മത സ്വാതന്ത്ര്യം എന്നീ ഭരണഘടനാ തത്വങ്ങളുടെ ലംഘനമോ? സ്ത്രീകൾക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് അനിവാര്യമായ മതാചാരണമാണോ? നിലവിലെ നിയന്ത്രണം ശരിവെച്ച 1991ലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്ത സാഹചര്യത്തിൽ ഇപ്പോഴത്തെ റിട്ട് ഹർജി നിയമപരമായി നിലനിൽക്കുമോ?

ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കാൻ ആകുമോ? അങ്ങനെയെങ്കിൽ സ്ത്രീപ്രവേഷണത്തിനുള്ള നിയന്ത്രണം നിലനിൽക്കുമോ? ഒരു പൊതു ആരാധനാലായത്തിന് ധാർമികതയുടെ പേരിൽ സ്ത്രീ പ്രവേശനത്തിന് വിലക്കേർപ്പെടുത്താൻ കഴിയുമോ? വിലക്കിന് ആധാരമായ കേരള ഹിന്ദു ആചാര നിയമത്തിലെ ചട്ടം 3 (ബി) മൗലികാവകാശങ്ങളുടെ ലംഘനമോ? തുടങ്ങിയ വിഷയങ്ങളിൽ ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപ്പിക്കും. ശബരിമലയിലെ സ്ത്രീപ്രവേശന ആവശ്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണയ്ക്ക് വിടണമെന്ന് തിരുവിതാംകൂർ ദേവസം ബോർഡ് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.