അഗർത്തല: ത്രിപുരയിൽ സ്പീക്കറുടെ അധികാര ദണ്ഡുമെടുത്തോടി തൃണമൂൽ എംഎൽഎയുടെ പരാക്രമം. ഒരു മന്ത്രിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തെ തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിനു പിന്നാലെയാണു നാടകീയ സംഭവങ്ങളുണ്ടായത്.

ആരോപണത്തിൽ ചർച്ച വേണമെന്ന ആവശ്യം ഉയർത്തി പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നതിനിടെയാണു സംഭവം. തൃണമൂൽ കോൺഗ്രസ് എംഎൽഎ സ്പീക്കറുടെ അധികാര ദണ്ഡെടുത്ത് പുറത്തേക്കോടി. തുടർന്ന് നിയമസഭ നടപടികൾ തടസ്സപ്പെടുകയും ചെയ്തു.

ബഹളത്തിനിടെ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി. വനം മന്ത്രി നകേഷ് ജമാതിയക്കെതിരെ മുദ്രാവാക്യം വിളിക്കാനും തുടങ്ങി. ഇതിനിടെയായിരുന്നു തൃണമൂൽ കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബെർമൻ സ്പീക്കറുടെ അധികാര ദണ്ഡുമെടുത്ത് പുറത്തേക്കോടിയത്. ദണ്ഡുമെടുത്ത് പുറത്തേക്കോടിയ നേതാവിനെ വാച്ച് ആൻഡ് വാർഡ് പിടികൂടി. ത്രിപുര നിയമ സഭയിൽ നിന്ന് ഇത് മൂന്നാ തവണയാണ് അംഗങ്ങൾ അധികാരദണ്ഡുമെടുത്ത് ഓടുന്നത്.