കൊൽക്കത്ത: മോദി പ്രഭാവമായിരുന്നു അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രധാന ചർച്ചാവിഷയം. എവിടെ മത്സരിച്ചാലും ബിജെപി ജയിക്കുന്നു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടാണ് തുടർച്ചയായ ജയങ്ങൾക്കു പിന്നിലെന്നുവരെ ആരോപണം ഉയർന്നു. ഉത്തർപ്രദേശ് അടക്കം അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്തിടെ നടന്ന ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും വൻ വിജയമാണ് ബിജെപി നേടിയത്. എന്നാൽ മോദിയുടെ മുന്നേറ്റത്തിനു ബംഗാളിൽ തടയിട്ടിരിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനർജിയും അവർ നേതൃത്വം നല്കുന്ന ത്രിണമൂൽ കോൺസും.

ബംഗാൾ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏഴിൽ നാലു നഗരസഭകളും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പിടിച്ചു. ഗൂർഖാലാൻഡ് എന്ന പേരിൽ പ്രത്യേക സംസ്ഥാനത്തിനായി വാദിക്കുന്ന ഗൂർഖാ ജന്മുക്തി മോർച്ച(ജിജെഎം)യും ബിജെപിയും ചേർന്നുള്ള സഖ്യത്തിന് മൂന്നു സഗരസഭകളിലേ അധികാരത്തിലെത്താനായുള്ളൂ. തെരഞ്ഞെടുപ്പു നടന്ന പർവത മേഖല ജിജെഎമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഇവിടെ നാലിടത്ത് അധികാരം പിടിക്കാനായത് തൃണമൂൽ കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ബംഗാൾ പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ അമിത് ഷായുടെ ബിജെപി ഏഴു നഗരസഭകളിൽ വെറും മൂന്നു സീറ്റുകളിൽ ഒതുങ്ങി. ബിജെപിക്കു മാത്രമല്ല, ഒരുകാലത്ത് സംസ്ഥാനം അടക്കി ഭരിച്ചിരുന്ന ഇടതുപക്ഷത്തിനും കോൺഗ്രസിനും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇടതുപാർട്ടികൾ രണ്ടു സീറ്റിലും കോൺഗ്രസ് നാലു സീറ്റിലും മാത്രമാണ് ജയിച്ചത്.

അമിത് ഷായും ബിജെപിയും സ്വപ്‌നത്തിൽ കാണാത്ത തിരിച്ചടിയാണ് ബംഗാളിൽ ലഭിച്ചിരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളും കേരളവും പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ കരുക്കൾ നീക്കുന്നത്. ബിജെപിയുടെ വളർച്ച പൂർണമാകണമെങ്കിൽ കേരളത്തിലും ബംഗാളിലും പാർട്ടിക്ക് നിർണായക സ്വാധീനമുണ്ടാകണമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷന്റെ കണക്കുകൂട്ടൽ. ഇതിനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ബംഗാളിൽനിന്ന് അപ്രതീക്ഷിത തിരിച്ചടി ബിജെപിക്കു ലഭിച്ചിരിക്കുന്നത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കുകയെന്ന ലക്ഷ്യമിട്ട് ബിജെപി മാസങ്ങളായി ഇവിടെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ആദ്യഘട്ടമായാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പിനെ കണ്ടത്. അമിത് ഷാ സംസ്ഥാനത്ത് തമ്പടിച്ച് വിസ്റ്റാർ യാത്ര എന്ന പേരിൽ ഏപ്രിൽ 25ന് റാലി നടത്തുകയും ചെയ്തിരുന്നു. ഇതിനു പുറമേ ആദിവാസി വീടുകൾ സന്ദർശിക്കുകയും ബൂത്ത് ലെവലിൽ ഓരോ വീടുകളും ലക്ഷ്യമിട്ട് കാമ്പെയ്ൻ നടത്തുകയും ചെയ്തിരുന്നു. ഇതിനു പുറമേ തൃണമൂൽ സർക്കാറിനെ ലക്ഷ്യമിട്ട് അഴിമതി ആരോപണങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ കൊണ്ടൊന്നും വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.

ബംഗാളിലെ ഹിൽസ് മേഖലയിലെ കുർസിയോങ്, ഡാർജീലിങ്, മൃക്, കാലിംപോങ്, പുജാലി, രായ്ഗഞ്ച്, ദോംകൽ എന്നീ മുനിസിപ്പാലിറ്റികളിലേക്ക് ഞായറാഴ്ചയാണു തെരഞ്ഞെടുപ്പ് നടന്നത്. ഹിൽസ് മേഖല ജിജെഎമ്മിന്റെ ശക്തികേന്ദ്രമാണ്. എന്നിട്ടും ഇവിടുത്തെ നാലു മുനിസിപ്പാലിറ്റികളിൽ വിജയിക്കാനായത് തൃണമൂലിന്റെ ശക്തിയും ആത്മവിശ്വാസവും വർധിപ്പിച്ചു. മൃക്കിൽ തൃണമൂലിന്റെ വിജയം ചരിത്രമാണ്. ആദ്യമായാണ് സമതലത്തിലെ ഒരു പാർട്ടി ഇവിടെ അധികാരം പിടിക്കുന്നത്.

ഏഴ് നഗരസഭകളിലേക്കുമായി 148 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ, തൃണമൂൽ കോൺഗ്രസ് 66 സീറ്റും ജിജെഎം 70 സീറ്റും നേടി. ബംഗാൾ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപിക്ക് ഏഴ് നഗരസഭകളിലുമായി മൂന്ന് സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇടതുപാർട്ടികൾ രണ്ടു സീറ്റിലും കോൺഗ്രസ് നാലു സീറ്റിലും ജയിച്ചു.

തൃണമൂൽ കോൺഗ്രസ് വിജയിച്ച നഗരസഭകൾ
മൃക്ക് (9 സീറ്റ്): തൃണമൂൽ കോൺഗ്രസ് 6, ഗൂർഖ ജന്മുക്തി മോർച്ച 3
ഡോംകൽ( 21 സീറ്റ്): തൃണമൂൽ കോൺഗ്രസ് 18, ഇടതുപക്ഷം 2, കോൺഗ്രസ് 1
പുജ്ലി(16 സീറ്റ്): തൃണമൂൽ കോൺഗ്രസ് 12, ബിജെപി 2, കോൺഗ്രസ് 1, മറ്റുള്ളവർ 1
റായ്ഗാൻജ് (27 സീറ്റ്): തൃണമൂൽ കോൺഗ്രസ് 24, കോൺഗ്രസ് 2, ബിജെപി 1

ഗൂർഖാ ജന്മുക്തി മോർച്ച വിജയിച്ച നഗരസഭകൾ
ന്മ ഡാർജിലിങ് (32 സീറ്റ്): ഗൂർഖ ജന്മുക്തി മോർച്ച 31, തൃണമൂൽ കോൺഗ്രസ് 1
ന്മ കുർസേങ് (20 സീറ്റ്): ഗൂർഖ ജന്മുക്തി മോർച്ച 17, തൃണമൂൽ കോൺഗ്രസ് 3
ന്മ കലിംപോങ് ( 23 സീറ്റ്): ഗൂർഖ ജന്മുക്തി മോർച്ച 19, തൃണമൂൽ കോൺഗ്രസ് 2, മറ്റുള്ളവർ 2

ബംഗാളിലെ ജനങ്ങൾ മമത ബാനർജിയുടെ വികസന നയങ്ങൾക്ക് വിശ്വാസമർപ്പിച്ചുവെന്നതിന്റെ തെളിവാണ് നാലു നഗരസഭകളിലെ ജയമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു. തുടർച്ചയായി പർവതപ്രദേശങ്ങൾ സന്ദർശിക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്ന മമതയെ ജനങ്ങൾ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണെന്ന് തൃണമൂൽ നേതാവ് പാർഥ ചാറ്റർജി പറഞ്ഞു.

എന്നാൽ, പർവതമേഖലകളിലെ നഗരസഭകളിൽ വലിയ വിജയം നേടാൻ സാധിച്ചുവെന്ന് ഗൂർഖ ജന്മുക്തി മോർച്ച അവകാശപ്പെട്ടു. ഗൂർഖാലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം തെളിയിക്കുന്നതാണ് പർവതമേഖലകളിലെ ജനങ്ങളുടെ വിധിയെഴുത്തെന്നും ജിജെഎം നേതാവ് പ്രതികരിച്ചു. മൃക്ക് ചെറിയ നഗരസഭയാണെന്നും തോൽവി തിരിച്ചടിയല്ലെന്നുമാണ് ജിജെഎമ്മിന്റെ വാദം.