- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവയിൽ ചുവടുറപ്പിക്കാൻ തന്ത്രങ്ങളുമായി തൃണമൂൽ കോൺഗ്രസ്; മാസം തോറും സ്ത്രീകൾക്ക് 5000 രൂപ ലഭിക്കുന്ന 'ഗൃഹലക്ഷ്മി' പദ്ധതി അവതരിപ്പിച്ചു
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ സ്ത്രീ ശാക്തീകരണ പരിപാടികൾക്ക് തുടക്കമിട്ട് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകൾക്ക് 5000 രൂപ നേരിട്ട് കൈമാറാൻ സഹായിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി അവതരിപ്പിച്ചു.
മാസം തോറും സ്ത്രീകൾക്ക് 5000 രൂപ നേരിട്ട് ലഭിക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ വർഷം തോറും 60,000 രൂപ ലഭിക്കും. പദ്ധതിയിലൂടെ സർക്കാറിന് ഏകദേശം 1500 മുതൽ 200 കോടി വരെ ചെലവാകുമെന്നും തൃണമൂൽ അറിയിച്ചു.
2021ലെ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും സമാനപദ്ധതി തൃണമൂൽ കോൺഗ്രസ് അവതരിപ്പിച്ചിരുന്നു. ലഖിർ ബന്ദർ പദ്ധതിയിൽ എസ്.സി/എസ്.ടി കുടുംബങ്ങൾക്ക് മാസം തോറും 1000 രൂപ വീതവും മറ്റു വിഭാഗങ്ങളിലെ സ്ത്രീകൾക്ക് 500 രൂപ വീതവും ലഭിക്കും.
ഗോവയിൽ സ്ത്രീ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് തൃണമൂലിന്റെയും കോൺഗ്രസിന്റെയും നീക്കം. മമത ബാനർജി ഗോവയിലെത്തി പ്രചാരണ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ ക്യാമ്പ് ചെയ്തിരുന്നു.
ഗോവയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജോലികളിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. കൂടാതെ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തുന്നുണ്ട്. കുടിവെള്ളക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു
ബിജെപിയുടെ മുൻ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടിയുമായി തൃണമൂൽ സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയതലത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്നോടിയാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഖ്യത്തിലേർപ്പെടുന്നത്. തൃണമൂൽ കൂടുതൽ ശ്രദ്ധ നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.
2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോഴും എംജിപി അടക്കമുള്ള ചെറുപാർട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ബിജെപി ഗോവയിൽ അധികാരം പിടിച്ചത്. 2007ൽ കോൺഗ്രസ് സഖ്യത്തിലായിരുന്നു എംജിപി. എന്നാൽ 2017ൽ മൂന്ന് എംഎൽഎമാരുമായി ബിജെപിക്കൊപ്പം കൂടിയ എംജിപിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും കിട്ടി. രണ്ട് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെ പാർട്ടിയുടെ അംഗബലം ഒന്നായി ചുരുങ്ങുകയായിരുന്നു.
ന്യൂസ് ഡെസ്ക്