തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിൽ ടി.കെ.എ നായർ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) ചെയർമാൻ സ്ഥാനം ഒഴിയുന്നു. കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെയർമാന്മാർക്ക് സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രായപരിധി നിശ്ചയിച്ചതിനെ തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്. 

1999-ൽ പബ്ലിക് എന്റർെ്രെപസസ് സെലക്ഷൻ ബോർഡ് അംഗവും പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് 1963ലെ പഞ്ചാബ് കേഡർ ഐഎഎസ്സുകാരനായ ടി.കെ.എ.നായർ കെഎസ്‌ഐഡിസി ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ സേവന കാലഘട്ടത്തിലാണ് കോർപ്പറേഷൻ അതിദ്രുതം വളർന്നതും സംസ്ഥാനത്തിന്റെ വികസനത്തിന് വഴികാട്ടികളായ ഒട്ടേറെ പദ്ധതികളിൽ പങ്കാളികളായതും. കൊച്ചി രാജ്യാന്തര വിമാനത്താവളം, ഐഐഐടിഎംകെ, നിർദ്ദിഷ്ട എൽഎൻജി ടെർമിനൽ തുടങ്ങിയവ അവയിൽ ചിലതുമാത്രം. ടി.കെ.എ നായരുടെ ഊർജ്ജസ്വലമായ നേതൃത്വവും വിശാലമായ പ്രവൃത്തിപരിചയവും സംസ്ഥാനത്തിന്റെയും കോർപ്പറേഷന്റെയും വളർച്ചയ്ക്കു നൽകിയ സംഭാവന വളരെ വലുതാണ്.

ജപ്പാൻ പ്രധാനമന്ത്രിയുടെ 'ദി ഓർഡർ ഓഫ് ദി റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ' പുരസ്‌കാരം സമീപകാലത്താണ് ടി.കെ.എ. നായരെ തേടിയെത്തിയത്. ജപ്പാനിലെ ഇംപീരിയൽ പാലസിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ മെയ് എട്ടിനായിരുന്നു പുരസ്‌കാര വിതരണം. ഇൻഡോജാപ്പനീസ് ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ഇരുരാജ്യങ്ങളുടെയും സുസ്ഥിര പങ്കാളിത്തത്തിന്റെ ഉത്തമോദാഹരണങ്ങളാകുകയും ചെയ്യുന്ന ഒരുപിടി പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിലായിരുന്നു ഈ പുരസ്‌കാരം. അടിസ്ഥാനസൗകര്യവികസന രംഗത്ത് വഴികാട്ടികളായി മാറിയ ഡൽഹി മുംബൈ ബഹുവിധ ചരക്ക് ഗതാഗത ഇടനാഴിയും ഡൽഹി മുംബൈ വ്യാവസായിക ഇടനാഴിയും ചെന്നൈ ബംഗളൂരു വ്യാവസായിക ഇടനാഴിയുമെല്ലാം ഇതിൽ ഉൾപ്പെടും.