കൊൽക്കത്ത: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ പ്രസംഗം. മോദിക്കു ഭീകരരുമായി ബന്ധമുണ്ടെന്നാണു തൃണമൂൽ നേതാവ് ഐഡ്രിസ് അലി പറഞ്ഞത്.

സംഭവം വിവാദമായതോടെ പാർട്ടി നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. ബംഗാൾ നിയമസഭാ സമിതി അംഗമാണ് ഐഡ്രിസ് അലി.

മോദിയുടെ ലഹോർ സന്ദർശനത്തിനു പിന്നാലെ പത്താൻകോട്ടിൽ ഭീകരാക്രമണം നടന്നത് മോദിക്ക് ഭീകരരുമായി ബന്ധമുണ്ടെന്നാണ് അലിയുടെ പരാമർശം. മോദിക്ക് ഭീകരരുമായി ബന്ധമുണ്ടെന്നാണ് താൻ കരുതുന്നത്. അതുകൊണ്ടായിരിക്കാം പത്താൻകോട്ട് ആക്രമണം നടന്നത്. അദ്ദേഹം പാക്കിസ്ഥാൻ സന്ദർശിച്ചതിനു തൊട്ടുപിന്നാലെ ആക്രമണം നടന്നത് എന്തുകൊണ്ടാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അലി പറഞ്ഞു.

എന്നാൽ അലിയുടെ പരാമർശം തള്ളി തൃണമൂൽ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിവാദ പരാമർശത്തെ അപലപിച്ച പാർട്ടി, ഇത് അനാരോഗ്യകരമായ പ്രവണതയാണെന്നും ഇത്തരം കാഴ്ചപ്പാടുകൾ പാർട്ടി വച്ചുപുലർത്തില്ലെന്നും അറിയിച്ചു. പരാമർശത്തിൽ അലിയുടെ വിശദീകരണം തേടിയതായും പാർട്ടി വ്യക്തമാക്കി.

മോദിക്കെതിരായ പരാമർശത്തിനു പുറമേ അലി സിപിഐ(എം) നേതാവ് ഗൗതം ദേബിനെ ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രവർത്തിച്ചാൽ അവയവങ്ങൾ വെട്ടിമാറ്റുമെന്നും അലി ഭീഷണിപ്പെടുത്തി. മമതയെ ജയിലിലടയ്ക്കുമെന്നാണ് ദേബ് പറയുന്നത്. അതു പറയാൻ അയാൾ ആരാണ്. വീണ്ടും മമതയ്‌ക്കെതിരെ പ്രവർത്തിച്ചാൽ അയാളുടെ അവയവങ്ങൾ വെട്ടിമാറ്റി ജയിലിൽ പോകുമെന്നാണ് തനിക്കു പറയാനുള്ളതെന്നുമായിരുന്നു ഭീഷണി പ്രസംഗം.