- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പല 'പ്രമുഖരും' തോറ്റു; പാർട്ടിയിൽ ചേക്കേറിയ നേതാക്കളെ കുറ്റപ്പെടുത്തി സംസ്ഥാന അധ്യക്ഷൻ; ബിജെപിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് ദിലീപ് ഘോഷ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മമത ബാനർജിയോട് കലഹിച്ച് ബിജെപിയിൽ ചേക്കേറിയ പല പ്രമുഖ നേതാക്കൾക്കും ദയനീയ തോൽവി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ നേതാക്കളാണ് ജനവധിയിൽ മൂക്കുകുത്തി വീണത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു. മന്ത്രിമാരും എംപിമാരും എംഎൽഎമാരുമടക്കം ഇതിലുണ്ടായിരുന്നു.
ഇനി നേതാക്കളെ 'എടുക്കുന്നില്ലെ'ന്ന് ഒരു ഘട്ടത്തിൽ ബിജെപി നേതൃത്വത്തിന് പറയേണ്ടിയും വന്നു. തൃണമൂൽ വിട്ടു വന്ന നേതാക്കളായിരുന്നു പലയിടത്തും ബിജെപി. സ്ഥാനാർത്ഥികൾ. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇവരിൽ ബഹുഭൂരിപക്ഷവും തോറ്റു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മമത മന്ത്രിസഭയിൽ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനർജി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. ഹൗറയിലെ ദൊംജുറിൽ മത്സരിച്ച രാജീവ് ബാനർജി തൃണമൂലിലെ കല്യാൺ ഘോഷിനോട് 42,512 വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ തവണ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ചിരുന്നപ്പോൾ രാജീവ് ബാനർജിക്ക് ഒരു ലക്ഷത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
വൈശാലി ദാൽമിയ മുതൽ മുൻ ഹൗറ മേയർ റതിൻ ചക്രവർത്തി വരെ തോറ്റ മുൻ തൃണമൂൽ നേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറിൽ മിഹിർ ഗോസ്വാമി, ബിഷ്ണുപുറിൽ തന്മയ് ഘോഷ്, റണഘട്ട് നോർത്ത് വെസ്റ്റിൽ പാർത്ഥ സാരതി ചാറ്റർജി തുടങ്ങിയവർ മാത്രമാണ് ജയിച്ചു കയറിയ മുൻ തൃണമൂൽ നേതാക്കൾ.
നന്ദിഗ്രാമിൽ 2016-ൽ 81,230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂൽ ടിക്കറ്റിൽ സുവേന്ദു അധികാരി ജയിച്ചത്. എന്നാലിത്തവണ ഭൂരിപക്ഷം 1956 ആയി.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് തൃണമൂൽ വിട്ട് പാർട്ടിയിൽ ചേർന്ന നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തി. തൃണമൂലിൽനിന്ന് ബിജെപിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് തോന്നുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
ബിജെപി ഉയർത്തിയ ഭീഷണിയെ മറികടന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 212 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്. 77 സീറ്റുകൾ നേടിയ ബിജെപി മുഖ്യപ്രതിപക്ഷമാകും. തുടർച്ചയായി രണ്ടാം തവണയാണ് തൃണമൂൽ കോൺഗ്രസിന് നിയമസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക്